വാങ്ങിയവരാരും കുറ്റം പറഞ്ഞ് കേട്ടിട്ടില്ല! 4 ലക്ഷം പേരെ സന്തോഷിപ്പിച്ച് മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവി
കച്ചോടമില്ലാത്തൊരു വണ്ടിയുടെ പേര് മാറിയാൽ ആരെങ്കിലും വാങ്ങാനെത്തുമോയെന്ന് ചോദിച്ചാൽ മഹീന്ദ്രയുടെ എൻട്രി ലെവൽ എസ്‌യുവിയായ XUV 3XO (Mahindra XUV 3XO) എന്ന മിടുക്കനെ ഒന്ന് കാണിച്ച് കൊടുക്കണം. XUV300 എന്ന പേരിൽ വിറ്റുകൊണ്ടിരുന്നപ്പോൾ കാര്യമായി ആരും ശ്രദ്ധിക്കാതിരുന്ന മോഡൽ പേര് മാറ്റിയതോടെ ഷോറൂമിൽ വാഹനം വാങ്ങാനെത്തുന്നവരുടെ തിരക്ക് ഇരട്ടിയാവുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടത്. സേഫ്റ്റിയിലും പെർഫോമൻസിലും മിടുക്കനായിരുന്നുവെങ്കിലും അധികം ആളുകളൊന്നും XUV300 എന്ന ആദ്യ പതിപ്പിനെ സ്വന്തമാക്കാനായി എത്തിയിരുന്നില്ല. എന്നാൽ ഫെയ്‌സ്‌ലിഫ്റ്റ് എത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു.
XUV300 എന്ന പേരിൽ വിപണനം ചെയ്‌തിരുന്നപ്പോൾ നേടാൻ കഴിയാതിരുന്ന പല നേട്ടങ്ങളും സ്വന്തമാക്കി കുതിക്കുകയാണ് ഇപ്പോൾ മഹീന്ദ്ര XUV 3XO. കഴിഞ്ഞ മാസം സാക്ഷാൽ മാരുതി സുസുക്കി ബ്രെസയേക്കാൾ കച്ചോടം നേടിയാണ് കോംപാക്‌ട് എസ്‌യുവി സെഗ്മെൻ്റിൽ വാഹനം ഞെട്ടിച്ചത്. ഇതിന് പിന്നാലെ ഇപ്പോഴിതാ വിൽപ്പനയിൽ പുതിയൊരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ആശാൻ.

2025 ഒക്ടോബർ മാസത്തോടെ മഹീന്ദ്ര XUV 3XO പതിപ്പിൻ്റേയും XUV300 മോഡലിൻ്റെയും സംയോജിത വിൽപ്പന 4 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. ഓട്ടോകാർ ആണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഈ വലിയ നേട്ടത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഒക്ടോബറിൽ 12,237 യൂണിറ്റുകളുമായിഎക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയും രേഖപ്പെടുത്തിയാണ് കോംപാക്‌ട് എസ്‌യുവി ഈ നേട്ടം കൈവരിച്ചിരിക്കുന്നത് കേട്ടോ.
2019 ഫെബ്രുവരി 14-ന് വാലൻ്റൈൻസ് ഡേയിലാണ് മഹീന്ദ്ര XUV300 ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് 2024 ഏപ്രിൽ 29-ന് പുറത്തിറങ്ങിയ XUV 3XO എന്ന പേരിട്ട് ഫെയ്‌സ്‌ലിഫ്റ്റ് മോഡലും പുറത്തിറക്കി. 3XO-യുടെ ലോഞ്ച് മുതൽ 2025 ഒക്ടോബർ അവസാനം വരെ കോംപാക്‌ട് എസ്‌യുവിയുടെ 157,542 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. ബേബി XUV എസ്‌യുവിയുടെ 406,569 യൂണിറ്റ് മൊത്ത വിൽപ്പനയുടെ 39 ശതമാനം വിഹിതവും സംഭാവന ചെയ്‌തിരിക്കുന്നത് 3XO പതിപ്പാണെന്ന് സാരം.

2025 സാമ്പത്തിക വർഷം 100,905 യൂണിറ്റുകളുടെ വിൽപ്പനയുമായി മഹീന്ദ്രയുടെ ടോപ്പ് സെല്ലിംഗ് മോഡലായി മുന്നേറാനും XUV 3XO എസ്‌യുവിക്കാവുന്നുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 54,726 യൂണിറ്റുകളെ അപേക്ഷിച്ച് 84 ശതമാനത്തിലധികം വർധനവാണ് കച്ചോടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് കേട്ടോ. കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മഹീന്ദ്ര എസ്‌യുവിയായിരുന്നു ഇത്.
M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 9 വേരിയൻ്റുകളിൽ വരുന്ന കുഞ്ഞൻ എസ്‌യുവിക്ക് വൈവിധ്യമാർന്ന ആളുകളെ തൃപ്ത്തിപ്പെടുത്തായിട്ടുണ്ടെന്ന് വേണം പറയാൻ. വാങ്ങിപ്പോയവർ ആരും അങ്ങനെ കുറ്റം പറഞ്ഞ് കേട്ടിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാനാവുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മഹീന്ദ്ര XUV 3XO എസ്‌യുവിയിലെ 1.2 പെട്രോൾ എഞ്ചിൻ 115 bhp കരുത്തിൽൽ പരമാവധി 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ പതിപ്പുകൾ 130 bhp കരുത്തിൽ 250 Nm ടോർക്ക് വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm ടോർക്കാണ് നൽകുന്നത്.
ഗിയർബോക്‌സ് ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് മഹീന്ദ്ര ഒരുക്കിവെച്ചിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 7 സ്‌പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പോലുള്ള ഫീച്ചറുകളെല്ലാം കുത്തിനിറച്ചിരിക്കുന്നതിനാൽ യാത്രകളും കിടിലമാണ്.
360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ബ്ലൈൻഡ് വ്യൂ മോണിറ്റർ, 6 എയർബാഗുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയവ മോഡൺ ഫീച്ചറുകളെല്ലാം മഹീന്ദ്ര XUV 3XO എസ്‌യുവിയിലുണ്ട്. ജിഎസ്‌ടി നിരക്കുകൾ വെട്ടിക്കുറച്ചതിന് ശേഷം നിലവിൽ 7.28 ലക്ഷം മുതൽ 14.40 ലക്ഷം രൂപ വരെയാണ് XUV 3XO എസ്‌യുവിക്ക് ഇന്ത്യയിൽ വരുന്ന പുതുക്കിയ എക്സ്ഷോറൂം വില. ആയതിനാൽ മൊത്തത്തിൽ കിടിലനൊരു ഫാമിലി എസ്‌യുവിയായി XUV 3XO മാറുന്നുണ്ട്.


Click it and Unblock the Notifications








