ഇനി വേഗം അഴുക്കാകില്ല, എല്ലാവരും പറഞ്ഞുനടന്ന ഥാർ റോക്‌സിന്റെ ആ കുറവും പരിഹരിച്ച് മഹീന്ദ്ര! ഇനി പൊളിക്കും
സമീപകാലത്ത് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനങ്ങൾക്ക് എല്ലാം വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സേഫ്റ്റിയും ഫീച്ചറുകളും ഒത്തുചേർന്ന മോഡലുകൾ ആളുകൾക്ക് താങ്ങാനാവുന്ന വിലയിൽ കൊടുക്കുന്ന മാജിക്കും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. അതോടൊപ്പം ഉപഭോക്താക്കളുടെ പ്രതികരണവും വികാരവും മനസിലാക്കി കൃത്യമായി പ്രവർത്തിക്കാനും മഹീന്ദ്രയ്ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. അതിന് ഉദാഹരണമാണ് ഥാർ റോക്‌സിൽ അടുത്തിടെ അവതരിപ്പിച്ച ചില പരിഷ്ക്കാരങ്ങൾ. ഐവറി കളറിലുള്ള ഇന്റീരിയറായിരുന്നു റോക്‌സിൽ കമ്പനി ആദ്യം ഒരുക്കിയിരുന്നത്. എന്നാൽ പലർക്കും ഈ നിറം അങ്ങ് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നതാണ് സത്യം.
പൂർണമായും വെളുപ്പിൽ അണിയിച്ചൊരുക്കിയ അകത്തളം എളുപ്പത്തില്‍ അഴുക്കാകുമെന്നായിരുന്നത് കമ്പനിയെ പലരും അറിയിക്കുകയും ചെയ്‌തു. ഇത്തരം പരാതികൾ വേഗം പരിഹരിക്കാറുള്ള മഹീന്ദ്ര ഇക്കാര്യവും പരിഹരിച്ച് വിപണിയിലെത്തുകയുണ്ടായി. ആവശ്യമുള്ള ആളുകൾക്ക് മോക്ക ബ്രൗണ്‍ നിറത്തിലുള്ള ഇന്റീരിയർ തെരഞ്ഞെടുക്കാനാവും. ഇപ്പോഴിതാ മഹീന്ദ്ര തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ലൈഫ്‌സ്റ്റൈൽ എസ്‌യുവിയായ ഥാർ റോക്‌സിന് പുതിയ മോച്ച ഗ്രേ ഇന്റീരിയർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ്.

ഐവറി വൈറ്റിന് പകരക്കാരനായാണ് പുതിയ മോച്ച ഗ്രേ ഇന്റീരിയർ ഓപ്ഷൻ എത്തുന്നതെന്നാണ് വിവരം. മോച്ച ഗ്രേ ഇന്റീരിയറുകളുള്ള ഥാർ റോക്‌സ് യൂണിറ്റുകളുടെ ആദ്യ ബാച്ച് ഇതിനകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഡാഷ്‌ബോർഡ്, സീറ്റുകൾ, ആംറെസ്റ്റുകൾ, ഡോർ പാഡുകൾ എന്നിവയുടെ ഭാഗങ്ങൾ ലൈറ്റ് ഗ്രേ നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നത് കാണാൻ കഴിയും.
സംഗതി എന്തായാലും തികച്ചും പ്രായോഗികമാണെന്നതിൽ സംശയമൊന്നും വേണ്ട. പുതിയ തീം മോച്ച ഗ്രേ എന്ന പേരിലായിരിക്കും അറിയപ്പെടുക. മഹീന്ദ്ര അടുത്തിടെ ഥാർ റോക്‌സിനെ പുതിയ സവിശേഷതകളോടെ 2025 മോഡൽ പരിഷ്ക്കരണം ലഭിച്ചിരുന്നു. ഡിസൈനിലും മെക്കാനിക്കലുകളിലും കൈവെക്കാതെയുള്ള നവീകരണം ഏറെ ശ്രദ്ധേയമാണെന്ന് പറയാതെ വയ്യ. വാഹനത്തിന്റെ വിലയിൽ യാതൊരു വർധനവുമില്ലാതെയാണ് ഈ മെച്ചപ്പെടുത്തലുകൾ വരുന്നത്.

കീലെസ് എൻട്രി റിക്വസ്റ്റ് സെൻസറുകൾ, സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കോ-ഡ്രൈവർ ആംറെസ്റ്റിനുള്ള സ്ലൈഡിംഗ് ഫംഗ്ഷൻ, ക്യാബിനുള്ളിലെ ശബ്ദം കുറയ്ക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന എയറോഡൈനാമിക് ഫ്ലാറ്റ് വൈപ്പറുകൾ എന്നിവയാണ് 2025 മഹീന്ദ്ര ഥാർ റോക്‌സിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകൾ. മഹീന്ദ്ര ഥാർ 5-ഡോർ എസ്‌യുവിയുടെ ബേസ് വേരിയന്റിന് 12.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.
അതേസമയം ടോപ്പ് എൻഡ് മോഡലിന് 23.09 ലക്ഷം രൂപയും ഇന്ത്യയിൽ എക്സ്ഷോറൂം വിലയായി ചെലവാക്കേണ്ടി വരും. MX1, MX3, MX5, AX3 L, AX5 L, AX7 L എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് വിപണനത്തിന് എത്തുന്നത്. വാങ്ങുന്നവർക്ക് 2WD, 4WD കോൺഫിഗറേഷനുകൾക്കിടയിൽ വാഹനം തെരഞ്ഞെടുക്കാനും അവസരമുണ്ടെന്നത് സെഗ്മെന്റിൽ മാരുതി ജിംനിക്കും ഫോഴ്‌സ് ഗൂർഖയ്ക്കും വെല്ലുവിളിയായിട്ടുമുണ്ട്.

2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇതിൽ പെട്രോളിന് 160 bhp പവറും 330 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഡീസൽ യൂണിറ്റ് 150 bhp കരുത്തിൽ 330 Nm ടോർക്ക് വരെ നിർമിക്കാനാവും. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായാണ് വരുന്നത്.
രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾക്ക് പിന്നാലെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. 2025 ഏപ്രിൽ മുതൽ എസ്‌യുവികളുടെയും വാണിജ്യ വാഹനങ്ങളുടെയും വില വർധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിലയിൽ 3 ശതമാനം വരെ വർധനവാണ് നടപ്പിലാക്കാൻ പോവുന്നത്. ഇൻപുട്ട് ചെലവുകളിലെ ഉയർച്ചയും ചരക്ക് വിലയിലെ വർധനവുമാണ് വില പരിഷ്ക്കാരത്തിന് കാരണമായിരിക്കുന്നതെന്ന് മഹീന്ദ്ര പറഞ്ഞു.


Click it and Unblock the Notifications








