സ്വിഫ്റ്റ് കൂടി വാങ്ങുന്ന കാശാവും, ഥാർ റോക്‌സ് ബേസ് മോഡലും ടോപ്പ് വേരിയന്റും തമ്മിലുള്ള വില വ്യത്യാസം അറിയുമോ
ഇന്ത്യക്കാരുടെയെല്ലാം മനംകവർന്ന് കുതിക്കുകയാണ് മഹീന്ദ്ര ഥാർ റോക്‌സ് (Mahindra Thar Roxx SUV). 3-ഡോർ മോഡലിൽ ഇല്ലാതിരുന്ന പ്രായോഗിക കുത്തിനിറച്ചെത്തിയ 5-ഡോർ പക്കാ ഫാമിലി എസ്‌യുവിയായി മാറിയിരിക്കുകയാണ് ഇപ്പോൾ (Thar 5 Door). അതും എല്ലാത്തരം ആളുകൾക്കും വാങ്ങാൻ പാകത്തിനുള്ള വൈവിധ്യമാർന്ന വേരിയന്റുകളാലും ഥാർ റോക്‌സ് സമ്പന്നമാണ്. MX, AX രണ്ട് ട്രിമ്മുകളിലായി ആകെ 18 വേരിയന്റുകളിലാണ് എസ്‌യുവി വരുന്നത്. പക്ഷേ ബേസും ടോപ്പ് എൻഡും തമ്മിലുള്ള വില വ്യത്യാസം കണ്ടാൽ പലരുടേയും കണ്ണുതള്ളാൻ ചാൻസുണ്ട് കേട്ടോ.
മഹീന്ദ്ര ഥാർ റോക്‌സിന്റെ MX1 ബേസും AX7 ടോപ്പ്-സ്‌പെക്ക് വേരിയന്റും തമ്മിൽ ഏകദേശം 10 ലക്ഷം രൂപയുടെ വ്യത്യാസമാണ് വരുന്നത്. വോറൊരു കാർ വാങ്ങാൻ മുടക്കുന്ന പൈസ അധികം കടുത്താൽ മാത്രമേ എല്ലാ ഫീച്ചറുകളുമുള്ള ഥാർ 5-ഡോറിന്റെ ടോപ്പ് എൻഡ് മോഡൽ ലഭ്യമാവൂവെന്ന് സാരം. ഇവ രണ്ടും തമ്മിൽ എന്തൊക്കെയാവും വ്യത്യാസങ്ങൾ വരുന്നതെന്നറിയാൻ ഇപ്പോൾ ഒരു ആകംക്ഷയൊക്കെ വന്നിട്ടില്ലേ...

ദി കാർ ഷോ എന്ന യൂട്യൂബ് ചാനലിൽ ഥാർ റോക്‌സിന്റെ ബേസും ടോപ്പ് വേരിയന്റും തമ്മിലുള്ള വ്യത്യാസങ്ങൾ കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് എന്തെല്ലാമാണെന്ന് നോക്കിയാലോ? MX1 ഡീസൽ മാനുവൽ, AX7L ഡീസൽ ഓട്ടോമാറ്റിക് (4×4) വകഭേദങ്ങളെയാണ് വീഡിയോയിൽ താരതമ്യം ചെയ്യുന്നത്. അടിസ്ഥാന വേരിയന്റായതിനാൽ തന്നെ MX1 പതിപ്പിൽ ഡിആർഎല്ലുകൾ, ഫോഗ് ലൈറ്റുകൾ, ഫ്രണ്ട് സെൻസറുകൾ, ഫ്രണ്ട് ക്യാമറ, ADAS പോലുള്ള കിടിലൻ ഫീച്ചറുകളൊന്നും കിട്ടില്ല.
AX7 വേരിയന്റിനെ അഴകുറ്റതാക്കാൻ ഫ്രണ്ട് ബമ്പറിന് സ്കിഡ് പ്ലേറ്റുള്ള ഡ്യുവൽ-ടോൺ ഫിനിഷാണ് മഹീന്ദ്ര കൊടുത്തിരിക്കുന്നത്. അതേസമയം MX1 ബേസിന് പ്ലെയിൻ ബ്ലാക്ക് ബമ്പർ ലഭിക്കുന്നു. ഥാർ 5-ഡോറിന്റെ ടോപ്പ്-സ്പെക്കിന് 19 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുമ്പോൾ ബേസിൽ 18 ഇഞ്ച് സ്റ്റീൽ വീലുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നതും. ഇനിയിതെല്ലാം കൊണ്ടുള്ള പ്രായോഗിക പ്രായോഗിക വ്യത്യാസം എന്താണെന്ന് ചോദിച്ചാൽ...

എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് മോഡൽ ADAS ഉപയോഗിച്ച് കൂടുതൽ സുരക്ഷയും സൗകര്യവും വാഗ്ദാനം ചെയ്യും എന്നതാണ്. കൂടാതെ എൽഇഡി ലൈറ്റിംഗ് പോലുള്ള കാര്യങ്ങളുള്ളതിനാൽ ബേസ് മോഡലിനേക്കാൾ മികച്ച ലൈറ്റിംഗ്, ഫ്രണ്ട് ക്യാമറ, സെൻസറുകൾ എന്നിവയും ഥാർ റോക്‌സിന്റെ AX7 വേരിയന്റിൽ കിട്ടും. കഴിഞ്ഞില്ല, ടോപ്പ് എൻഡിനായി അധികം മുടക്കുന്ന 10 ലക്ഷത്തിന് വലിയ പനോരമിക് സൺറൂഫും നിങ്ങൾക്ക് ലഭിക്കും.
MX1 ബേസ് മോഡലായതിനാൽ തന്നെ സൺറൂഫ് ഒന്നും പ്രതീക്ഷിക്കേണ്ടതുമില്ല. പവർഡ് ഫോൾഡിംഗ്, മിററുകൾക്കായി ക്രമീകരണം എന്നിവയും മഹീന്ദ്ര ഥാർ റോക്‌സിന്റെ ടോപ്പ് വേരിയന്റിലുണ്ട്. റിയർ ക്യാമറ, വൈപ്പർ, വാഷർ, ഡീഫോഗർ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പോലും എസ്‌യുവിയുടെ ബേസ് വേരിയന്റിൽ കിട്ടില്ലെന്നതും ഓർമിക്കണം. ഇനി ഇന്റീരിയറിലേക്ക് കയറിയാലും സംഗതി ആന കുതിര വ്യത്യാസമുണ്ട് കേട്ടോ.

ഥാർ റോക്‌സിന്റെ MX1 ബേസ് വേരിയന്റിൽ മാനുവൽ ഡേ/നൈറ്റ് IRVM, ആൻഡ്രോയിഡ് ടച്ച്‌സ്‌ക്രീൻ, അടിസ്ഥാന ഓഡിയോ സിസ്റ്റം, മാനുവൽ എയർ കണ്ടീഷനിംഗ്, ഡ്യുവൽ-ടോൺ കളർവേ തുടങ്ങിയ ഫീച്ചറുകൾ മാത്രമേ കമ്പനി ഒരുക്കിയിട്ടുള്ളൂ. ഇനി മറുവശത്തേക്ക് നോക്കിയാൽ AX7L മോഡലിൽ XUV700 മോഡലിന് സമാനമായ അകത്തളമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പണികഴിപ്പിച്ചിരിക്കുന്നത്. ഡോറുകൾക്ക് പോലും അധിക ഭാരം തോന്നുന്നുണ്ട്.
വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ XUV700 എസ്‌യുവിയിൽ നിന്നും നേരിട്ട് കടമെടുത്തതാണ്.സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, പവർഡ് സൈഡ് വ്യൂ മിററുകൾ, ഐവറി അല്ലെങ്കിൽ മോച്ച ബ്രൗൺ ഇന്റീരിയർ കളർ ഓപ്ഷൻ, ഹാർമൻ കാർഡൺ പ്രീമിയം ഓഡിയോ സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഫ്രെയിംലെസ് IRVM, വൺ-ടച്ച് ഓപ്പൺ പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയാണ് ടോപ്പ് എൻഡ് വേരിയന്റിനെ അഴകാക്കുന്നത്.
കഴിഞ്ഞില്ല, ഇതുകൂടാതെ ഫുട്‌വെൽ ലൈറ്റിംഗ്, ധാരാളം സ്റ്റോറേജ് സ്‌പെയ്‌സുകൾ, ക്രൂയിസ് കൺട്രോൾ, ടൈപ്പ് C യുഎസ്ബി പോർട്ടുകൾ, വയർലെസ് ചാർജർ, വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ADAS, മറ്റ് നിരവധി സുരക്ഷാ സവിശേഷതകൾ എന്നിവയാലും മഹീന്ദ്ര ഥാർ റോക്‌സിന്റെ ടോപ്പ് വേരിയന്റിൽ കിട്ടും. എസ്‌യുവിയുടെ ബേസിന് 12.99 ലക്ഷവും ടോപ്പിന് 22.49 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








