സാധാരണക്കാരനെ ചേർത്ത് പിടിച്ച് മാരുതി, ആൾട്ടോ മുതൽ ബ്രെസ വരെ ഇനി 6 എയർബാഗുകൾ; കൂട്ടിന് ഈ സേഫ്റ്റി ഫീച്ചറുകളും
ജനകീയ തീരുമാനങ്ങൾ എടുക്കുന്നതിൽ ഡോക്‌ടറേറ്റ് എടുത്തിട്ടുള്ളവരാണ് മാരുതി സുസുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ കാലങ്ങളായി നിൽക്കുന്നതിന്റെ പിന്നിലുള്ള കാരണവും അതുതന്നെയാണ്. ജനങ്ങളുടെ പൾസറിഞ്ഞ് വേണ്ട കാര്യങ്ങൾ ചെയ്‌ത് കൊടുക്കുന്ന മറ്റൊരു കമ്പനിയുണ്ടോയെന്ന് വരെ സംശയമാണ്. എന്നാൽ മാരുതി കാറുകൾക്ക് സേഫ്റ്റിയില്ലെന്ന് പലരും കുറ്റപ്പെടുത്തിയത് ഫാൻസ് പോലും എതിർക്കാൻ നിന്നിരുന്നില്ല. ഒരുപരിധി വരെ ഇതെല്ലാം ശരിയാണെന്നായിരുന്നു ആരാധകർ വിശ്വസിച്ചിരുന്നത്. പക്ഷേ എല്ലാവർക്കുമുള്ള മറുപടി സൈലന്റായി കമ്പനി നൽകിയ കമ്പനി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കുന്ന തങ്ങളുടെ ആദ്യത്തെ കാർ ഈ വർഷം പുറത്തിറക്കി.
മാരുതി ഡിസയർ വിസ്‌മയിപ്പിച്ചപ്പോൾ എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോയിൽ വരെ 6 എയർബാഗുകൾ വെച്ചുപിടിപ്പിച്ച് കമ്പനി പുറത്തിറക്കുകയുണ്ടായി. ഇതോടെ വിമർശനങ്ങൾക്കെല്ലാം അറുതിയായി. അങ്ങനെ പതിയെ പതിയെ എല്ലാ കാറുകളിലും ഈയൊരു ഫീച്ചർ സ്റ്റാൻഡേർഡായി കൊണ്ടുവരാനുള്ള ശ്രമങ്ങളും മാരുതി സുസുക്കി ആരംഭിച്ചു. ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാല് മോഡലുകളിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ഒരുക്കി കഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആൾട്ടോ K10, സെലേറിയോ, ഈക്കോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ തുടങ്ങിയ അരീന ഷോറൂമുകളിലൂടെ വിൽക്കുന്ന എല്ലാ കാറുകളിലും ഇനി സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകൾ ലഭിക്കും. എയർബാഗുകൾക്ക് പുറമേ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) തുടങ്ങിയ ഫീച്ചറുകളും ഈ മോഡലുകളിൽ സ്റ്റാൻഡേർഡായുണ്ടാവും.
ഇന്ത്യയിലുടനീളമുള്ള മാരുതി സുസുക്കി അരീന ഡീലർഷിപ്പുകളിൽ പുതുക്കിയ വകഭേദങ്ങൾ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു. അതത് മോഡലുകളിലെ 6 എയർബാഗ് സജ്ജീകരണത്തിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത് കൂട്ടിയിടി പോലുള്ള അപകടങ്ങളുണ്ടായാൽ യാത്രക്കാർക്ക് സമഗ്രമായ സംരക്ഷണം ഉറപ്പാക്കുന്ന കാര്യങ്ങളാണ്. സാധാരണക്കാർക്ക് ഇനി മാരുതി സുസുക്കി കാറുകൾ സേഫ്റ്റിയുടെ ആശങ്കകളൊന്നുമില്ലാതെ തന്നെ വാങ്ങിക്കാം. ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ, കഴിഞ്ഞ മാസം 11.42 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ ഗ്രാൻഡ് വിറ്റാരയുടെ 2025 മോഡൽ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു.
മിഡ്-സൈസ് എസ്‌യുവി നിരയിൽ ഹ്യുണ്ടായി ക്രെറ്റയുമായി പോരടിക്കുന്ന ഗ്രാൻഡ് വിറ്റാരയിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ഫോർ-വീൽ ഡിസ്ക് ബ്രേക്കുകൾ, ചൈൽഡ് സീറ്റുകൾക്കുള്ള ISOFIX ആങ്കറുകൾ, ഓരോ യാത്രക്കാർക്കും 3-പോയിന്റ് ELR സീറ്റ് ബെൽറ്റുകൾ തുടങ്ങിയ മറ്റ് സ്റ്റാൻഡേർഡ് സുരക്ഷാ സാങ്കേതികവിദ്യകളും വിറ്റാരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും സുസുക്കിയുടെ ALLGRIP സെലക്ട് ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം ഉൾപ്പെടുത്തിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് നിര വികസിപ്പിക്കുന്നതിനായി മാരുതി സുസുക്കി ഒരു പുതിയ ഡെൽറ്റ പ്ലസ് സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റും കൂടി ചേർത്തിട്ടുണ്ട്. ഇതുവാങ്ങാൻ താത്പര്യമുള്ളവർക്ക് 16.99 ലക്ഷം രൂപ എക്സ്ഷോറൂം വിയലയായി മുടക്കിയാൽ മതിയാവും.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിലെ സീറ്റ പ്ലസ്, ആൽഫ പ്ലസ് വേരിയന്റുകൾക്കൊപ്പമാണ് പുതിയ ഡെൽറ്റ പ്ലസ് വിപണനത്തിന് എത്തുക. എട്ട് തരത്തിൽ പവർ അഡ്‌ജസ്റ്റബിൾ ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, എൽഇഡി ക്യാബിൻ ലൈറ്റിംഗ്, റിയർ ഡോർ സൺഷെയ്‌ഡുകൾ, PM 2.5 റീഡൗട്ടുമായി സംയോജിപ്പിച്ച ഓട്ടോമാറ്റിക് എയർ പ്യൂരിഫയർ എന്നിവയും 2025 മോഡൽ ഇയർ പരിഷ്ക്കാരത്തിന്റെ ഭാഗമായി എസ്‌യുവിയിലേക്ക് എത്തിയിട്ടുണ്ട്.

മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷന് പുറമെ സാധാരണക്കാർക്കായി സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ കാര്യമായ ഡിമാന്റില്ലാതിരുന്ന ഈ മോഡൽ അടുത്തിടെ നിർത്തലാക്കിയതായാണ് വിവരം. ഗ്രാൻഡ് വിറ്റാര സിഎൻജി നിർത്തലാക്കിയതിന്റെ കാരണം മാരുതി സുസുക്കി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
2025 ഏപ്രിൽ എട്ടിന് എസ്‌യുവിയുടെ വിലയിൽ 41,000 രൂപ വരെ വർധനവ് ഉണ്ടായിരുന്നു. അതോടൊപ്പമാണ് എസ്‌യുവിയുടെ സിഎൻജി വകഭേദങ്ങളും പിൻവലിക്കുന്നത്. എർട്ടിഗ സിഎൻജി, XL6 സിഎൻജി തുടങ്ങിയ ബ്രാൻഡിന്റെ മറ്റ് മോഡലുകളിൽ കാണപ്പെടുന്നതിന് സമാനമായ അതേ എഞ്ചിനായിരുന്നു ഗ്രാൻഡ് വിറ്റാരയുടെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റിലും വാഗ്‌ദാനം ചെയ്‌തിരുന്നത്.
ഈ 1.5 ലിറ്റർ K15C, ഫോർ സിലിണ്ടർ എഞ്ചിൻ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 101 bhp പവറിൽ പരമാവധി 136 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രം വരെ വരുന്ന സിഎൻജിയിൽ ഓടുമ്പോൾ വാഹനത്തിന് 88 bhp കരുത്തും 121.5 Nm ടോർക്കും ആണ് നൽകാനാവുക. കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജാണ് മാരുതി അവകാശപ്പെട്ടിരുന്നത്.
മൈൽഡ്-ഹൈബ്രിഡ് എതിരാളികളേക്കാൾ വളരെ ലാഭകരമാണെന്ന വസ്‌തുത കണക്കിലെടുത്താണ് കമ്പനി ഗ്രാൻഡ് വിറ്റാരയ്ക്ക് സിഎൻജി ഫ്യുവൽ ഓപ്ഷൻ സമ്മാനിച്ചത്. മിക്കവാറും ഡിമാൻഡ് കുറവായതിനാലാവാം രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി സിഎൻജി വകഭേദങ്ങൾ നിർത്തലാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി വാങ്ങുന്നവരിൽ ഭൂരിഭാഗവും സ്ട്രോംഗ് ഹൈബ്രിഡുകൾക്കാണ് പ്രാധാന്യം കൊടുത്തിരുന്നതും.
എന്തായാലും വിൽപ്പനയുടെ കാര്യത്തിൽ 2025 ഏപ്രിൽ മാസവും മാരുതി സുസുക്കി തന്നെയാണ് ഒന്നാമത്. പോയ മാസം മൊത്തത്തിൽ 1,79,791 കാറുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 1,68,089 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പന 7 ശതമാനത്തോളമാണ് വർധിച്ചത്. ആഭ്യന്തര വിപണിയിൽ വിറ്റഴിച്ച 1,42,053 യൂണിറ്റുകളും ടൊയോട്ടയ്ക്ക് കൈമാറിയ 9,827 റീബാഡ്‌ജ്ഡ് കാറുകളും വിദേശ വിപണി കയറ്റുമതി ചെയ്ത 27,911 വാഹനങ്ങളുടേയും ആകെ കണക്കാണ് 1.79 ലക്ഷം എന്നത്.
ആൾട്ടോയും എസ്-പ്രെസോയും ഉൾപ്പെടുന്ന ചെറുകാർ സെഗ്മെന്റിന് കാര്യമായ തിരിച്ചടി നേരിട്ടു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഈ മോഡലുകളുടെ വിൽപ്പന 11,519 യൂണിറ്റായിരുന്നുവെങ്കിൽ ഇത്തവണയത് വലിയ മാർജിനിൽ ഇടിഞ്ഞ് 6,332 യൂണിറ്റായി കുറഞ്ഞു. അതേസമയം ബലേനോ, സ്വിഫ്റ്റ്, വാഗൺആർ, ഡിസയർ, ഇഗ്നിസ് തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന കോംപാക്‌ട് വിഭാഗത്തിന്റെ വിൽപ്പന 61,591 യൂണിറ്റായി ഉയർന്നിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








