പുതിയ മാറ്റം കാണണേൽ അകത്ത് കയറണം, പുത്തൻ ഥാർ ഫെയ്‌സ്‌ലിഫ്റ്റിലെ വേരിയന്റും ഫീച്ചറുകളും നോക്കാം
നമ്മുടെ രാജ്യത്ത് ഏറ്റവും Variant-Wiseകൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓഫ്-റോഡർ എസ്‌യുവിയാണ് മഹീന്ദ്ര ഥാർ. പുതിയത് വാങ്ങുന്നവരിൽ 99 ശതമാനവും ഫാമിലി കാറായി ഉപയോഗിക്കുന്നതിനാൽ ഓഫ്-റോഡിലേക്ക് ഒന്നും വണ്ടി കൊണ്ടുപോവാറില്ലെന്നതാണ് സത്യം. ശരിക്കും ലൈഫ് സ്റ്റൈൽ എസ്‌യുവിയായി ഥാർ മാറിയെന്ന് പറയുന്നതാവും ശരി. നിലവിൽ 3-ഡോർ 5-ഡോർ പതിപ്പുകളിൽ വാങ്ങാനാവുന്നതിനാൽ എല്ലാത്തരം ഉപഭോക്താക്കളേയും തൃപ്ത്തിപ്പെടുത്താൻ മോഡലിനാവുന്നുണ്ട്. പ്രായോഗികത കുറവാണെങ്കിലും ഫാൻസ് 3-ഡോർ പതിപ്പിനാണെന്ന് പലരും പറയുന്നത് കേൾക്കാം. ഇക്കഴിഞ്ഞ ദിവസം ഉപഭോക്താക്കൾ മഹീന്ദ്രയോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്ന പരിഷ്ക്കാരങ്ങളോടെ ഥാർ വിപണിയിലെത്തുകയുണ്ടായി.
ഥാർ ഫെയ്‌സ്‌ലിഫ്റ്റ് എന്നാണ് ഇതിനെ കമ്പനി വിളിക്കുന്നതെങ്കിലും പുറത്തെ കാഴ്ച്ചയിൽ അതൊന്നും പെട്ടന്ന് മനസിലാക്കാനാവില്ല കേട്ടോ. എസ്‌യുവിയെ പുനർനിർമിക്കുക എന്നതല്ല, മറിച്ച് അതിനെ മെച്ചപ്പെടുത്തുക എന്ന സമീപനമാണ് മഹീന്ദ്ര സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ വൃത്തിയുള്ള ഇന്റീരിയർ, മികച്ച സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ഒരു പ്രാക്‌ടിക്കൽ എസ്‌യുവിയാക്കി വണ്ടിയെ മാറ്റിയിട്ടുണ്ടെന്ന് അകത്ത് കയറിയാൽ മനസിലാക്കാം.

പുതിയ 2025 മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് AXT, LXT എന്നിങ്ങനെ രണ്ട് വിശാലമായ വകഭേദങ്ങളിലാണ് വരുന്നത്. ഓരോന്നും എന്തെല്ലാം ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നാൽ വാങ്ങൽ തീരുമാനം വളരെ എളുപ്പമാക്കും. RWD, 4x4 എന്നിങ്ങനെ വ്യത്യസ്‌തമായ ഡ്രൈവ് സെറ്റപ്പുമായി വരുന്ന എസ്‌യുവിക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്.
ഇതിൽ ആദ്യത്തേത് 116 bhp കരുത്തിൽ 300 Nm ടോർക്ക് നൽകുന്ന RWD 1.5 ലിറ്റർ ഡീസലാണ്. രണ്ടാമത്തേത് 150 bhp പവറിൽ പരമാവധി 300-320 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോളാണ്. മൂന്നാമത്തേത് 130 bhp കരുത്തും 300 Nm ടോർക്കും നൽകുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസലാണ്. ഡീസൽ എഞ്ചിനൊപ്പം മാത്രമാണ് കമ്പനി നിലവിൽ 4×4 ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്നത്. ഇനി വേരിയന്റ് തിരിച്ചുള്ള ഫീച്ചറുകൾ അറിയാം.

മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് AXT: 9.99 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ആരംഭിക്കുന്ന ഥാർ AXT വേരിയന്റുകൾ മഹീന്ദ്രയുടെ ഓഫ്-റോഡ് ലോകത്തേക്കുള്ള പ്രവേശന കവാടമാണ്. അധികം ഫീച്ചറുകളൊന്നുമില്ലാതെ ഥാർ എസ്‌യുവി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടിയിത് വാങ്ങാം. ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സ്പെയർ വീൽ പോലുള്ള കാര്യങ്ങളെല്ലാം എക്സ്റ്റീരിയറിൽ ലഭിക്കും.
അകത്തളത്തിലേക്ക് വന്നാൽ വിനൈൽ സീറ്റുകൾ, പൂർണമായും കറുപ്പിൽ ഒരുക്കിയിരിക്കുന്ന ഡാഷ്‌ബോർഡ്, ഫ്രണ്ട് സ്ലൈഡിംഗ് ആംറെസ്റ്റ്, റിയർ വെന്റുകളുള്ള മാനുവൽ എസി എന്നിവയും ലഭിക്കും. ലളിതമായ ഫീച്ചറുകളാണെങ്കിൽ പോലും, AXT സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല. ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റോൾ-ഓവർ മിറ്റിഗേഷൻ, EBD സഹിതമുള്ള ABS എന്നിവയെല്ലാം സ്റ്റാൻഡേർഡാണ്.

ടച്ച്‌സ്‌ക്രീൻ, പിൻ ക്യാമറ, ഫോഗ് ലാമ്പുകൾ തുടങ്ങിയ ആഡംബരങ്ങളുടെ അഭാവം ബേസ് AXT വേരിയന്റ് വാങ്ങുന്നവരെ നിരാശപ്പെടുത്തിയേക്കാം. എന്നാൽ 9.99 ലക്ഷത്തിന് ഥാർ വാങ്ങാനാവുമ്പോൾ ഇക്കാര്യങ്ങളിലെല്ലാം വിട്ടുവീഴ്ച്ച ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പിന്നീട് എപ്പോഴെങ്കിലും വേണമെന്ന് തോന്നിയാൽ ആഫ്റ്റർമാർക്കറ്റ് ആക്‌സസറികൾ വാങ്ങിവെക്കാനും സാധിക്കുമല്ലോ.
മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് LXT: 12.19 ലക്ഷം മുതൽ 16.99 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള ഈ വകഭേദം അതിന്റെ പരുക്കൻ ആകർഷണീയതയെ മങ്ങിക്കാതെ ആധുനിക സുഖസൗകര്യങ്ങൾ നൽകുന്നുവെന്നതാണ് പ്രത്യേകത. 18 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഫോഗ് ലാമ്പുകൾ, ഡ്യുവൽ-ടോൺ ബമ്പറുകൾ, പോളിഷ് ടച്ച് നൽകുന്ന സൈഡ് ഫൂട്ട് സ്റ്റെപ്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിൽ ലഭിക്കുക.
ഇന്റീരിയറിൽ ക്ലോത്തുകൊണ്ടുള്ള അപ്ഹോൾസ്റ്ററി, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 6 സ്പീക്കർ സൗണ്ട് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ എന്നിവയുണ്ട്. ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മിററുകൾ, റിയർ ക്യാമറ, TPMS, റിയർ വൈപ്പർ-വാഷർ എന്നിവ പോലുള്ള ആഡംബര ഫീച്ചറുകളാണ് ഥാർ LXT വാങ്ങുന്നവരെ കാത്തിരിക്കുന്നത്.


Click it and Unblock the Notifications








