കണ്ട് കൊതിച്ചു, ഇനി മഹീന്ദ്രയുടെ 656 കിലോമീറ്റർ റേഞ്ചുള്ള എസ്‌യുവി എന്ന് കൈയിൽ കിട്ടുമെന്ന് അറിയണ്ടേ
ലോകത്തിന് മുമ്പിലേക്ക് അഭിമാന പുരസ്ക്കരം സമർപ്പിക്കാനാവുന്ന മെയ്‌ഡ് ഇൻ ഇന്ത്യ ഇലക്‌ട്രിക് എസ്‌യുവികളാണ് (Electric SUV) മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ XEV 9e. ലോകോത്തര വാഹന നിർമാതാക്കളെ പോലും വിസ്മയിപ്പിച്ചുകൊണ്ട് മികവുറ്റ ഡിസൈനിൽ പണികഴിപ്പിച്ചിരിക്കുന്ന മോഡൽ ഇതിനോടകം പലരുടേയും ഡ്രീം കാറുകളിൽ ഒന്നായി മാറിയിട്ടുണ്ടെന്ന് വേണം പറയാൻ. അടുത്തിടെ XEV 9e ഇവിയുടെ വില പ്രഖ്യാപനത്തിലൂടെ വിസ്‌മയിപ്പിക്കാനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കായി (Mahindra And Mahindra) എന്നുവേണം പറയാൻ. ഇതിനൊപ്പം BE 6 എന്ന കൊച്ചുസുന്ദരനേയും കമ്പനി അവതരിപ്പിച്ചിരുന്നു.
മഹീന്ദ്ര XEV 9e, BE 6 ഇവികൾക്കായുള്ള ബുക്കിംഗ് 2025 ഫെബ്രുവരി 14-ന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. ഒമ്പത് വേരിയന്റുകളിലായി വരുന്ന വാഹനം ബുക്ക് ചെയ്യാൻ വലിയ തിരക്കായിരിക്കുമെന്നാണ് അനുമാനം. 2025 ഫെബ്രുവരി 6 മുതൽ രാവിലെ 10 മണി മുതൽ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട മോഡലുകളും വേരിയന്റുകളും തെരഞ്ഞെടുക്കാൻ കഴിയും.

എവറസ്റ്റ് വൈറ്റ്, ഡീപ് ഫോറസ്റ്റ്, ടാങ്കോ റെഡ്, നെബുല ബ്ലൂ, ഡെസേർട്ട് മിസ്റ്റ്, റൂബി വെൽവെറ്റ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിങ്ങനെ 7 കളർ ഓപ്ഷനുകളിലാവും മഹീന്ദ്ര XEV 9e ലഭ്യമാവുക. മാർച്ച് പകുതിയോടെ പായ്ക്ക് ത്രീ പുറത്തിറക്കിയ ശേഷം 2025 ജൂലൈയോടെ പായ്ക്ക് ടു മോഡലുകൾ വാങ്ങുന്നവരിലേക്ക് എത്തുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. എൻട്രി ലെവൽ പായ്ക്ക് വൺ, പായ്ക്ക് വൺ എബോവ് വേരിയന്റുകൾ 2025 ഓഗസ്റ്റിൽ ഡെലിവറി ചെയ്യും.
അതേസമയം പായ്ക്ക് ത്രീ സെലക്റ്റിന്റെ ഡെലിവറികൾ ജൂണിൽ ആരംഭിക്കുമെന്ന് മഹീന്ദ്ര പറയുന്നു. വാഹനങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കാൻ കമ്പനി ഒരു ഘടനാപരമായ റോൾഔട്ട് തന്ത്രം സ്വീകരിച്ചിട്ടുണ്ട്. ബോൺ ഇലക്ട്രിക് എസ്‌യുവികളുടെ പുതിയ നിര ഒന്നിലധികം ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കാനും ബ്രാൻഡിനാവും.

59 kWh ബാറ്ററിയുള്ള XEV 9e പായ്ക്ക് വണ്ണിന്റെ വില 21.90 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. എന്നാൽ പായ്ക്ക് വൺ എബോവിന്റെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഇതേ ബാറ്ററി കോൺഫിഗറേഷനുള്ള XEV 9e പായ്ക്ക് ടൂ 24.90 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. XEV 9e ഇലക്ട്രിക് എസ്‌യുവിയുടെ പായ്ക്ക് ത്രീ സെലക്ട് മോഡലിന്റെ എക്സ്ഷോറൂം വില 27.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് വരുന്നത്.
ചാർജർ വാഹനത്തിന്റെ വിലയ്ക്കൊപ്പം നൽകില്ലെന്നാണ് വിവരം. ഇതിനായി അധിക തുക മുടക്കേണ്ടി വന്നേക്കും. ഉപഭോക്താക്കൾക്ക് പ്രത്യേകം ഒരു ഹോം ചാർജർ വാങ്ങാനുള്ള ഓപ്ഷൻ നൽകും. വാങ്ങുന്നവർക്ക് 50,000 രൂപ വിലയുള്ള 7.2 kW യൂണിറ്റ് അല്ലെങ്കിൽ 75,000 രൂപയ്ക്ക് ലഭ്യമായ 11.2 kW ചാർജർ എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കാം. ഇത് തിരിച്ചടിയായി മാറുമോയെന്നത് കണ്ടറിയണം.

രണ്ടോ അതിലധികമോ വാഹനങ്ങൾക്ക് ബൾക്ക് ഓർഡറുകൾ നൽകുന്ന സ്ഥാപനങ്ങൾക്ക്, നിലവിലുള്ള ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറുള്ള ബിസിനസുകൾക്ക് ചാർജർ വാങ്ങുന്നത് ഒഴിവാക്കാനുള്ള സൗകര്യം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് കേട്ടോ. 79kWh ബാറ്ററി പായ്ക്കുള്ള XEV 9e ഇവി ഒറ്റ ചാർജിൽ 656 കിലോമീറ്റർ റേഞ്ച് നൽകുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം 59kWh ബാറ്ററി മോഡലുകൾ ഒറ്റ ചാർജിൽ 542 കിലോമീറ്റർ സഞ്ചരിക്കുമെന്ന് ARAI അവകാശപ്പെടുന്നു.
മറുവശത്ത് BE 6e ഇലക്ട്രിക് എസ്‌യുവിയും 59kWh, 79kWh പായ്ക്ക് ഓപ്ഷനോടെയാണ് വിപണിയിൽ എത്തുന്നത്. രണ്ടും റിയർ-വീൽ ഡ്രൈവ് രൂപത്തിൽ മാത്രമാണ് വരുന്നത്. വലിയ ബാറ്ററി പായ്ക്ക് മോഡലുകൾക്ക് സിംഗിൾ ചാർജിൽ 682 കിലോമീറ്റർ റേഞ്ച് നൽകാനാവുമ്പോൾ ചെറിയ ബാറ്ററി പായ്ക്ക് വേരിയന്റുകൾക്ക് 556 കിലോമീറ്റർ റേഞ്ചാണ് ലഭിക്കുക. എന്തായാലും ഇരുവാഹനങ്ങളുടേയും വിൽപ്പന ആരംഭിക്കുന്നതോടെ ഷോറൂമുകളിലേക്ക് ആളുകൾ ഇനിയും ഒഴുകിയെത്തുമെന്നാണ് അനുമാനം.


Click it and Unblock the Notifications








