ക്രിസ്റ്റ വാങ്ങിയാൽ ഇതൊന്നും കിട്ടില്ല കേട്ടോ, മഹീന്ദ്രയുടെ 7-സീറ്റർ എസ്‌യുവിയിലേക്ക് വരുന്ന മാറ്റങ്ങൾ അറിഞ്ഞോ
രണ്ട് പതിറ്റാണ്ടിന് മുകളിലായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട എസ്‌യുവിയായി അരങ്ങുവാഴുന്ന വണ്ടിയാണ് മഹീന്ദ്ര സ്കോർപിയോ. ഇന്ന് രണ്ടാംതലമുറ ആവർത്തനത്തിലാണുള്ളതെങ്കിലും ആദ്യതലമുറ മോഡലും വാങ്ങാൻ ഇവിടെ ആളുണ്ടെന്നത് രസകരമായ കാര്യമാണ്. എസ്‌യുവികളിലെ ബിഗ് ഡാഡി എന്ന വിശേഷണമുള്ള ഐക്കണിക് വാഹനം ശരിക്കുമൊരു ഫാമിലി കാറാണ്. അന്യായ ലുക്കും അഡാറ് ഫീച്ചറുകളും ഒടുക്കത്തെ സേഫ്റ്റിയുമെല്ലാമായി വരുന്ന സ്കോർപിയോ N മോഹിക്കാത്ത വണ്ടിപ്രേമികളുണ്ടാവില്ലല്ലോ. ഓരോ മാസവും പതിനായിരക്കണക്കിന് സ്കോർപിയോകളാണ് നമ്മുടെ നിരത്തുകളിൽ എത്തുന്നതും. ഇതുവരെ കാര്യമായ കുറ്റങ്ങളും കുറവുകളുമൊന്നും ആരും പറഞ്ഞുകേൾക്കാത്ത മോഡൽ കൂടിയാണിത്.
എന്നാൽ ഇപ്പോഴിതാ സകോർപിയോയെ കൂടുതൽ കിടിലമാക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്രയിപ്പോൾ. നിലവിൽ എസ്‌യുവിയിലില്ലാത്ത ചില ഫീച്ചറുകൾ കൂട്ടിച്ചേർത്ത് ഉത്സവ സീസണോടെ രാജ്യത്തിന് സമ്മാനിക്കാനാണ് കമ്പനിയുടെ പദ്ധതി. ഓട്ടോ എമർജൻസി ബ്രേക്കിംഗ് (AEB), ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് തുടങ്ങി നിരവധി സവിശേഷതകളാൽ സമ്പന്നമായ ലെവൽ 2 ADAS സ്യൂട്ട് ഇത്തവണ എസ്‌യുവിയിലേക്ക് വന്നെത്തും.

ഉയർന്ന വേരിയന്റുകളിൽ മഹീന്ദ്ര സ്കോർപിയോ N 360 ഡിഗ്രി ക്യാമറയും അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുപോലെ തന്നെ ആകാശക്കാഴ്ച്ചകൾ കണ്ടിരുന്ന് യാത്ര ചെയ്യുവാനായി എസ്‌യുവിക്ക് പനോരമിക് സൺറൂഫും മഹീന്ദ്ര ആൻഡ് മഹീന്ദ്ര സമ്മാനിക്കും. ഇപ്പോൾ ഉയർന്ന വേരിയന്റുകളിൽ പോലും സിംഗിൾ-പാനൽ സൺറൂഫ് കൊടുത്തിരിക്കുന്നത് പലരിലും നിരാശയുളവാക്കിയിരുന്നു.
ഇതുകൂടാതെ സ്കോർപിയോ N മോഡലിന്റെ 6 സീറ്റർ കോൺഫിഗറേഷനിൽ റിയർ വെന്റിലേറ്റഡ് സീറ്റുകൾ ബ്രാൻഡ് അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ ദീർഘദൂര യാത്രകളെല്ലാം കൂടുതൽ മനോഹരമാവുകയും ചെയ്യും. പുതിയ പതിപ്പിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കമ്പനിക്ക് സജ്ജീകരിക്കാനും കഴിയും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കമ്പാറ്റിബിലിറ്റി എന്നിവയുള്ള സെൻട്രൽ ടച്ച്‌സ്‌ക്രീൻ യൂണിറ്റായി 10.1 ഇഞ്ച് സ്‌ക്രീൻ ലഭിച്ചാൽ എസ്‌യുവിയുടെ മൂല്യം വർധിക്കും.

ഇത്തരം പരിഷ്ക്കാരങ്ങൾ ഒഴികെ മറ്റ് മെക്കാനിക്കൽ നവീകരണങ്ങളൊന്നും എസ്‌യുവികളിലെ ബിഗ് ഡാഡിയിൽ പ്രതീക്ഷിക്കേണ്ടതില്ല. ഒപ്പം ഡിസൈനിലും ചെറിയ ചില പരിഷ്ക്കാരങ്ങളൊക്കെ വന്നേക്കുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. മഹീന്ദ്ര സ്‌കോർപിയോ N പതിപ്പിന് നിലവിൽ 13.99 ലക്ഷം രൂപ മുതൽ 25.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോർപിയോ N മോഡൽ വിപണനത്തിന് എത്തുന്നത്. പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ 175 bhp കരുത്തിൽ 400 Nm torque വരെ നൽകാനും പ്രാപ്‌തമാണ്. രണ്ടിലും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ്.

മെച്ചപ്പെട്ട യാത്രാ സുഖത്തിനും ഹാൻഡ്‌ലിംഗിനുമായി ഫ്രീക്വൻസി ഡിപെൻഡൻ്റ് ഡാംപിംഗ് (FDD), മൾട്ടി-ട്യൂൺഡ് വാൽവ് സെൻട്രൽ ലാൻഡ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളെല്ലാം ഇപ്പോൾ സ്കോർപിയോ N മോഡലിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം 6 എയർബാഗുകൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉപയോഗിച്ച് സേഫ്റ്റിക്കും മുൻഗണന നൽകിയിട്ടുണ്ട്.
എന്തായാലും ADAS, പനോരമിക് സൺറൂഫ് തുടങ്ങിയ ആധുനിക ഫീച്ചറുകൾ സ്കോർപിയോയിലേക്ക് വരുന്നതോടെ വാഹനത്തിന് ഡിമാന്റ് ഏറുമെന്ന് തന്നെയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വിശ്വാസം. നിലവിൽ ബ്രാൻഡിന്റെ ടോപ്പ് സെല്ലിംഗ് മോഡലായി വിലസുന്ന സ്കോർപിയോ N ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ന്യൂ ഗിനിയ തുടങ്ങിയ വിവിധ ആഗോള വിപണികളിലും വിപണനത്തിന് എത്തുന്നുണ്ട്.


Click it and Unblock the Notifications








