5 പേർക്ക് ഇനി ഞെളിഞ്ഞിരുന്ന് പോവാനൊക്കൂല്ല... ഈ XUV700 എസ്‌യുവി നിർത്താലാക്കാൻ തീരുമാനിച്ച് മഹീന്ദ്ര
ഥാറിനും സ്കോർപിയോയ്ക്കും ശേഷം ഇന്ത്യയിൽ ഓളമുണ്ടാക്കിയ മഹീന്ദ്ര എസ്‌യുവിയാണ് XUV700 (Mahindra XUV700). ശരിക്കും പറഞ്ഞാൽ കമ്പനിയുടെ ഇന്നത്തെ ഇമേജിലേക്ക് എത്തിച്ചത് ഈ ഫ്ലാഗ്ഷിപ്പ് മോഡലാണെന്നും വേണമെങ്കിൽ പറയാം. XUV500 പെട്ടന്ന് നിർത്തലാക്കിയപ്പോൾ ആരാധകർക്കുണ്ടായ നിരാശ ചെറുതൊന്നുമല്ലായിരുന്നു. എന്നാൽ പകരക്കാരനായി ഇറങ്ങിയ വണ്ടിയെത്തിയതോടെ പലരും പഴയ ചീറ്റപ്പുലിയെ വരെ മറന്നുപോയി. അത്രയേറെ ഓളമാണ് XUV700 ഇന്ത്യൻ വിപണിയിലുണ്ടാക്കിയെടുത്തത്. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ വാഹനം വാങ്ങാൻ ആളുകൾ വരിവരിയായി നിൽക്കുന്ന കാഴ്ച്ചയാണ് ഡീലർഷിപ്പുകളിൽ കാണാനാവുന്നത്.
വന്നിട്ട് വർഷം നാല് ആകാറായെങ്കിലും ഇന്നും ആരവം ഒഴിയാതെ വിൽപ്പന കുതിക്കുകയാണ്. 2021 ഓഗസ്റ്റിൽ അവതരിപ്പിച്ച XUV700 എസ്‌യുവിക്ക് ഇന്ന് രണ്ട് ലക്ഷത്തിലധികം ഉടമകളുണ്ടെന്നാണ് മഹീന്ദ്രയുടെ കണക്കുകൾ. എന്നാൽ ഇപ്പോഴിതാ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ നിന്നും ഞെട്ടിക്കുന്നൊരു വാർത്തയാണ് പുറത്തുവരുന്നത് കേട്ടോ. തലക്കെട്ടിൽ വായിച്ചതു പോലെ XUV700 പെട്ടന്ന് നിർത്തലാക്കിയിരിക്കുകയാണ് ബ്രാൻഡ്.

പക്ഷേ എസ്‌യുവിയുടെ 5-സീറ്റർ മോഡൽ മാത്രമാണ് വിപണിയോട് ഗുഡ്ബൈ പറഞ്ഞിറങ്ങിയിരിക്കുന്നത്. അതായത് മഹീന്ദ്ര XUV700 മോഡൽ ഇനി മുതൽ 7-സീറ്റർ ഫോർമാറ്റിൽ മാത്രമേ വാങ്ങാനാവൂവെന്ന് ചുരുക്കം. മുമ്പ് 5-സീറ്റർ 7-സീറ്റർ കോൺഫിഗറേഷനുകളിലാണ് വാഹനം വിപണിയിലെത്തിയിരുന്നത്. ഇതിലെ അഞ്ച് സീറ്റർ മോഡലിനെയാണ് കമ്പനി പിൻവലിച്ചിരിക്കുന്നത്.
XUV700 എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകൾക്കാണ് കൂടുതൽ ഡിമാന്റ് ഉള്ളതെന്ന കാരണത്താലാണ് ഈ വകഭേങ്ങളെ ഒഴിവാക്കാൻ കാരണമായിരിക്കുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും അഞ്ച് സീറ്റർ വേരിയന്റുകൾ ഡീലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ബുക്ക് ചെയ്യാനിരിക്കുന്നവർക്ക് വാഹനം 7 സീറ്റർ വേരിയന്റുകളിൽ മാത്രമാണ് തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുക.

XUV700 എസ്‌യുവിയുടെ 7-സീറ്റർ പെട്രോൾ മാനുവൽ ബേസ് മോഡലിന് 15 ലക്ഷത്തിൽ താഴെയാണ് വില ആരംഭിക്കുന്നത്. അതേസമയം ടോപ്പ്-എൻഡ് ട്രിമ്മുകൾക്ക് 6, 7 സീറ്റർ വേരിയന്റുകൾ ലഭിക്കും. പ്രായോഗികത കൂടുതലായതിനാൽ തന്നെ മിക്ക ആളുകളും അധിക പണം ചെലവഴിച്ച് 5-സീറ്ററിന് പകരം 7-സീറ്റർ പതിപ്പ് വാങ്ങുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. 5-സീറ്റർ പതിപ്പിന് മതിയായ ഫീച്ചറുകളും മികച്ച ബൂട്ട് സ്പേസും ലഭിക്കുന്നുണ്ടെങ്കിലും ടോപ്പ് AX7, AX7 L വേരിയന്റുകൾ കൂടുതൽ പ്രായോഗികമാണ്.
XUV700 മോഡലിന്റെ 5-സീറ്റർ പതിപ്പുകൾ AX5 വേരിയന്റുകളിൽ മാത്രമായിരുന്നു പരിമിതപ്പെടുത്തിയിട്ടുണ്ടായിരുന്നത്. ഇതിൽ 18 ഇഞ്ച് അലോയ് വീലുകൾ, ADAS സ്യൂട്ട്, ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ലെതറെറ്റ് സീറ്റുകൾ, സൈഡ് എയർബാഗുകൾ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് ഡ്രൈവർ സീറ്റ്, ഓട്ടോ, പവർഫോൾഡ് ORVM, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ പോലുള്ള ഫീച്ചറുകളൊന്നും ലഭ്യമായിരുന്നില്ല.

ഒപ്പം ടോപ്പ് എൻഡ് വേരിയന്റുകളെ അപേക്ഷിച്ച് ഡിജിറ്റൽ വീഡിയോ റെക്കോർഡിംഗ്, സോണി 3D സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ് പോലുള്ള മോഡേൺ ഫീച്ചറുകളും മഹീന്ദ്ര XUV700 5-സീറ്റർ AX5 വേരിയന്റുകളിൽ നിന്നും ഒഴിവാക്കിയാണ് കമ്പനി പുറത്തിറക്കിയിരുന്നത്.
ആയതിനാൽ ആളുകളെല്ലാം കൂടുതൽ പണംമുടക്കി ടോപ്പ് എൻഡ് മോഡലുകൾ വാങ്ങാൻ റെഡിയായിരുന്നു. 5-സീറ്റർ പതിപ്പ് നിർത്തലാക്കിയെങ്കിലും വാഹനത്തിൽ കമ്പനി മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ സമ്മാനിച്ചിട്ടില്ല. 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ നാല് സിലിണ്ടർ എംഹോക്ക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം മഹീന്ദ്ര XUV700 വാങ്ങാനാവും.

2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായോ തെരഞ്ഞെടുക്കാം. ഇനി ഡീസലിലേക്ക് നോക്കിയാൽ ഗിയർബോക്‌സ് അടിസ്ഥാനമാക്കി ട്യൂണിംഗിൽ മഹീന്ദ്ര വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്.
അതായത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കുമ്പോൾ ഡീസൽ എഞ്ചിന് പരമാവധി 185 bhp പവറിൽ പരമാവധി 420 Nm torque വരെ നൽകാനാവും. അതേസമയം ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് വേരിയന്റാണ് സ്വന്തമാക്കുന്നതെങ്കിൽ ടോർക്ക് 450 Nm ആയി ഉയരുന്നുണ്ട്. എന്നാൽ XUV700 എസ്‌യുവിയുടെ ഏതെങ്കിലും ബേസ് വേരിയന്റാണ് വാങ്ങുന്നതെങ്കിൽ പവർ ഔട്ട്പുട്ട് കണക്കുകൾ 155 bhp, 360 Nm torque എന്നിങ്ങനെയായി മാറുന്നു.


Click it and Unblock the Notifications








