7.28 ലക്ഷം വിലയുള്ള കുഞ്ഞൻ എസ്‌യുവിയിലൂടെ പണംവാരി മഹീന്ദ്ര, മൈലേജും സേഫ്റ്റിയും ഒന്നിച്ച് കിട്ടുന്ന XUV 3XO
രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു എന്നീ വമ്പൻമാരോട് ഏറ്റുമുട്ടാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കിയ മോഡലായിരുന്നു XUV300. നല്ല സേഫ്റ്റിയും പെർഫോമൻസുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമെല്ലാം ഉണ്ടായിരുന്നിട്ടും കാര്യമായി വിറ്റഴിയാതിരുന്നതോടെ വണ്ടിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിലെത്തിച്ചപ്പോൾ സാക്ഷാൽ മഹീന്ദ്ര വരെ ഞെട്ടിപ്പോവുന്ന റെസ്പോൺസാണ് ആളുകളിൽ നിന്നും ഉണ്ടായത്. പുതിയ ലുക്കിനൊപ്പം XUV 3XO എന്ന പുതിയ പേരും സമ്മാനിച്ചതോടെ ഷോറൂമിലേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി.
XUV 3XO എത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞുവെന്ന് വേണം പറയാൻ. ചൂടപ്പം പോലെ വിറ്റഴിയുന്ന മോഡൽ ഇന്നും വിപണി തകർക്കുകയാണെന്ന് തന്നെ പറയാം. 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഇക്കാര്യങ്ങളെല്ലാം കൃത്യമായി അറിയാൻ കഴിയുന്നുണ്ട്. പോയമാസം കോംപാക്‌ട് എസ്‌യുവിയുടെ 9032 യൂണിറ്റുകളാണ് നിരത്തിലെത്തിയത്.

2025 ഓഗസ്റ്റ് മാസം മഹീന്ദ്ര വിറ്റഴിച്ച 5521 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ വിൽപ്പനയിൽ 63.59 ശതമാനത്തിന്റെ വർധനവ് കൈവരിക്കാൻ മഹീന്ദ്ര XUV 3XO കോംപാക്‌ട് എസ്‌യുവിക്കായിട്ടുണ്ട്. പോയ വർഷം സെപ്റ്റംബറിൽ വിറ്റഴിച്ച 9,000 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോഴും ചെറിയ വർധനവ് കൈവരിക്കാൻ മോഡലിനാവുന്നുണ്ട്. ഇത്രയും ഉയർന്ന മത്സAരം നേരിടുന്ന സെഗ്മെന്റിൽ വിൽപ്പന താഴേക്ക് പോവാതെ പിടിച്ചുനിർത്താനായത് ശ്രദ്ധേയമായ കാര്യമാണ്.
നിലവിൽ വിൽപ്പന വർധിപ്പിക്കുവാനായി ജിഎസ്‌ടി വിലക്കുറവിന് പുറമെ 90,000 രൂപയുടെ ആനുകൂല്യങ്ങളും XUV 3XO എസ്‌യുവിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ കേന്ദ്രസർക്കാർ ചരക്ക് സേവന നികുതി കുറച്ചതിന്റെ ഭാഗമായി മോഡലിന്റെ വിലയിൽ 1.56 ലക്ഷം രൂപ വരെ വിലക്കുറവും സംഭവിച്ചിട്ടുണ്ട്. M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 9 വേരിയന്റുകളിലാണ് വാഹനം നിരത്തിലെത്തുന്നത്.

നിലവിൽ 7.28 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് മഹീന്ദ്രയുടെ എൻട്രി ലെവൽ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. . 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി സ്വന്തമാക്കാനാവുന്നത്. ഇതിൽ ആദ്യത്തെ പെട്രോൾ എഞ്ചിൻ 115 bhp പവറിൽ 200 Nm torque വരെ ഉത്പാദിപ്പിക്കും.
മറുവശത്ത് എസ്‌യുവിയിലെ കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ പതിപ്പുകൾ 130 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മഹീന്ദ്ര പറയുന്നു. 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെയാണ് നൽകുന്നത്. മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിക്കായുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് തെരഞ്ഞെടുക്കാനാവുക.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും ധാരാളിയായിട്ടാണ് വണ്ടിയുടെ വരവ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 7 സ്‌പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള EPB, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ആറ് എയർബാഗുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയവ മോഡൺ ഫീച്ചറുകളെല്ലാം മഹീന്ദ്ര XUV 3XO എസ്‌യുവിയിലുണ്ട്.

സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേക പരിഗണന കമ്പനി കൊടുത്തിട്ടുണ്ടെന്ന് വേണം പറയാൻ. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ്, ആറ് എയർബാഗുകൾ, നാല് കോണുകളിലും ഡിസ്‌ക് ബ്രേക്കുകൾ, ISOFIX ആങ്കർ പോയിന്റുകൾ എന്നിവയാണ് മഹീന്ദ്ര XUV 3XO എസ്‌യുവിൽ വാഗ്ദാനം ചെയ്യുന്നത്. ബ്രെസ, നെക്സോൺ, വെന്യു, സോനെറ്റ് എന്നിവയ്ക്ക് പുറമെ ഫ്രോങ്ക്‌സ്, മാഗ്നൈറ്റ്, കൈഗർ എന്നിവയിൽ നിന്നും മത്സരം നേരിടേണ്ടതായി വരുന്നുണ്ട്.


Click it and Unblock the Notifications








