XUV700 ഇനി അറിയപ്പെടുക പുതിയ പേരിൽ, ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൻ്റെ പുതിയ പേര് കൊള്ളാല്ലോ...
ഇന്ത്യയിലെ സെവൻ സീറ്റർ എസ്‌യുവി വിഭാഗത്തിൽ പ്രത്യേക ഫാൻബേസുള്ള വാഹനമാണ് മഹീന്ദ്ര XUV700. സാക്ഷാൽ ടൊയോട്ട ഇന്നോവയെ വരെ വെല്ലുന്ന യാത്രാസുഖവും ഫീച്ചറുകളുമെല്ലാമായി മോഡൽ ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയത് വളരെ വേഗത്തിലായിരുന്നു. XUV500 എസ്‌യുവിയുടെ പിൻഗാമി ഇത്ര വലിയ ഓളം സൃഷ്‌ടിക്കുമെന്ന് ആരും കരുതിയിരുന്നതുമില്ല. ഇന്ന് 3 ലക്ഷത്തിലധികം സന്തോഷവാൻമാരായ ഉടമകളും മിടുക്കനുണ്ട്. ഇപ്പോഴിതാ മുഖംമിനുക്കി വിപണിയിലെത്താൻ ഒരുങ്ങുകയാണ് XUV700. ഇത്തവണ വലിയ സർപ്രൈസുകൾക്കൊപ്പം പേരും മാറ്റിയായിരിക്കും ആശാൻ വിപണിയിലേക്ക് എത്തുക. ഇക്കാര്യം മഹീന്ദ്രയും ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞിരിക്കുകയാണ്.
നിരവധി എക്സ്റ്റീരിയർ, ഇൻ്റീരിയർ പരിഷ്ക്കാരങ്ങൾ ലഭിക്കാനിരിക്കുന്ന മോഡലിന് പുതിയ പേരും സമ്മാനിക്കുന്നത് പലരേയും ആശ്ചര്യപ്പെടുത്തിയേക്കാം. XUV300 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ XUV 3XO എന്ന പേര് സ്വീകരിച്ചതിന് സമാനമായ രീതിയാണ് XUV700 എസ്‌യുവിക്കും നടപ്പിലാക്കാൻ ഒരുങ്ങുന്നത്. 2026 ജനുവരി 5-ാം തീയതി പുതിയ ലുക്കിലും പേരിലും എസ്‌യുവി അരങ്ങത്തേക്ക് എത്തുമെന്ന കാര്യവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

ആദ്യം ഡിസൈനിലേക്ക് മാറ്റങ്ങളിലേക്ക് വന്നാൽ XUV 7XO മോഡലിൽ 7 പോലെ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകൾ ഉണ്ടാവും. ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിനെ ട്രപസോയിഡൽ എൽഇഡി ലൈറ്റ് യൂണിറ്റുകൾ ഉപയോഗിച്ച് ഫ്രെയിം ചെയ്യുന്ന രീതിയിലാണ് ഡിആർഎൽ ഒരുക്കിയിരിക്കുന്നതും. മഹീന്ദ്രയുടെ ഐക്കണിക് സ്ലാറ്റഡ് ഗ്രില്ലും 7-സീറ്റർ എസ്‌യുവിയുടെ അഴക് വർധിപ്പിക്കാനായി മുൻവശത്തുണ്ട്. അടിസ്ഥാന രൂപം നിലനിർത്തി റീഡിസൈൻ ചെയ്‌ത ബമ്പറും പുതുക്കിയ ഹെഡ്‌ലാമ്പ് ഘടകങ്ങളും ഉൾക്കൊള്ളിച്ച് ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ ഗ്ലാമറാക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.
വശക്കാഴ്ച്ചയിൽ പുതുമ കൊണ്ടുവരുവാനായി ഡ്യുവൽ ടോൺ ഫിനിഷുള്ള അലോയ് വീൽ കൊണ്ടുവന്നേക്കാം. നിലവിലെ സിഗ്നേച്ചർ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ നിലനിർത്തിയാവും XUV 7XO പുറത്തിറക്കുക. ഇതോടൊപ്പം അടിപൊളി കളർ ഓപ്ഷനുകളും വാഹനത്തിന് നിറംപകരാനായി എത്തും. XUV 7XO എസ്‌യുവിയുടെ ഇൻ്റീരിയറിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും XEV 9e, 9S എന്നിവയിൽ കാണുന്നതുപോലെയുള്ള ഒരു ട്രിപ്പിൾ-സ്‌ക്രീൻ സജ്ജീകരണം ഈ 7-സീറ്റർ എസ്‍യുവി കടമെടുത്തേക്കാം.

XUV700 ഫെയ്‌സ്‌ലിഫ്റ്റ് 6-സീറ്റ്, 7-സീറ്റ് പതിപ്പുകൾ ലഭ്യമാകാൻ സാധ്യതയുണ്ട്. വാഹനത്തിൻ്റെ 5-സീറ്റ് പതിപ്പ് വാഗ്ദാനം ചെയ്യുമോ എന്ന് അറിയില്ല. ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തിയുള്ള ലെവൽ 2 ADAS, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഫുൾ-എൽഇഡി ലൈറ്റിംഗ്, ആംബിയന്റ് ഇല്യൂമിനേഷൻ, ഒന്നിലധികം എയർബാഗുകൾ, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ എന്നീ ഫീച്ചറുകളായിരിക്കും XUV 7XO എസ്‌യുവി വാഗ്ദാനം ചെയ്യുക.
2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് XUV700 വാങ്ങാനാവുക. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അണിനിരത്തിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലും മാറ്റങ്ങളൊന്നും ഉണ്ടാവാനുള്ള സാധ്യത കാണുന്നില്ല. പഴയ രീതിയിൽ തന്നെ പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ പവർഔട്ട്പുട്ട് കണക്കുകൾ നിലനിർത്തും.
2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റാലിയൻ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായോ തെരഞ്ഞെടുക്കാം. ഇനി ഡീസലിലേക്ക് നോക്കിയാൽ ഗിയർബോക്‌സ് അടിസ്ഥാനമാക്കി ട്യൂണിംഗിൽ മഹീന്ദ്ര വ്യത്യാസം കൊണ്ടുവന്നിട്ടുണ്ട്.
അതായത് 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കുമ്പോൾ ഡീസൽ എഞ്ചിന് പരമാവധി 185 bhp പവറിൽ പരമാവധി 420 Nm torque വരെ നൽകാനാവും. അതേസമയം 6 സ്പീഡ് ഓട്ടോമാറ്റിക്ക് വേരിയന്റാണ് സ്വന്തമാക്കുന്നതെങ്കിൽ ടോർക്ക് 450 Nm ആയി ഉയരുന്നുണ്ട്. എന്നാൽ XUV700 എസ്‌യുവിയുടെ ഏതെങ്കിലും ബേസ് വേരിയന്റാണ് വാങ്ങുന്നതെങ്കിൽ പവർ ഔട്ട്പുട്ട് കണക്കുകൾ 155 bhp, 360 Nm torque എന്നിങ്ങനെയായി മാറുന്നു.
വിലയുടെ കാര്യത്തിലേക്ക് വന്നാൽ നിലവിൽ 13.66 ലക്ഷം മുതൽ 25.14 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV700 എസ്‌യുവിക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. മാറ്റങ്ങളുടെ ഭാഗമായി ചെറിയ വില വർധനവും മോഡലിലേക്ക് എത്തും കേട്ടോ. ഇന്ത്യൻ വിപണിയിൽ എംജി ഹെക്‌ടർ, ഹ്യുണ്ടായി അൽകസാർ, ടാറ്റ സഫാരി, ടൊയോട്ട ഇന്നോവ തുടങ്ങിയ വമ്പൻമാരുമായാവും മഹീന്ദ്ര XUV 7XO മത്സരിക്കുക.


Click it and Unblock the Notifications








