ഫാമിലിയുമായി ഒന്നിച്ച് പോവാൻ ചെലവ് കൂടും, സ്കോർപിയോ ഉൾപ്പടെയുള്ള എസ്‌യുവികൾക്ക് വില കൂട്ടാൻ മഹീന്ദ്ര
മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, കിയ, ഹോണ്ട, റെനോ തുടങ്ങിയ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾക്ക് പിന്നാലെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra & Mahindra). ഫെബ്രുവരിയിലെ വിൽപ്പന കണക്കുകളിൽ എതിരാളികളെ വെട്ടിവീഴ്ത്തി രണ്ടാം സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെയാണ് വീണ്ടും വില പരിഷ്ക്കാരം നടപ്പിലാക്കാൻ കമ്പനി തയാറെടുക്കുന്നത്. 2025 ഏപ്രിൽ മുതൽ എസ്‌യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില വർധിപ്പിക്കുമെന്ന മഹീന്ദ്രയുടെ പ്രഖ്യാപനം അപ്രതീക്ഷിതമല്ലെങ്കിലും പുതുതായി വാഹനം വാങ്ങിനിരുന്നവർക്കെല്ലാം ഇതൊരു തിരിച്ചടിയായിരിക്കും.
വിലയിൽ മൂന്ന് ശതമാനം വരെ വർധനവ് ഉണ്ടാവുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഇൻപുട്ട് ചെലവുകളിലെ ഉയർച്ചയും ചരക്ക് വിലയിലെ വർധനവുമാണ് വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നതെന്ന് രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളിൽ ഒരാളായ കമ്പനി പറഞ്ഞു. മോഡലും വകഭേദവും അനുസരിച്ച് വ്യത്യസ്ത എസ്‌യുവികളിലും വാണിജ്യ വാഹനങ്ങളിലും വില വർധനവിന്റെ വ്യാപ്തി വ്യത്യാസപ്പെടുമെന്ന കാര്യവും ബ്രാൻഡ് പ്രത്യേകം അറിയിച്ചിട്ടുണ്ട്.

ജനുവരിയിൽ വില വർധിപ്പിച്ചതിന് ശേഷം ഈ വർഷം മഹീന്ദ്ര നടത്തുന്ന രണ്ടാമത്തെ വില പരിഷ്ക്കാരമാണിത്. വില വർധനവ് ബ്രാൻഡിന്റെ നിരയിലെ എല്ലാ മോഡലുകളെയും ബാധിക്കും. അതിൽ ICE മോഡലുകളും ഇലക്ട്രിക് BE 6, XEV 9e എന്നിവയും ഉൾപ്പെടുമെന്നാണ് വിവരം. പുതിയ സാമ്പത്തിക വർഷത്തിൽ വില വർധനവ് പ്രഖ്യാപിച്ച പ്രമുഖ വാഹന നിർമാതാക്കളിൽ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, റെനോ, കിയ, ഹോണ്ട, ബിഎംഡബ്ല്യു എന്നിവരെല്ലാമുണ്ട്.
XUV 3XO, ബൊലേറോ, ബൊലേറോ നിയോ, ഥാർ, ഥാർ റോക്‌സ്, സ്കോർപിയോ ക്ലാസിക്, സ്കോർപിയോ N, XUV700 തുടങ്ങിയ എസ്‌യുവികളാണ് മഹീന്ദ്ര ഇന്ത്യയിൽ വിപണനത്തിന് എത്തിക്കുന്നത്. കമ്പനി അടുത്തിടെ മഹീന്ദ്ര XUV700 എബണി എഡിഷനും അവതരിപ്പിച്ചിരുന്നു. മാർച്ചിൽ XUV700 എസ്‌യുവിയുടെ തെരഞ്ഞെടുത്ത വകഭേദങ്ങളുടെ വില കമ്പനി കുറച്ചിരുന്നു. 75,000 രൂപയോളമായിരുന്നു ബ്രാൻഡ് വെട്ടിക്കുറച്ചത്.

ഇത് ഫ്ലാഗ്ഷിപ്പ് എസ്‌യുവി വാങ്ങാനെത്തുന്നവരെ സന്തോഷിപ്പിക്കുന്ന കാര്യമായിരുന്നു. MX, AX3, AX5 S, AX5, AX7, AX7 L എന്നീ വേരിയന്റുകളിലാണ് കമ്പനി XUV700 വിപണനത്തിന് എത്തിക്കുന്നത്. ടോപ്പ് വേരിയന്റുകളായ AX7, AX7 L മോഡലുകളുടെ വില മാത്രമാണ് കമ്പനി കുറച്ചിരിക്കുന്നത്. കൃത്യമായ കണക്കുകളിലേക്ക് നോക്കിയാൽ മഹീന്ദ്ര പെട്രോൾ ഓട്ടോമാറ്റിക് 7-സീറ്റർ, ഡീസൽ ഓട്ടോമാറ്റിക് 7-സീറ്റർ ഓപ്ഷനിലെത്തുന്ന AX7 പതിപ്പുകൾക്ക് വില 45,000 രൂപയാണ് കുറച്ചത്.
ഡീസൽ മാനുവൽ 7-സീറ്റർ, പെട്രോൾ ഓട്ടോമാറ്റിക് 7-സീറ്റർ, ഡീസൽ ഓട്ടോമാറ്റിക് 7-സീറ്റർ കോൺഫിഗറേഷനിൽ വരുന്ന മഹീന്ദ്ര XUV700 എസ്‌യുവിയുടെ AX7 L വേരിയന്റുകൾക്കാണ് 75,000 രൂപയുടെ വിലക്കുറവ് ലഭിക്കുന്നത്. പുതുക്കിയ വില പ്രകാരം കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ AX7 നിര 19.49 ലക്ഷം മുതൽ 24.18 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വിപണനത്തിന് എത്തുന്നത്.

XUV700 നിരയെ കൂടുതൽ ആകർഷകമാക്കാനായി പുറത്തിറക്കിയ എബണി എഡിഷനും ശ്രദ്ധനേടി വരികയാണിപ്പോൾ. AX7 L വേരിയന്റിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഇവ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഉള്ള 7 സീറ്റർ മോഡലായി മാത്രമാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഓപ്ഷണലായി പോലും AWD സംവിധാനം നൽകുന്നുമില്ല.
ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷൻ, കറുപ്പ് നിറത്തിലുള്ള ഗ്രിൽ ഇൻസേർട്ടുകൾ, ബ്ലാക്ക് റിയർവ്യൂ മിററുകൾ, 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, ഇന്റീരിയറിൽ ബ്ലാക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററി, ബ്രഷ്ഡ് സിൽവർ സ്കിഡ് പ്ലേറ്റുകൾ, സെന്റർ കൺസോളിലും ഡോർ പാനലുകളിലും സിൽവർ ആക്സന്റുകൾ, ഡാർക്ക് ക്രോം എയർ വെന്റുകൾ, ഗ്രേ നിറത്തിൽ പൂർത്തിയാക്കിയ റൂഫ് ലൈനർ എന്നീ മാറ്റങ്ങളാണ് XUV700 എബണി എഡിഷനിൽ ഒരുക്കിയിട്ടുള്ളത്.


Click it and Unblock the Notifications








