രാജ്യം കാത്തിരിക്കുന്ന നിമിഷം, 500 KM റേഞ്ചുള്ള മഹീന്ദ്രയുടെ 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവി നാളെ എത്തും
ഇലക്‌ട്രിക് വാഹന വിപണിയെ കൈപ്പിടിയിലാക്കാനായി പുത്തനൊരു 7-സീറ്റർ മോഡലുമായി എത്തുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബോൺ ഇലക്‌ട്രിക് എസ്‌യുവികളായ BE 6, XEV 9e എന്നിവയ്ക്ക് ശേഷം ബോൺ ഇലക്ട്രിക് INGLO സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പുറത്തിറക്കാൻ പോവുന്ന മൂന്നാമത്തെ മോഡലിന് XEV 9S എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് നാളുകളിലായി ടീസർ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഹൈപ്പ് ഉയർത്തിവെച്ചിരിക്കുന്ന വാഹനം നാളെയാവും വിപണിയിൽ അവതരിപ്പിക്കുക. ബെംഗളൂരുവിൽ 2025 നവംബർ 27-ന് രാവിലെ 8 മണിക്കാണ് വാഹനത്തിൻ്റെ ലോഞ്ച് നടക്കുക.
മഹീന്ദ്രയുടെ ആദ്യത്തെ ഫുള്ളി-ഇലക്ട്രിക് മൂന്ന്-വരി എസ്‌യുവിയായിരിക്കും XEV 9S. സീൽഡ് ഫ്രണ്ട് ഫാസിയ, കണക്റ്റഡ് ലൈറ്റ് ബാർ, യുണീക് സ്റ്റൈലിലുള്ള സി-ആകൃതിയിലുള്ള സിഗ്നേച്ചർ ഘടകങ്ങൾ എന്നിവയുള്ള ഒരു പ്രമുഖ എൽഇഡി ലൈറ്റിംഗ് ലേഔട്ടാവും ഇതിനെ വേറിട്ടുനിർത്തുക. മൊത്തത്തിലുള്ള ഡിസൈൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രദർശിപ്പിച്ച XUV.e8 കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

കൺസെപ്റ്റ് പതിപ്പിലെ സ്വാധീനം കൂടുതൽ പ്രകടമാണെങ്കിലും വലിപ്പവും വശക്കാഴ്ച്ചയും പിൻഭാഗത്തെ രൂപഘടനയുമെല്ലാം XUV700 എസ്‌യുവിയുടേതിന് സമാനമായിരിക്കും. എന്നാൽ അകത്തേക്ക് കടക്കുമ്പോൾ XEV 9e, BE 6 എന്നിവയിൽ കാണപ്പെടുന്ന മഹീന്ദ്രയുടെ ഏറ്റവും പുതിയ ഡിസൈൻ സ്റ്റൈലാണ് ഇൻ്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. ഡാഷ്‌ബോർഡിലുടനീളമായി വ്യാപിച്ച് കിടക്കുന്ന ട്രിപ്പിൾ സ്‌ക്രീൻ ലേഔട്ടാണ് ഇവിക്ക് ലക്ഷ്വറി ഫീലാണ് സമ്മാനിക്കുക.
ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, ഇൻഫോടെയ്ൻമെന്റ്, കോ-പാസഞ്ചർ സ്‌ക്രീൻ എന്നിവക്കായാണ് ട്രിപ്പിൾ സ്ക്രീൻ സജ്ജീകരണം കൊടുത്തിരിക്കുന്നത്. ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഡിസൈനും വൃത്തിയുള്ള സെൻ്റർ കൺസോളും ഡാഷ്‌ബോർഡും ഉപയോഗിച്ച് ഇൻ്റീയർ തീം വളരെ ലളിതമാക്കിവെക്കാനും മഹീന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടാം നിരയിൽ റിക്ലൈൻ ചെയ്യാവുന്ന സീറ്റുകളും അധിക ലെഗ്‌റൂമിനായി ബോസ് മോഡും ഉണ്ടായിരിക്കുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു വലിയ പനോരമിക് ഗ്ലാസ് റൂഫാണ് മഹീന്ദ്ര തങ്ങളുടെ 7-സീറ്റർ ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. ഫിക്സഡ് റിയർ സീറ്റ് എൻ്റർടൈൻമെൻ്റ് സ്‌ക്രീനുകൾക്ക് പകരം, കമ്പനി ഒരു BYOD സിസ്റ്റം അവതരിപ്പിക്കുകയാണ് ചെയ്‌തിരിക്കുന്നത്. പിന്നിലിരിക്കുന്ന യാത്രക്കാർക്ക് അവരുടെ സ്വന്തം ടാബ്‌ലെറ്റുകൾ പ്രത്യേക ഹോൾഡറുകളിൽ ഘടിപ്പിക്കാൻ ഇത് സഹായിക്കും. ഇതോടൊപ്പം മഹീന്ദ്ര XEV 9S ഇവിയിൽ പരമ്പരാഗത റിയർ ബൂട്ടും അധിക ഫ്രണ്ട് സ്റ്റോറേജ് കമ്പാർട്ട്‌മെൻ്റും ഉണ്ടായിരിക്കുന്നതാണ്.
മഹീന്ദ്രയുടെ INGLO സ്കേറ്റ്ബോർഡ് ആർക്കിടെക്ചറിലാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും നീളമേറിയതും ഭാരമേറിയതുമായ മൂന്ന് നിര വാഹനമായതിനാൽ XEV 9S ഇവിക്ക് അല്പം പരിഷ്ക്കരിച്ച സസ്‌പെൻഷൻ ട്യൂണിംഗ് ഉണ്ടായിരിക്കാം. ഔദ്യോഗിക കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സിംഗിൾ ചാർജിൽ 500 കിലോമീറ്റർ സുഖകരമായി ഓടുന്ന ട്രൂ ഡ്രൈവിംഗ് റേഞ്ചും പുതിയ 7-സീറ്റർ എസ്‌യുവി വാഗ്ദാനം ചെയ്തേക്കാം.

XEV 9e, BE 6 എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന അതേ 59kWh, 79kWh LFP ബാറ്ററി പായ്ക്കുകൾ തന്നെയാവും പുതിയ XEV 9S ഇവിയിലും ഉപയോഗിക്കുകയെന്നാണ് അനുമാനം. അൾട്രാ-ഫാസ്റ്റ് DC ചാർജിംഗ് ശേഷിയും നാളെ അവതരിപ്പിക്കാൻ പോവുന്ന 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവിക്കുണ്ടാവും. സാങ്കേതികവിദ്യയുടെയും സുരക്ഷാ സംവിധാനങ്ങളുടെയും കാര്യത്തിൽ മഹീന്ദ്ര XEV 9S കൂടുതൽ മികച്ചതായിരിക്കും. സ്റ്റാൻഡേർഡായി 6 എയർബാഗുകളും ഉണ്ടാവും.
ഒപ്പം ലെവൽ 2 ADAS, മെമ്മറി ഫംഗ്ഷനോടുകൂടിയ വെൻ്റിലേറ്റഡ്, പവർ-അഡ്ജസ്റ്റിബൾ ഫ്രണ്ട് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ്, കണക്റ്റഡ് കാർ സവിശേഷതകൾ, വയർലെസ് ചാർജിംഗ്, പ്രീമിയം ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയും പുതിയ ഇലക്‌ട്രിക് എസ്‌യുവിയുടെ ഭാഗമാവും. മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായതിനാൽ തന്നെ 22 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയും പ്രതീക്ഷിക്കാം.


Click it and Unblock the Notifications








