ടാറ്റയുടെ പെട്ടിയിലെ അവസാനത്തെ ആണി, 500 കി.മീ. റേഞ്ചുള്ള 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കാൻ മഹീന്ദ്ര
ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുകയാണ് മഹീന്ദ്രയിപ്പോൾ. അടുത്തിടെ പുറത്തിറക്കിയ BE 6, XEV 9e ഇവികൾ ആഗോളതലത്തിൽ തന്നെ ചർച്ചയായപ്പോൾ വൈദ്യുത വാഹന രംഗത്തും ബ്രേക്ക്ത്രൂ ലഭിച്ചിരിക്കുകയാണ് കമ്പനിക്ക്. മുമ്പ് പലതവണ പുറത്തിറക്കിയ XUV400 ശ്രദ്ധിക്കപ്പെടാതെ പോയപ്പോൾ സന്തോഷിച്ചവരുടെ കൂട്ടത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസും ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ ടെസ്‌ലകൾ എന്നുവിളിക്കുന്ന രണ്ട് ഐറ്റം മോഡലുകളെത്തിയതോടെ എതിരാളികളുടെ എല്ലാം നെഞ്ചിൽ തീയായെന്ന് വേണം പറയാൻ. എരിതീയിൽ എണ്ണയൊഴിച്ച് കൊണ്ട് കമ്പനി അടുത്തായി കൊണ്ടുവരാൻ പോവുന്നത് ജനപ്രിയനായ XUV700 എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിനെയായിരിക്കും.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന XEV 7e ഇക്കഴിഞ്ഞ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ വെളിപ്പെടുത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും മോഡലിന്റെ ഔദ്യോഗിക അരങ്ങേറ്റം നടന്നില്ല. ഇപ്പോഴിതാ വാഹനത്തിന്റെ അവതരണം അധികം വൈകാതെയുണ്ടാവുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. BE 6, XEV 9e എന്നിവയ്ക്കുള്ള ശക്തമായ ഡിമാന്റ് നിറവേറ്റുന്നതിലാണ് മഹീന്ദ്ര നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

എങ്കിലും 2025 മധ്യത്തോടെയോ ഈ വർഷം അവസാനത്തോടെയോ വൈദ്യുതീകരിച്ച XUV700 എസ്‌യുവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. XUV.e8 എന്ന കൺസെപ്റ്റിൽ നിന്നാണ് മഹീന്ദ്ര XEV 7e ഇവിയുടെ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. XEV 9e ഇവിയുടെ ഫ്യൂച്ചറിസ്റ്റിക് രൂപത്തിന് വിപരീതമായി XEV 7e കൂടുതൽ പരമ്പരാഗത ഡിസൈനിലായിരിക്കും ഒരുങ്ങുകയെന്ന് ഇതെല്ലാം സൂചന നൽകുന്നു.
റീഡിസൈൻ ചെയ്‌ത ഫ്രണ്ട്, റിയർ ബമ്പറുകൾ, ലംബമായി അടുക്കിയിരിക്കുന്ന ത്രികോണാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, എയ്‌റോ ഇൻസേർട്ടുകളുള്ള പുതിയ അലോയ് വീലുകൾ, ഒരു ബ്ലാങ്ക്-ഓഫ് ഗ്രിൽ പോലുള്ളവയായിരിക്കും UV700 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന്റെ എക്സ്റ്റീരിയറിന് അഴകേകാൻ എത്തുക. വിശാലമായ മൂന്ന്-വരി സീറ്റിംഗ് ലേഔട്ടോടെ വരുന്നതിനാൽ ഇലക്ട്രിക് എസ്‌യുവി കൂടുതൽ പ്രായോഗികമായ വാഹനമായി മാറും.

ചെറിയ വിലയിൽ വലിയൊരു 7-സീറ്റർ ഇലക്ട്രിക് കാർ തേടി നടക്കുന്നവർക്ക് മഹീന്ദ്ര XEV 7e ഇവി അനുഗ്രഹമായിരിക്കും. ഇവിയുടെ ഉൾവശത്ത് ട്രിപ്പിൾ-സ്‌ക്രീൻ സജ്ജീകരണം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സംയോജിപ്പിക്കും. ലെവൽ 2 ADAS, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ നിരവധി പ്രീമിയം സൗകര്യങ്ങളാണ് സമ്പന്നമായിരിക്കും ഇന്റീരിയർ.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് നോക്കിയാൽ മഹീന്ദ്രയുടെ മറ്റ് വാഹനങ്ങളെ പോലെ തന്നെ 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗിനൊപ്പം വിപുലമായ സുരക്ഷാ സന്നാഹങ്ങളും മഹീന്ദ്ര XEV 7e ഇലക്ട്രിക് എസ്‌യുവിയിൽ അവതരിപ്പിക്കും. മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കും വിശ്വാസ്യതയ്ക്കുമായി ബിവൈഡിയുടെ LFP സെല്ലുകൾ പ്രയോജനപ്പെടുത്തി 59 kWh ബാറ്ററി പായ്ക്ക് XEV 7e എസ്‌യുവിയിൽ സജ്ജീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം വലിയ 79 kWh ബാറ്ററി പായ്ക്ക് ഓപ്ഷനും ഇതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഉയർന്ന സാന്ദ്രതയുള്ള LFP ബാറ്ററി സെല്ലുകൾ ഉപയോഗിച്ച് സിംഗിൾ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവിംഗ് റേഞ്ച് ഇലക്ട്രിക് എസ്‌യുവിക്ക് വാഗ്ദാനം ചെയ്യാൻ കഴിയും. ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് ടാറ്റയ്ക്കും മുമ്പേ ഇറങ്ങിത്തിരിച്ചവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയെങ്കിലും ക്ലിക്കാവാൻ സമയമെടുത്തു. എന്തായാലും ഇനി ബ്രാൻഡിനെ പിടിച്ചാൽ കിട്ടില്ലെന്ന് തന്നെ ഉറപ്പിക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








