ഈ ഫീച്ചർ കിട്ടുന്ന ലോകത്തിലെ ആദ്യ എസ്‌യുവിയായി ഥാർ റോക്‌സ്, ഇനി സൈഡിലിരുന്നാലും ബോറടിക്കാതെ പോവാം
ആദ്യ കാഴ്ച്ചയിൽ തന്നെ സ്വന്തമാക്കാൻ കൊതിക്കുന്ന എസ്‌യുവിയാണ് മഹീന്ദ്ര ഥാർ റോക്‌സ്. 3-ഡോർ മോഡലിനുണ്ടായിരുന്ന കുറവുകളെല്ലാം പരിഹരിച്ച് പക്കാ ഫാമിലി കാറായി മാറിയ 5-ഡോർ ചൂടപ്പം പോലെയാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്. പിന്നിൽ നെഞ്ചുവിരിച്ച് 3 പേർക്ക് സുഖമായി യാത്ര ചെയ്യാനാവുന്ന വണ്ടി സ്വന്തമാക്കാൻ കൊതിക്കാത്ത ആളുകളുണ്ടാവില്ലല്ലോ. ശരിക്കും എതിരാളിയായ മാരുതി ജിംനി സ്വപ്‌നം കണ്ട പദവിയും സ്നേഹവും നേടാനായത് ഥാർ റോക്‌സിനാണെന്ന് വേണം പറയാൻ. വിലയുടെ കാര്യത്തിലും ആളുകളെ തൃപ്പിത്തിപ്പെടുത്തിയിട്ടുണ്ട്. ഒപ്പം അഡാറ് റോഡ് പ്രസൻസും ആധുനി ഫീച്ചറുകളും കൂടിച്ചേർന്നപ്പോൾ കച്ചോടം പൊടിപൊടിക്കുകയാണ്.
മഹീന്ദ്ര ഥാർ റോക്‌സിനുണ്ടായിരുന്ന ചില കുറവുകൾ 2025 മോഡൽ ഇയർ പുറത്തിറക്കിക്കൊണ്ട് കമ്പനി അടുത്തിടെ പരിഹരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോഴിതാ സർപ്രൈസായി എസ്‌യുവിയിലേക്ക് പുത്തനൊരു ഫീച്ചർ കൂട്ടിച്ചേർത്തിരിക്കുയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അതും ഈയൊരു സവിശേഷത ലഭിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ എസ്‌യുവിയാണ് ഥാർ റോക്‌സ് എന്നത് ആരേയും അമ്പരപ്പിക്കുന്ന കാര്യമാണ്.

അധികം സർപ്രൈസൊന്നുമില്ലാതെ കാര്യം പറഞ്ഞേക്കാം, ഹാർമൻ കാർഡൺ 9-സ്പീക്കർ സൗണ്ട് സിസ്റ്റത്തോടുകൂടിയ ഡോൾബി അറ്റ്‌മോസ് ഫീച്ചറാണ് മഹീന്ദ്ര ഥാർ റോക്‌സിനൊപ്പം ചേർത്തിരിക്കുന്നത്. മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷനുള്ള സർപ്പോർട്ടും എസ്‌യുവിയിൽ ഇപ്പോൾ ലഭ്യമാണ്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് സംയോജിപ്പിച്ച് ക്യാബിനിലേക്ക് നേരിട്ട് ബേക്ക് ചെയ്‌ത 4-ചാനൽ സ്പേഷ്യൽ ഓഡിയോ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ എസ്‌യുവിയായി ഇതോടെ ഥാർ മാറി.
എന്നാൽ റോക്‌സിന്റെ ടോപ്പ് എൻഡ് AX7L വേരിയന്റിൽ മാത്രമായിരിക്കും ഈ സംവിധാനം ലഭ്യമാവുകയുള്ളൂവെന്നും കമ്പനി പ്രത്യേകം പറയുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഡോൾബി ലബോറട്ടറീസ് എന്നിവ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ നീക്കം. എന്തായാലും വാഹനത്തിലെ യാത്രകൾ ഇനി വേറെ ലെവലാവുമെന്ന് വേണം കരുതാൻ. എക്സ്റ്റേണൽ ഡിവൈസുകളൊന്നും കണക്റ്റ് ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് ഡോൾബി അറ്റ്‌മോസ് പ്രവർത്തനക്ഷമമാക്കിയ ട്രാക്കുകൾ സ്ട്രീം ചെയ്യാൻ കഴിയും.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെവൽ 2 ADAS തുടങ്ങിയ ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും കുത്തിനിറച്ചെത്തുന്ന ഥാർ റോക്‌സിലേക്ക് എത്തിയ പുതിയ ഫീച്ചറിനും ഫാൻസുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ ശക്തമായ ഡിമാൻഡ് നിറവേറ്റുന്നതിനും എസ്‌യുവിയുടെ ബുക്കിംഗ് പിരീഡ് കുറയ്ക്കുന്നതിനുമായി ഥാർ റോക്‌സിന്റെ ഉത്പാദനം വർധിപ്പിക്കുകയാണെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രഖ്യാപിച്ചു.
2.2 ലിറ്റർ ഡീസൽ എഞ്ചിൻ അല്ലെങ്കിൽ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഥാർ റോക്‌സ് വാങ്ങാനാവുക. രണ്ട് എഞ്ചിൻ ഓപ്ഷനുകളും 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിക്കാം. ഡീസൽ എഞ്ചിനൊപ്പം മാത്രമാണ് കമ്പനി 4x4 ഡ്രൈവ് സംവിധാനം അവതരിപ്പിച്ചിട്ടുള്ളൂ. എസ്‌യുവിയുടെ പെട്രോൾ മോഡലുകൾ 4x2 സെറ്റപ്പിലാണ് വിപണനത്തിന് എത്തിയിരിക്കുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മഹീന്ദ്ര ഥാർ റോക്‌സ് പെട്രോൾ മാനുവൽ വേരിയന്റുകൾ 162 bhp കരുത്തിൽ 330 Nm torque വരെ നൽകുമ്പോൾ പെട്രോൾ ഓട്ടോമാറ്റിക് 177 bhp പവറിൽ പരമാവധി 380 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque നൽകാനാവുമെന്നാണ് മഹീന്ദ്ര പറയുന്നത്.
അതേസമയം ഥാർ റോക്‌സ് 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp കരുത്തിൽ പരമാവധി 370 Nm torque നിർമിക്കാൻ പാകത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മഹീന്ദ്ര ഥാർ റോക്‌സിന്റെ പെട്രോൾ മോഡലുകൾക്ക് 12.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അതേസമയം 4x4 സെറ്റപ്പുള്ള മഹീന്ദ്ര ഥാർ റോക്‌സ് ഡീസൽ മോഡലുകൾക്ക് 14.29 ലക്ഷം മുതൽ 23.39 ലക്ഷം വരെയും പുതുക്കിയ എക്സ്ഷോറൂം വില വരും.


Click it and Unblock the Notifications








