ഇനിയെങ്കിലും ഇന്നോവയെ മറന്നൂടേ, മഹീന്ദ്രയുടെ 7-സീറ്റർ ഫാമിലി എസ്‌യുവിക്ക് 1.43 ലക്ഷം വരെ വില കുറച്ചു
വിൽപ്പനയുടെ കാര്യത്തിൽ ഹ്യുണ്ടായിയെയും ടാറ്റ മോട്ടോർസിനെയും പിന്തള്ളി പലമാസങ്ങളിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാതാക്കാളായി നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാറിയിരുന്നു. അതിന്റെ പിന്നിലുള്ള പ്രധാന കാരണം ജനകീയമായ തീരുമാനങ്ങൾ കൃത്യമായ സമയത്ത് നടപ്പിലാക്കുന്നതും നല്ല മോഡലുകൾ പുറത്തിറക്കുന്നതുമാണ്. ഥാർ, സ്കോർപിയോ എന്നിവയ്ക്ക് പുറമെ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ XUV700 വരെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ടൊയോട്ട ഇന്നോവ പോലുള്ള ഡീസൽ മോഡലുകൾ അരങ്ങുവാഴുന്ന വില നിലവാരത്തിലാണ് വരുന്നതെങ്കിലും ഇതിന്റെ തലയെടുപ്പ് ഒന്ന് വേറെ തന്നെയാണ്.
രണ്ടും രണ്ട് സെഗ്മെന്റാണെങ്കിലും ഫാമിലിയിലേക്ക് സെവൻ സീറ്റർ വാഹനങ്ങൾ തേടുന്നവർക്ക് XUV700 കണ്ണുംപൂട്ടി വാങ്ങിക്കാം കേട്ടോ. നല്ല യാത്രാ സുഖവും സേഫ്റ്റിയും ഫീച്ചറുകളുമെല്ലാം ഒരുമിച്ച് കിട്ടുന്ന മോഡലിനോട് ആരെങ്കിലും മുഖം തിരിക്കുമോ? ഇപ്പോഴിതാ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് സ്പോർട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാൻ മറ്റൊരു കാരണം കൂടിയായി. എന്താണെന്നല്ലേ, തലക്കെട്ടിൽ പറഞ്ഞതുപോലെ എസ്‌യുവിയുടെ വില വെട്ടിക്കുറച്ചിരിക്കുകയാണ് കമ്പനി.

സെപ്റ്റംബർ 22 മുതൽ പുതിയ ജിഎസ്‌ടി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പേ തന്നെ തങ്ങളുടെ മോഡൽ നിരയിൽ വില വെട്ടിക്കുറച്ച മഹീന്ദ്രയുടെ തീരുമാനത്തെ ഏവരും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. XUV700 എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിലക്കുറവ് എങ്ങനെയാണെന്ന് നോക്കിയാലോ? വകഭേദങ്ങൾ തിരിച്ചുള്ള പുതിയ വില എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എത്രത്തോളം കുറയുമെന്ന തുക കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
നിലവിൽ MX, AX3, AX5 S, AX5, AX7, AX7 L എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന മഹീന്ദ്ര എസ്‌യുവിക്ക് വരുന്ന വിലക്കുറവ് എത്രയാണെന്ന് പറയാം. ആദ്യത്തെ ബേസ് MX മോഡലിന് 88,900 രൂപ കുറയുമ്പോൾ AX3 പതിപ്പിന് 1,06,500 രൂപയും AX5 S വേരിയന്റിന് 1,10,200 രൂപയുമാണ് വില കുറഞ്ഞിരിക്കുന്നത്. XUV700 എസ്‌യുവിയുടെ AX5 മോഡലിന് 1,18,300 രൂപയും AX7-ന് 1,31,900 രൂപയും വിലക്കുറവ് സംഭവിച്ചു.

ഇനി എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് 1,43,000 രൂപ കുറയ്ക്കാനാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്. എസ്‌യുവി വിഭാഗത്തിൽ പെടുന്ന XUV700 ഇന്ത്യയിൽ 4,000 മില്ലിമീറ്ററിൽ കൂടുതൽ നീളവും 1,500 സിസിയിൽ കൂടുതൽ എഞ്ചിൻ ശേഷിയുമുള്ള ക്യാറ്റഗറിയിലാണ് വരുന്നത്. അതിനാൽ, മുമ്പ് 48 ശതമാനം ജിഎസ്ടി (28 ശതമാനം ജിഎസ്ടി + 20 ശതമാനം സെസ്) ഈടാക്കിയിരുന്നു.
XUV700 എസ്‌യുവിയുടെ പുതുക്കിയ നികുതി സ്ലാബ് 40 ശതമാനം ജിഎസ്ടിയാണ്. പുതിയ തീരുമാനപ്രകാരം ഉപഭോക്താക്കൾക്ക് 8 ശതമാനത്തോളം നികുതി കുറച്ചടച്ചാൽ മതിയാവും. ഇങ്ങനെയാണ് ഓരോ വേരിയന്റിനും ഇപ്പോൾ വിലക്കുറവ് ലഭിക്കുന്നത്. ഇതൊഴികെ വാഹനത്തിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് XUV700 വാങ്ങാനാവുക.

എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അണിനിരത്തിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വാഹനത്തിലെ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം വാഹനത്തിലെ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
അതിൽ ഡീസൽ ബേസ് മോഡലുകൾ 155 bhp പവറിൽ പരമാവധി 360 Nm ടോർക്ക് നൽകുമ്പോൾ ടോപ്പ് വേരിയന്റുകൾ 185 bhp കരുത്തിൽ 420 Nm ടോർക്കാണ് വികസിപ്പിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും വണ്ടി റിച്ചാണ്. ഇൻസ്ട്രുമെൻ്റ് കൺസോളിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമുള്ള 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകൾ, അഡ്രിനോക്‌സ് യൂസർ ഇൻ്റർഫേസ്, അലെക്‌സ ബിൽറ്റ്-ഇൻ ഫംഗ്‌ഷണാലിറ്റി, സോണി സൗണ്ട് സിസ്റ്റം, ലെവൽ 2 ADAS എന്നിവയെല്ലാം എസ്‌യുവിയിൽ ലഭിക്കും.
പനോരമിക് സൺറൂഫ്, വോയ്‌സ് കമാൻഡുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, 18 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ, ലെതറെറ്റ് സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് സീറ്റുകൾ, ലെതറെറ്റ് ഗിയർ ലിവർ, വെൽക്കം റിട്രാക്റ്റുള്ള 6-വേ പവർഡ് സീറ്റ്, ഓട്ടോ ബൂസ്റ്ററുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എയർ പ്യൂരിഫയർ, സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക് ഫോൾഡിംഗ് ORVM, സ്മാർട്ട് ക്ലോസുള്ള വൺ-ടച്ച് ഡ്രൈവർ വിൻഡോ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും XUV700 എസ്‌യുവിയിൽ കുത്തിനിറച്ചിട്ടുണ്ട്.


Click it and Unblock the Notifications








