പുതിയ ലുക്കിൽ 7.99 ലക്ഷത്തിന്റെ കുഞ്ഞൻ എസ്‌യുവി, കൈലാക്കിനെ ഒതുക്കാൻ മഹീന്ദ്ര; സർപ്രൈസ് ഒരുപാടുണ്ട്
ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാനവാക്കായി മാറുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra And Mahindra). സാക്ഷാൽ ടാറ്റയേയും ഹ്യുണ്ടിയേയും മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറിയ കമ്പനി മാരുതി സുസുക്കി പിന്നിൽ ഇരിപ്പുറപ്പിക്കുകയും ചെയ്‌തു. കൃത്യമായ പ്ലാനിംഗോടെ എസ്‌യുവികളുടെ വിൽപ്പനയിൽ മുതലെടുപ്പ് നടത്താനായതാണ് കമ്പനിയെ ഈയൊരു വിജയത്തിലേക്ക് എത്തിച്ചതെന്ന് വേണമെങ്കിൽ പറയാം. കേമനായിരുന്നിട്ടും ചില കാരണങ്ങളാൽ പലരും തഴഞ്ഞിട്ട XUV300 മോഡലിനെ പേരുമാറ്റി മുഖംമിനുക്കി പുറത്തിറക്കിയതോടെ ആളുകളെ വാങ്ങാനായി മഹീന്ദ്ര ക്യൂ നിർത്തിക്കുക വരെ ചെയ്‌തു.
ഒരുമാസത്തിൽ 5,000 പോലും കടക്കാതിരുന്ന XUV300 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിൽ എത്തിയപ്പോൾ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ ഈ കോംപാക്‌ട് എസ്‌യുവി തേടിയെത്തിയത് അരലക്ഷം ആളുകളായിരുന്നു. ഇന്നും സെഗ്മെന്റിൽ ശക്തമായ വിൽപ്പന കണക്കുകളും നേടിയെടുത്തുകൊണ്ട് മഹീന്ദ്രയുടെ എൻട്രി ലെവൽ മോഡൽ കുതിക്കുകയാണ്.

ഇപ്പോഴിതാ വാഹനത്തിലേക്ക് അല്ലറ ചില്ലറ മാറ്റങ്ങൾ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. XUV 3XO സബ്-കോംപാക്‌ട് എസ്‌യുവിയുടെ പുതുമോഡലിന്റെ ടീസർ വീഡിയോയും കമ്പനി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മിക്കവാറും ഇതൊരു പുതിയ വേരിയന്റ് ആവാനാണ് സാധ്യത. ടീസർ വീഡിയോയുടെ ദൈർഘ്യം ചെറുതാണെങ്കിലും വാഹനത്തിലേക്ക് വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് ചില സൂചനകൾ ഇത് പങ്കുവെക്കുന്നുണ്ട് കേട്ടോ.
മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ വരാനിരിക്കുന്ന മോഡലിൽ പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ ഉൾപ്പെടുത്തിയേക്കും. ഒരുപക്ഷേ കൂടുതൽ സ്‌പോർട്ടിയർ വൈബ് നൽകുന്നതിനായി കറുപ്പിലായിരിക്കാം ഇത് പണികഴിപ്പിക്കുക. ഇതുകൂടാതെ കോംപാക്‌ട് എസ്‌യുവിക്ക് പനോരമിക് സൺറൂഫ്, ഇലക്ട്രിക് വെഹിക്കിൾ തീം ഫ്രണ്ട് ഗ്രിൽ, റെഡ്-ബ്ലാക്ക് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷൻ എന്നിവയും ലഭിക്കും.

പുതിയ വേരിയന്റ് എപ്പോൾ പുറത്തിറക്കുമെന്ന് മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ എസ്‌യുവികൾക്കായുള്ള വർധിച്ചുവരുന്ന ഡിമാന്റ് മുതലെടുക്കാൻ അധികം കാത്തിരുത്തി മുഷിപ്പിക്കാനും മഹീന്ദ്ര തയാറായേക്കില്ല. ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും കടുത്ത മത്സരം നേരിടുന്ന വിഭാഗത്തിലാണ് മഹീന്ദ്ര XUV 3XO സ്ഥാനം പിടിച്ചിരിക്കുന്നത്. ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, സ്കോഡ കൈലാക്, മാരുതി സുസുക്കി ബ്രെസ തുടങ്ങിയ മോഡലുകളാണ് ഈ സെഗ്മെന്റിലുള്ളത്.
M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 9 വേരിയന്റുകളിലായി എത്തുന്ന മഹീന്ദ്ര XUV 3XO എസ്‌യുവിക്ക് നിലവിൽ 7.99 ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോചാർജ്‌ഡ്, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് XUV 3XO മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്.
പുതിയ എക്സ്റ്റീരിയർ നവീകരണങ്ങൾ വാഹനത്തിലേക്ക് എത്തുമെങ്കിലും മെക്കാനിക്കലായി യാതൊരു മാറ്റങ്ങളും പ്രതീക്ഷിക്കേണ്ടതില്ല കേട്ടോ. XUV 3XO എസ്‌യുവിയുടെ 1.2 ലിറ്റർ പെട്രോളിന് 109 bhp പവറിൽ 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നത്. അതേസമയം കോംപാക്‌ട് എസ്‌യുവിലെ 1.2 ലിറ്റർ ഡയറക്‌ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ 130 bhp കരുത്തിൽ 250 Nm torque വരെ നൽകും.
മറുവശത്ത് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ എഞ്ചിൻ ഓപ്ഷനുകൾ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷൻ ചോയ്‌സുകളുമായാണ് വരുന്നത് എന്നതിനാൽ ആളുകൾ ഏതുതരം ഗിയർ ഓപ്ഷൻസും യഥേഷ്ടം തെരഞ്ഞെടുക്കാനാവും. ഫീച്ചറുകളുടെ കാര്യത്തിലായാലും XUV 3XO ഇടിവെട്ടാണെന്ന് ഏവർക്കും അറിയാമല്ലോ.


Click it and Unblock the Notifications








