ഇന്നോവ വാങ്ങാനിരുന്നവർ പോലും വാങ്ങിയ 7-സീറ്റർ എസ്‌യുവി, 3 ലക്ഷം വീടുകളിലെത്തി മഹീന്ദ്രയുടെ കൊമ്പൻ

മഹീന്ദ്രയുടെ ഇന്നത്തെ സൗഭാഗ്യങ്ങൾക്കെല്ലാം കാരണക്കാരനായ മോഡൽ പുതുതലമുറ ഥാർ (New Gen Mahindra Thar) ആണെന്ന് വിശ്വസിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. എന്നാൽ മഹീന്ദ്ര എസ്‌യുവികളെ ഇത്രയും മോഡേണും ഫീച്ചർ റിച്ചാക്കിയതും XUV500 എസ്‌യുവിയുടെ പകരക്കാരനായിട്ട് അവതരിച്ച XUV700 ആണെന്ന് നിസംശയം വാദിക്കാം. അതുവരെ ഈ ബജറ്റിൽ കിട്ടാത്ത ഫീച്ചറുകളെല്ലാം അണിനിരത്തിയെത്തിയ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനത്തിനെ നെഞ്ചിലേറ്റാൻ ഇന്ത്യക്കാർക്ക് മറിച്ചൊരു ചിന്തയുടെ ആവശ്യം വേണ്ടിവന്നിട്ടില്ല. ഇപ്പോഴിതാ 3 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ലും പിന്നിട്ട് കുതിക്കുകയാണ് മഹീന്ദ്ര XUV700.

ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് മഹീന്ദ്ര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പുതിയ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസിനെയും ഹ്യുണ്ടായിയെയും മറികടന്ന് വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായി മാറാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയെ സഹായിച്ചവരിൽ പ്രധാനി കൂടിയാണ് കക്ഷി. ഏത് വലിയ കുടുംബത്തിനും പറ്റിയ വണ്ടിയായതിനാൽ തന്നെ പലരും ടൊയോട്ട ഇന്നോവ ക്രിസ്റ്റ വരെ വേണ്ടെന്ന് വെച്ച് XUV700 വാങ്ങിയിട്ടുണ്ടെന്നതാണ് സത്യം.

Mahindra XUV700 SUV Sales Crossed 3 Lakh Units In India

ശരിക്കും പറഞ്ഞാൽ ഇന്നോവ നാണിച്ചുപോവുന്ന ഫീച്ചറുകളും താങ്ങാനാവുന്ന വിലയും പവർഫുള്ളും കിടിലൻ മൈലേജും തരുന്ന പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ സാന്നിധ്യവുമെല്ലാമാണ് മഹീന്ദ്ര XUV700 എസ്‌യുവി വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്ന കാര്യം. 2021-ലാണ് വാഹനം ആദ്യമായി ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഇപ്പോഴും ശക്തമായ ഡിമാൻഡ് ലഭിക്കുന്ന വണ്ടിക്ക് ഇതുവരെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പോലും ലഭിക്കാഞ്ഞിട്ടും ഗംഭീര കച്ചോടമാണ് പിടിക്കുന്നത്.

ഇക്കഴിഞ്ഞ മാർച്ചിലാണ് മഹീന്ദ്ര XUV700 എസ്‌യുവി 2.50 ലക്ഷം വിൽപ്പന മറികടക്കുന്നത്. M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ വേരിയന്റുകളിലായി ആകെ മൊത്തത്തിൽ 46 വകഭേദങ്ങളിലാണ് ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ഇതിൽ 22 പെട്രോൾ, 24 ഡീസൽ വേരിയന്റുകളാണ് ഉൾപ്പെടുന്നത്. ഇനി വില നോക്കുകയാണെങ്കിലും ആശാൻ അടിപൊളിയാണ്.

Mahindra XUV700 SUV Sales Crossed 3 Lakh Units In India

നിലവിൽ 14.49 ലക്ഷം മുതൽ 25.14 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് XUV700 വാങ്ങാനാവുക. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അണിനിരത്തിയിരിക്കുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മഹീന്ദ്ര XUV700 എസ്‌യുവിയിലെ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം വാഹനത്തിലെ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ഡീസൽ ബേസ് മോഡലുകൾ 155 bhp പവറിൽ പരമാവധി 360 Nm ടോർക്ക് നൽകുമ്പോൾ ടോപ്പ് വേരിയന്റുകൾ 185 bhp കരുത്തിൽ 420 Nm ടോർക്കാണ് വികസിപ്പിക്കുന്നത്.

Mahindra XUV700 SUV Sales Crossed 3 Lakh Units In India

മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന XUV700 ഫീച്ചറുകളാൽ സമ്പന്നമാണെന്ന് നേരത്തെ പറഞ്ഞല്ലോ. ഇൻസ്ട്രുമെൻ്റ് കൺസോളിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമുള്ള 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകൾ, അഡ്രിനോക്‌സ് യൂസർ ഇൻ്റർഫേസ്, അലെക്‌സ ബിൽറ്റ്-ഇൻ ഫംഗ്‌ഷണാലിറ്റി, സോണി സൗണ്ട് സിസ്റ്റം, ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, വോയ്‌സ് കമാൻഡുകൾ, ആംബിയൻ്റ് ലൈറ്റിംഗ് പോലുള്ള കാര്യങ്ങളെല്ലാം എസ്‌യുവിയിൽ ലഭിക്കും.

അതേസമയം വെൻ്റിലേറ്റഡ് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ORVM-കൾ, OTA അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളും ഒപ്പമുണ്ടാവും. ഇത്രയും നീണ്ട സവിശേഷതകളോടൊപ്പം ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയാണ് XUV700 വരുന്നത്. ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കുകൾ, ISOFIX എന്നീ സേഫ്റ്റി ഫീച്ചേഴ്‌സുകളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.

More from DriveSpark

Article Published On: Thursday, July 17, 2025, 8:35 [IST]
English summary
Mahindra xuv700 suv sales crossed 3 lakh units in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X