7-സീറ്റർ ഫാമിലി എസ്‌യുവിക്ക് 75,000 രൂപയുടെ ഓഫറുമായി മഹീന്ദ്ര; പക്ഷേ ഈയൊരു കണ്ടീഷനുണ്ടെന്ന് മാത്രം
വാഹന വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കളായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra & Mahindra) കപ്പടിച്ചത് 2025 ഫെബ്രുവരിയിലായിരുന്നു. ഹ്യുണ്ടായിയേയും ടാറ്റ മോട്ടോർസിനെയും പിന്തള്ളി കമ്പനി ഈ നേട്ടം കൈവരിച്ചത് പലരേയും അമ്പരിപ്പിച്ചിട്ടുണ്ട്. എസ്‌യുവി മോഡലുകൾ മാത്രം പുറത്തിറക്കിയാണ് മഹീന്ദ്ര കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. XUV 3XO മുതൽ XUV700 വരെ നീളുന്ന ICE എഞ്ചിൻ വാഹനനിരയ്ക്ക് പുറമെ അടുത്തിടെ പുറത്തിറക്കിയ BE 6, XEV 9e ഇവികളും പണംവാരുന്നുണ്ട്.
സ്കോർപിയോ N, ഥാർ എസ്‌യുവി നിരയ്ക്കൊപ്പം അല്ലെങ്കിൽ ഒരുപടി മുന്നിൽ നിൽക്കുന്ന മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ് XUV700. ഇക്കഴിഞ്ഞയിടയ്ക്ക് 2.50 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴിക്കല്ല് താണ്ടി വാഹനം കുതിക്കുകയാണ്. പുറത്തിറങ്ങി 3.5 വർഷത്തിനുള്ളിലാണ് ബ്രാൻഡ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതാഘോഷിക്കാനായി XUV700 എസ്‌യുവിയിൽ കിടിലൻ ഓഫറുകളും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

XUV700 AX7 വേരിയന്റ് 75,000 രൂപ വരെ ആനുകൂല്യങ്ങളോടെ ഇപ്പോൾ സ്വന്തമാക്കാനാവുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്. M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ വേരിയന്റുകളിലായി ആകെ മൊത്തത്തിൽ 46 വകഭേദങ്ങളിലാണ് ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ഇതിൽ 22 പെട്രോൾ, 24 ഡീസൽ വേരിയന്റുകളാണ് ഉൾപ്പെടുന്നത്.
ഇതിലെ ടോപ്പ് എൻഡ് മോഡലുകൾക്കാണ് ബ്രാൻഡ് 75,000 രൂപ വരെ ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നത്. XUV700 രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുക. അതിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിവയാണ് ഉൾപ്പെടുന്നത്. പെട്രോൾ വേരിയന്റ് 5,000 ആർപിഎമ്മിൽ പരമാവധി 197 bhp കരുത്തും 1,750-3,000 ആർപിഎമ്മിൽ പരമാവധി 380 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഫ്ലാഗ്ഷിപ്പ് എസ്‌യുവിയിലെ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ഡീസൽ MX മോഡലുകൾ 155 bhp കരുത്തിൽ 360 Nm torque നൽകുമ്പോൾ ടോപ്പ് വേരിയന്റുകൾ 185 bhp പവറിൽ പരമാലധി 420 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് കോമ്പിനേഷനുകളിൽ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് പെട്രോളിലും ഡീസലിലും ലഭിക്കുന്നത്.
മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന XUV700 ഫീച്ചറുകളാൽ സമ്പന്നമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇൻസ്ട്രുമെൻ്റ് കൺസോളിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമുള്ള 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകൾ, അഡ്രിനോക്‌സ് യൂസർ ഇൻ്റർഫേസ്, അലെക്‌സ ബിൽറ്റ്-ഇൻ ഫംഗ്‌ഷണാലിറ്റി, സോണി സൗണ്ട് സിസ്റ്റം, ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, വോയ്‌സ് കമാൻഡുകൾ തുടങ്ങിയവയെല്ലാം മഹീന്ദ്രയുടെ 7-സീറ്റർ എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

തീർന്നില്ല, ഇതിന് പുറമെ ആംബിയൻ്റ് ലൈറ്റിംഗ്, വെൻ്റിലേറ്റഡ് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ORVM-കൾ, OTA അപ്‌ഡേറ്റുകൾ, ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കുകൾ, ISOFIX ചൈൽഡ് സീറ്റ് മൌണ്ട് എന്നിവ പോലുള്ള സവിശേഷതകളും XUV700 എസ്‌യുവിയിൽ കമ്പനി കുത്തിനിറച്ചിട്ടുണ്ടെന്ന് വേണം പറയാൻ.
XUV700 എസ്‌യുവിയുടെ ഒരു പ്രത്യേക ബ്ലാക്ക് എഡിഷന്റെ പണിപ്പുരയിലാണ് മഹീന്ദ്രയിപ്പോൾ. ടീസറിലൂടെ പരിചയപ്പെുത്തിയ ബ്ലാക്ക്മാൻ മാർച്ച് 17-ന് വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. അടുത്തിടെ സ്കോർപിയോ N കാർബൺ എഡിഷനിൽ കണ്ടതിന് സമാനമായ രീതിയിലാവും വാഹനത്തിനെ പണികഴിപ്പിക്കുക. പുതുതായി അവതരിപ്പിച്ച XUV700 ബ്ലാക്ക് എഡിഷനിൽ നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കോസ്മെറ്റിക് മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂ.

ലെതറെറ്റ് സീറ്റിംഗ്, ബ്ലാക്ക് ഹെഡ്‌ലൈനർ, ഇതുമായി പൊരുത്തപ്പെടുന്ന സ്റ്റിച്ചിംഗ് എന്നിവ ഉൾക്കൊള്ളുന്ന കറുപ്പ് നിറത്തിലാനും XUV700 ബ്ലാക്ക് എഡിഷന്റെ അകത്തളവും പണികഴിപ്പിക്കുക. കൂടാതെ സ്മോക്ക്ഡ് ക്രോം സറൗണ്ടുകളും ഇന്റീരിയറിൽ ഉൾപ്പെടുത്തുമെന്നാണ് അനുമാനം. അടുത്തിടെ പുറത്തിറക്കിയ സ്കോർപിയോ N കാർബൺ എഡിഷനിൽ നടപ്പിലാക്കിയവയെ പ്രതിഫലിപ്പിക്കുന്നതാവും ഈ അപ്‌ഡേറ്റുകൾ.


Click it and Unblock the Notifications








