7.99 ലക്ഷത്തിന്റെ എസ്‌യുവിയിലൂടെ പണംവാരി മഹീന്ദ്ര, മൈലേജും സേഫ്റ്റിയും ഒന്നിച്ച് കിട്ടുന്ന കുഞ്ഞൻകാർ
എസ്‌യുവികൾ മാത്രം വിറ്റഴിച്ച് നല്ലരീതിയിൽ കാശുണ്ടാക്കുന്നവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. വിൽപ്പനയുടെ കാര്യത്തിൽ ടാറ്റ മോട്ടോർസിനേയും ഹ്യുണ്ടായിയേയും വരെ മറകടന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി കമ്പനി അടുത്തിടെ പേരെടുത്തിരുന്നു. സ്കോർപിയോ, XUV700, ഥാർ തുടങ്ങിയ മോഡലുകളെല്ലാം വാങ്ങാൻ ആളുകൾ ഇരച്ചെത്തുന്നുണ്ട് ഇപ്പോഴും. ഇതോടൊപ്പം തന്നെ മഹീന്ദ്രയുടെ ഏറ്റവും ചെറിയ സ്പോർട് യൂട്ടിലിറ്റി വാഹനമായ XUV 3XO വാങ്ങാനും ആളുകൾ തിരക്കുകൂട്ടുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. XUV300 എന്ന പേരിൽ വിപണനം ചെയ്‌തിരുന്നപ്പോൾ നേടാൻ കഴിയാതിരുന്ന പല നേട്ടങ്ങളും ഇപ്പോൾ സ്വന്തമാക്കി കുതിക്കുകയാണ് ഈ കോംപാക്‌ട് എസ്‌യുവി.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് മഹീന്ദ്ര XUV300 പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലായി XUV 3XO റീബ്രാൻഡ് ചെയ്‌ത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. പേരിനൊപ്പം ഡിസൈനിലും ഫീച്ചറുകളിലും ഒരു പ്രീമിയം കാർ ഫീൽ കൊണ്ടുവരാനും ബ്രാൻഡിനായതാണ് വണ്ടിയുടെ തലവര തന്നെ മാറ്റിയത്. ഇതിനുശേഷം വിൽപ്പനയിലും വമ്പൻ മൈലേജാണ് കോംപാക്‌ട് എസ്‌യുവിക്ക് ലഭിച്ചത്.

2025 മാർച്ചിൽ XUV 3XO എസ്‌യുവിയുടെ 7,055 യൂണിറ്റുകളാണ് മഹീന്ദ്ര ഇന്ത്യയിൽ വിപണനം ചെയ്‌തത്. 2024 മാർച്ച് മാസത്തെ 2,072 യൂണിറ്റുകളെ അപേക്ഷിച്ച് കോംപാക്‌ട് എസ്‌യുവിയുടെ വിൽപ്പന 240 ശതമാനത്തോളം വർധനവിനാണ് സാക്ഷ്യംവഹിച്ചത്. 9 വേരിയന്റുകളിലായി വിൽപ്പനയ്ക്ക് എത്തുന്ന മോഡലിന് നിലവിൽ 7.99 ലക്ഷം രൂപ മുതൽ 15.56 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.
1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര XUV 3XO സ്വന്തമാക്കാനാവുക. എസ്‌യുവിയിലെ 1.2 പെട്രോൾ എഞ്ചിൻ 115 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ എസ്‌യുവിയുടെ കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ എഞ്ചിൻ 130 bhp കരുത്തിൽ 250 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്.

അതേസമയം 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. 1.2 പെട്രോൾ എഞ്ചിനുമായി വരുന്ന ബേസ് മോഡലിന് 18.89 കിലോമീറ്റർ വരെ മൈലേജും വാഹനത്തിന് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്.
ഫീച്ചറുകളിലും ധാരാളിയായാണ് മഹീന്ദ്ര XUV 3XO പണികഴിപ്പിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് പാനലിനുമായി ഇരട്ട 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 360-ഡിഗ്രി സറൗണ്ട് ക്യാമറ, റിയർ എസി വെൻ്റുകൾ, ലെവൽ 2 ADAS സ്യൂട്ട് എന്നിവയെല്ലാം കുത്തിനിറച്ചാണ് വാഹനത്തിന്റെ വരവ്. കൂടാതെ സെഗ്മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫ് വരെ XUV 3XO വാഗ്‌ദാനം ചെയ്യുന്നുണ്ട്.

6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് എന്നീ സുരക്ഷാ സംവിധാനങ്ങളാണ് വണ്ടിയുടെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സിറ്റത്തിൽ ലഭിക്കുന്നത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുള്ള മോഡലിന് മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 29.36 പോയിന്റുകളും കുട്ടികളുടെ സുരക്ഷയിൽ 49.00 ൽ 43.00 പോയിന്റുകളുമാണ് നേടാനായിട്ടുള്ളത്.
ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്‌ഠിതമായ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, സ്കോഡ കൈലാക് തുടങ്ങിയ വമ്പൻമാരുമായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ XUV 3XO എന്ന കുട്ടിക്കൊമ്പന്റെ മത്സരം. അടുത്തിടെ വാഹനത്തെ ഓസ്ട്രേലിയൻ വിപണിയിലും കമ്പനി അവതരിപ്പിച്ച് ഇന്റർനാഷണലാക്കുകയും ചെയ്‌തിരുന്നു.


Click it and Unblock the Notifications








