ബ്രെസയെ ഓവർടേക്ക് ചെയ്‌ത് മഹീന്ദ്രയുടെ 7.28 ലക്ഷത്തിന്റെ എസ്‌യുവി, കഴിഞ്ഞ മാസം വാങ്ങിയത് 12,237 പേർ
എസ്‌യുവികളിലൂടെ വിസ്‌മയം തീർത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യക്കാരുടെ സ്വന്തം വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്ന എല്ലാ മോഡലുകൾക്കും വലിയ ഫാൻബേസുള്ളതിന്റെ പ്രധാന കാരണം അതിൽ ലഭിക്കുന്ന ഫീച്ചറുകളും സേഫ്റ്റിയും തന്നെയാണെന്ന് വേണം പറയാൻ. രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു എന്നീ വമ്പൻമാരോട് ഏറ്റുമുട്ടാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കിയ മോഡലായിരുന്നു XUV300. എന്നാൽ വേണ്ടത്ര രീതിയിൽ വിപണി പിടിക്കാൻ കക്ഷിക്കായിരുന്നില്ല.
അപ്പോഴാണ് ഇതിനൊരു ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരവും പുത്തൻ പേരും കമ്പനി സമ്മാനിക്കുന്നത്. അതോടെ ഷോറൂമുകളിൽ എത്തുന്നവരുടെ എണ്ണവും ക്രമാനുഗതമായി വർധിച്ചു. XUV300 എന്ന പേരിൽ വിപണനം ചെയ്‌തിരുന്നപ്പോൾ നേടാൻ കഴിയാതിരുന്ന പല നേട്ടങ്ങളും സ്വന്തമാക്കി കുതിക്കുകയാണ് ഇപ്പോൾ മഹീന്ദ്ര XUV 3XO. ദേ ഇക്കഴിഞ്ഞ 2025 ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ സാക്ഷാൽ മാരുതിയെ വരെ വിറപ്പിച്ചിരിക്കുകയാണ് കക്ഷി.

മാരുതി സുസുക്കിയുടെ ടോപ്പ് സെല്ലിംഗ് എസ്‌യുവിയായ ബ്രെസയെ കീഴ്പ്പെടുത്തി ശക്തമായ വിൽപ്പന നേടിയിരിക്കുകയാണ് മഹീന്ദ്ര XUV 3XO. പോയമാസം 12,237 യൂണിറ്റ് വിൽപ്പനയുമായാണ് കുട്ടിക്കൊമ്പൻ ബ്രെസയെ മറികടന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 9,562 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ XUV 3XO മോഡലിന്റെ വിൽപ്പന 28 ശതമാനത്തോളം വർധനവിനും സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
2025 ഒക്ടോബറിൽ മാരുതി ബ്രെസയ്ക്ക് 12,072 യൂണിറ്റ് വിൽപ്പനയാണ് നേടാനായത്. ചെറിയ യൂണിറ്റുകളുടെ വ്യത്യസത്തിലാണ് XUV 3XO ഓവർടേക്ക് ചെയ്‌തിരിക്കുന്നത് എങ്കിലും മഹീന്ദ്രയ്ക്ക് ഇതൊരു വലിയ നേട്ടം തന്നെയാണ്. M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 9 വേരിയന്റുകളിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംരാക്‌ട് സ്ുോർട് യൂട്ടിലിറ്റി വാഹനം വിപണനത്തിന് എത്തുന്നത്.

ജിഎസ്‌ടി നിരക്കുകൾ വെട്ടിക്കുറച്ചതിന് ശേഷം നിലവിൽ 7.28 ലക്ഷം മുതൽ 14.40 ലക്ഷം രൂപ വരെയാണ് XUV 3XO എസ്‌യുവിക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാനാവുന്നത്. ഇതിൽ ആദ്യത്തെ 1.2 പെട്രോൾ എഞ്ചിൻ 115 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കും.
അതേസമയം എസ്‌യുവിയുടെ കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ പതിപ്പുകൾ 130 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മഹീന്ദ്ര പറയുന്നു. 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെയാണ് നൽകുന്നത്. മഹീന്ദ്ര XUV 3XO-യിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് ഉൾപ്പെടുന്നത്.

മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ റീബ്രാൻഡഡ് XUV 3XO ഒരു വലിയ ബൂട്ട് സ്പേസ് ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ധാരാളിയായിട്ടാണ് വണ്ടിയുടെ വരവ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 7 സ്‌പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം തുടങ്ങിയ മോഡൺ ഫീച്ചറുകളെല്ലാം ഇതിൽ കുത്തിനിറച്ചിട്ടുണ്ട്.
പോരാത്തതിന് ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള EPB, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആറ് എയർബാഗുകൾ, പനോരമിക് സൺറൂഫ് എന്നിവ കൂടിയാവുമ്പോൾ ആരായാലും വണ്ടിയൊന്ന് നോക്കിപ്പോവും. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള മോഡലിന് മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 29.36 പോയിന്റുകളും കുട്ടികളുടെ സുരക്ഷയിൽ 49.00 ൽ 43.00 പോയിന്റുകളുമാണ് നേടാനായിട്ടുണ്ട്.


Click it and Unblock the Notifications








