രാജ്യം കാത്തിരുന്ന സമയമെത്തി, 656 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവിയുടെ ഡെലിവറി തുടങ്ങി മഹീന്ദ്ര
ഇന്ത്യയിലേക്ക് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല വരുന്നുവെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണിയായി. എങ്കിലും ഇനി അധികം വൈകാതെ വണ്ടിയിങ്ങ് എത്തുമെന്ന കാര്യം ഇലോൺ മസ്‌ക് സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ സാക്ഷാൽ ടെസ്‌ലയെ വരെ ഞെട്ടിക്കുന്ന തരത്തിൽ 2 ഇലക്‌ട്രിക് കാറുകൾ നമ്മുടെ സ്വന്തം മഹീന്ദ്ര ആഭ്യന്തര വിപണിയിൽ പുറത്തിറക്കുകയുണ്ടായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് എസ്‌യുവികളായ BE6, XUV 9E എന്നിവയുടെ കാര്യമാണീ പറഞ്ഞവരുന്നത്. ടെസ്‌ലയുടെ സൈബർ ട്രക്കിനോട് കിടപിടിക്കുന്ന രൂപവും ലക്ഷ്വറി കാറുകളിലെ മോഡേൺ ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ രണ്ട് വണ്ടികളിലും വിദേശികളുടെ വരെ കണ്ണുടക്കിയിരുന്നു.
അസാമാന്യ പ്രകടനം കാഴ്ച്ചവെക്കാനാവുന്ന ഇവയെ ഇന്ത്യൻ ടെസ്‌ലയെന്നാണ് പലരും സ്നേഹത്തോടെ വിളിച്ചത്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് XUV 9E ഇലക്ട്രിക് എസ്‌യുവിയുടെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കഴിഞ്ഞ മാസം ബുക്കിംഗ് ആരംഭിച്ച ഇവികൾക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. മിക്ക സെലിബ്രിറ്റകളും വാഹനം സ്വന്തമാക്കാനായി ബുക്ക് ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.

ഇതിനിടയിലാണ് സാധാരണക്കാരിലേക്ക് വാഹനം കൈമാറി മഹീന്ദ്ര ഞെട്ടിച്ചിരിക്കുന്നത്. ഒരു കുടുംബം അവരുടെ പുതിയ മഹീന്ദ്ര XUV 9E ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോയും ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വേദ് പ്രകാശ് എന്നയാളാണ് ഈ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. ഇവിയുടെ ഡെലിവറി എവിടെയാണ് ആരംഭിച്ചിരിക്കുന്നതെന്ന വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
എങ്കിലും വീഡിയോയുടെ ക്യാപ്ഷൻ വായിക്കുമ്പോൾ രാജസ്ഥാനിലെ ആദ്യത്തെ ഡെലിവറിയാണിതെന്നാണ് നിഗമനം. ആദ്യം ഉയർന്ന പായ്ക്ക് ത്രീ 79 kWh പതിപ്പുകൾ വിതരണം ചെയ്യുമെന്നും പിന്നീടായിരിക്കും ലോവർ വേരിയന്റുകളുടെ ഡെലിവറി ആരംഭിക്കുകയെന്നും മഹീന്ദ്ര അറിയിച്ചിരുന്നു. അതായത് വീഡിയോയിൽ കാണുന്ന ഇലക്ട്രിക് എസ്‌യുവി പായ്ക്ക് ത്രീയുടെ ടോപ്പ്-എൻഡ് വേരിയന്റാണെന്നാണ് അനുമാനം.

21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV 9E ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. ഇവിയുടെ ലോവർ വേരിയന്റുകൾക്ക് 59 kWh ബാറ്ററി പായ്ക്ക് ലഭിക്കുമ്പോൾ ടോപ്പ് വേരിയന്റുകൾ 79 kWh ബാറ്ററി പായ്ക്കോടെയാണ് വിപണിയിലെത്തുന്നത്. ചെറിയ ബാറ്ററി പതിപ്പ് 228 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.
മറുവശത്ത് വലിയ 79 kWh വേരിയന്റ് 282 Bhp കരുത്തിൽ 380 Nm ടോർക്ക് വരെ നിർമിക്കാൻ പാകമാണ്. ഈ മോഡലുകൾ പൂർണ ചാർജിൽ 656 കിലോമീറ്റർ റേഞ്ച് വരെ സമ്മാനിക്കും. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള മഹീന്ദ്രയുടെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് എസ്‌യുവിയാണിത്. നേരത്തെ XUV400 പുറത്തിറക്കിയിരുന്നുവെങ്കിലും ഇത് കാര്യമായ ശ്രദ്ധനേടിയിരുന്നില്ല.

ഡിസൈനിലേക്ക് വന്നാൽ XUV 9E ഇവിയുടെ മുൻവശം മസ്ക്കുലാർ ആയതും എന്നാൽ പ്രീമിയം ലുക്കിലുമാണ് കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്. കൺസെപ്റ്റ് പതിപ്പിൽ കണ്ട മിക്ക ഡിസൈൻ ഘടകങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. ഇവികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത മഹീന്ദ്രയുടെ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് XUV 9E ഇവി പണികഴിപ്പിച്ചിരിക്കുന്നത്.
കണക്റ്റിംഗ് എൽഇഡി ബാറുള്ള ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎല്ലുകളാണ് ഫ്രണ്ട് ഫാസിയയിലെ മറ്റൊരു ഹൈലൈറ്റ്. മിക്ക ആധുനിക മഹീന്ദ്ര വാഹനങ്ങളെയും പോലെ XUV 9E ഇവിയും ഫീച്ചറുകളാൽ സമ്പന്നമായ മോഡലാണെന്ന് കാഴ്ച്ചയിൽ തന്നെ മനസിലാക്കാനാവും. ഇന്റീരിയറിലേക്ക് കയറിയാൽ ഡാഷ്‌ബോർഡിൽ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകൾ പോലുള്ള പ്രീമിയം സവിശേഷതകൾ ഇലക്ട്രിക് എസ്‌യുവിക്ക് ലഭിക്കുന്നുണ്ട്.
ഇതിനെ മഹീന്ദ്ര സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ റിയർസീറ്റ് യാത്രക്കാർക്ക് യാത്രകൾ കൂടുതൽ ആനന്ദകരമാക്കാൻ രണ്ട് അധിക സ്‌ക്രീനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. വിഷൻഎക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസർ, 24 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകൾ.
7 എയർബാഗുകൾ, ലെവൽ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഡൈനാമിക് ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സംഗതികളും മഹീന്ദ്ര XUV 9E ഇലക്ട്രിക് എസ്‌യുവിയുടെ അകത്തളത്തിലെ അടിപൊളിയാക്കുന്നുണ്ട്. എന്തായാലും ഇനി നിരത്തുകളിൽ മഹീന്ദ്രയുടെ ഇന്ത്യൻ നിർമിത വൈദ്യുത എസ്‌യുവികൾ ചീറിപ്പായുന്നത് കാണാം.


Click it and Unblock the Notifications








