ഫാമിലിമാൻ ആയതല്ലേ, ഗ്രാൻഡ് വിറ്റാരയേക്കാൾ വിൽപ്പനയുമായി ഥാർ, കഴിഞ്ഞ മാസം വാങ്ങിയത് 10,703 പേർ
എസ്‌യുവികൾ മാറ്റം വിറ്റഴിച്ച് വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി വളർന്നിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അതും സാക്ഷാൽ ഹ്യുണ്ടായിയേയും ടാറ്റ മോട്ടോർസിനെയും മറികടന്നാണ് തദ്ദേശീയ ബ്രാൻഡ് ഈ നേട്ടത്തിലെത്തിയത്. 2020-ൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഥാർ എസ്‌യുവി മുതൽ ഇങ്ങോട്ട് മഹീന്ദ്ര വാഹനങ്ങളെല്ലാം വേറെ ലെവലായിരുന്നു. XUV700, സ്കോർപിയോ N, XUV 3XO, BE 6, XEV 9e, ഥാർ റോക്‌സ് തുടങ്ങിയ മോഡലുകളെല്ലാം ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. അങ്ങനെ കച്ചോടം പൊടിപൊടിച്ച് മുന്നേറാനും മഹീന്ദ്രയ്ക്കായി.
ഇക്കൂടെ ഏറ്റവും വിൽപ്പനയുള്ള മോഡലായി സ്കോർപിയോ മുന്നേറുന്നതിനിടയിൽ സർപ്രൈസായി മഹീന്ദ്ര ഥാറിന്റെ വിൽപ്പന കണക്കുകളും പുറത്തുവന്നിരിക്കുകയാണ്. ഏപ്രിൽ മാസത്തിൽ 3-ഡോർ, 5-ഡോർ മോഡലുകൾ ചേർന്ന് 10,000 യൂണിറ്റിലധികമാണ് വിറ്റഴിച്ചിരിക്കുന്നത്. ആദ്യമായാണ് ഥാർ സീരീസിന്റെ കച്ചോടം 10,000 യൂണിറ്റ് വിൽപ്പന മറികടക്കുന്നത്. മഹീന്ദ്രയുടെ കണക്കനുസരിച്ച് പോയ മാസം എസ്‌യുവികൾ വാങ്ങിയത് 10,703 ആളുകളാണ്.

ഡീസൽ വേരിയന്റുകൾ 10,040 യൂണിറ്റുകളുടെ വിൽപ്പനയുമായി ഡിമാൻഡ് വർധിപ്പിച്ചപ്പോൾ മറുവശത്ത് ഥാർ പെട്രോൾ വേരിയന്റുകൾ 663 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞിരിക്കുന്നത്. അങ്ങനെ ഏപ്രിലിൽ 10,703 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയുമായി കുതിക്കാൻ വാഹനത്തിനായി. മാർച്ചിൽ ഥാർ സീരീസിന്റെ വിൽപ്പന 8,936 യൂണിറ്റും ഫെബ്രുവരിയിൽ 9,248 യൂണിറ്റുകളും ജനുവരിയിൽ 7,557 യൂണിറ്റുകളുമായിരുന്നു.
മഹീന്ദ്രയുടെ നാസിക് പ്ലാന്റിലാണ് ഥാർ, ഥാർ റോക്സ് എന്നിവയുടെ നിർമാണം നടക്കുന്നത്. 3-ഡോർ പതിപ്പിന് 11,49,999 രൂപ മുതൽ 17,40,000 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നതെങ്കിൽ ഏറ്റവും പുതിയ 5-ഡോർ പതിപ്പിന് 12,99,000 രൂപ മുതൽ 23,08,999 രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. MX1, MX3, MX5, AX3 L, AX5 L, AX7 L എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് വിപണനത്തിന് എത്തുന്നത്.

ഇതിൽ 2WD, 4WD കോൺഫിഗറേഷനുകൾക്കിടയിൽ വാഹനം തെരഞ്ഞെടുക്കാനും അവസരമുണ്ടാവും. ഇതിൽ ഡീസലിൽ മാത്രമാണ് എസ്‌യുവിക്ക് 4X4 സംവിധാനമുണ്ടാവുക. 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് ഥാർ റോക്‌സിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇതിൽ പെട്രോളിന് 160 bhp പവറിൽ 330 Nm torque വരെ നിർമിക്കാൻ കഴിവുണ്ട്.
അതേസമയം 5-ഡോർ മോഡലിലെ ഡീസൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായാണ് വരുന്നത്. അടുത്തിടെ എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നീ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് 5-ഡോർ മോഡലിനെ കമ്പനി ചെറുതായൊന്ന് നവീകരിച്ചിരുന്നു.

ഇതോടൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, 6-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വെന്റുകളുള്ള ഓട്ടോ എസി, കൂൾഡ് ഗ്ലൗബോക്സ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ഇന്റലിടേൺ ടൈറ്റ് ടേൺ ഫീച്ചർ തുടങ്ങിയ ആധുനിക ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുള്ളതിനാൽ ഥാർ റോക്‌സിന്റെ സേഫ്റ്റിയെ കുറിച്ച് അധികം പറയേണ്ടതില്ലല്ലോ. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ADAS എന്നീ സുരക്ഷാ സന്നാഹങ്ങളുമായാണ് 5-ഡോർ ഥാർ വരവ് അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








