ഈ സ്കോർപിയോയ്ക്ക് എന്തിന്റെ കുറവാ? ഇന്നോവയെ നാണിപ്പിക്കുന്ന ഫീച്ചറുകളുമായി മഹീന്ദ്രയുടെ എസ്‌യുവി
ഇന്ത്യക്കാരുടെ ഇഷ്‌ടപ്പെട്ട എസ്‌യുവിയായി മഹീന്ദ്ര സ്കോർപിയോ (Mahindra Scorpio) അരങ്ങുവാഴാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിന് മുകളിലായി. ഇന്ന് ക്ലാസിക് (Scorpio Classic), N (Scorpio N) എന്നിങ്ങനെ രണ്ട് മോഡലുകളിലായി വിറ്റഴിക്കുന്ന മോഡലുകൾ സ്വന്തമാക്കാൻ ഓരോ മാസവും ഷോറൂമുകളിൽ എത്തുന്നത് പതിനായിരക്കണക്കിന് ആളുകളാണ്. രണ്ടാംതമലുറയിലെത്തിയപ്പോൾ സ്കോർപിയോയിൽ ഇല്ലാത്തതായിട്ട് അങ്ങനെ ആളുകളൊന്നും കണ്ടെത്തിയിരുന്നുമില്ല. കുലുക്കമൊന്നുമില്ലാതെ യാത്ര ചെയ്യാൻ മാത്രമല്ല, സേഫ്റ്റിയുടെ കാര്യത്തിലും 5-സ്റ്റാർ നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ആശാൻ കളത്തിലെത്തിയത്. ഒപ്പം ആരുകണ്ടാലും മോഹിച്ചുപോവുന്ന രൂപവും ഭാവവും കൂടിയായപ്പോൾ കച്ചോടം പൊടിപൊടിക്കുകയും ചെയ്‌തു.
കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനിറങ്ങിയവർ വരെ അങ്ങനെ നാണിച്ചുപോയി. വിപണിയിലെത്തിയിട്ട് രണ്ട് വർഷത്തിന് മുകളിലായതോടെ ചില പരിഷ്ക്കാരങ്ങൾ എസ്‌യുവി സമ്മാനിക്കാൻ സമയമായെന്ന് മഹീന്ദ്ര മനസിലാക്കി. ഇതിന്റെ ഭാഗമായി സ്കോർപിയോ N മോഡലിന് ചില ഗംഭീര ഫീച്ചറുകൾ സമ്മാനിച്ച് പുറത്തിറക്കാൻ പോവുകയാണ് കമ്പനി. അതും ചെറിയ മാറ്റങ്ങളൊന്നുമല്ല വാഹനത്തിലേക്ക് എത്തുന്നത് കേട്ടോ.

തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഒരു ടീസർ വീഡിയോ പുറത്തിറക്കിക്കൊണ്ടാണ് സ്കോർപിയോ N എസ്‌യുവിയിലേക്ക് വരാനിരിക്കുന്ന അപ്‌ഡേറ്റിനെക്കുറിച്ച് മഹീന്ദ്ര സൂചന നൽകിയിരിക്കുന്നത്. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) പോലുള്ള നൂതന ഫീച്ചറുകളാണ് 7-സീറ്റർ എസ്‌യുവിയിലേക്ക് കമ്പനി അവതരിപ്പിക്കുകയെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നവെന്ന് വേണം പറയാൻ.
ADAS പാക്കേജിൽ ലെയ്ൻ കീപ്പ് അസിസ്റ്റും ലെയ്ൻ ഡിപ്പാർച്ചർ വാണിംഗും ഉൾപ്പെടുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ടീസറിൽ സൂചിപ്പിച്ചിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഫോർവേഡ് കൊളീഷൻ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ സവിശേഷതകളും എസ്‌യുവിയുടെ ADAS ടെക്കിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

ADAS സേഫ്റ്റി ഫീച്ചറിന് പുറമേ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360-ഡിഗ്രി സറൗണ്ട്-വ്യൂ ക്യാമറകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ തുടങ്ങിയ മറ്റ് ചില അപ്‌ഡേറ്റുകളും സ്കോർപിയോ N എസ്‌യുവിക്ക് ലഭിച്ചേക്കാം. എന്നാൽ ഈ ഫീച്ചറുകളെല്ലാം മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിലാവും ഇടംപിടിക്കുകയെന്ന് മാത്രം. നിലവിൽ, സ്കോർപിയോ N സിംഗിൾ-പാൻ സൺറൂഫാണ് അവതരിപ്പിച്ചിരിക്കുന്നത്.
കൂടുതൽ ആകാശക്കാഴ്ച്ചകൾക്കായി പനോരമിക് സൺറൂഫ് എത്തുന്നതോടെ സ്കോർപിയോയുടെ ആഡംബരത്തവും വേറെ ലെവലാവും. എസ്‌യുവിയിലെ സുഖസൗകര്യങ്ങളും സേഫ്റ്റിയും വർധിപ്പിക്കുക എന്നതാണ് പുതിയ അപ്‌ഡേറ്റുകളുടെ ലക്ഷ്യം. ഒപ്പം ഒരേ സെഗ്മെന്റിലല്ലെങ്കിലും ടൊയോട്ട ഇന്നോവ ക്രിസ്റ്റയോട് പോരടിക്കാനും മഹീന്ദ്രയ്ക്ക് ചെറിയ പദ്ധതികളുണ്ടാവും. നിലവിലുള്ള 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ സ്കോർപിയോയിൽ അതേപടി നിലനിർത്താനാണ് സാധ്യത.

പെർഫോമൻസ് കണക്കുകളും സമാനമായിരിക്കും. സ്കോർപിയോ N പതിപ്പിലെ പെട്രോൾ എഞ്ചിൻ 200 bhp കരുത്തിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ 175 bhp കരുത്തിൽ 400 Nm torque വരെ നൽകാനും പ്രാപ്‌തമാണ്. രണ്ടിലും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ്.
വാഹനത്തിൽ മറ്റ് മെക്കാനിക്കൽ നവീകരണങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് വിവരം. Z2, Z4, Z6, Z8S, Z8, Z8L എന്നീ അഞ്ച് പ്രൈമറി വേരിയന്റുകളിലാണ് മഹീന്ദ്ര സ്കോർപിയോ N വാഗ്ദാനം ചെയ്യുന്നത്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ 3.99 ലക്ഷം രൂപ മുതൽ 25.15 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്ക് എക്സ്ഷോറൂം വിലയും വരുന്നത്. പുതിയ ഫീച്ചറുകൾ കൂടി വരുന്നതോടെ ഈ വിലയിൽ ചെറിയ വർധനവുണ്ടാവുമെന്നതും ഉറപ്പാണ്.


Click it and Unblock the Notifications








