മാരുതി മുതൽ നിസാൻ വരെ; വിൽപ്പന വട്ടപൂജ്യം, പോയമാസം ആരും വാങ്ങാതിരുന്ന കാറുകൾ കണ്ടാൽ ഞെട്ടും
വിൽപ്പനയുടെ കാര്യത്തിൽ ഒരോ ബ്രാൻഡുകളും മോഡലുകളും കഠിനമായ മത്സരമാണ് നടക്കുന്നത്. എതിരാളികളില്ലാതെ മാരുതി സുസുക്കി ഒന്നമതായി നിൽക്കുമ്പോൾ വീറും വാശിയോടെയും ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര എന്നിവർ രണ്ടാംസ്ഥാനത്തിനായി പോരാടുകയാണ്. അതേസമയം ഏറ്റവും കൂടുതൽ വിറ്റഴിപ്പെടുന്ന കാർ എന്ന പദവി അലങ്കരിക്കാൻ ക്രെറ്റ, നെക്സോൺ, എർട്ടിഗ, ഡിസയർ, പഞ്ച് പോലുള്ള മോഡലുകളാണ് ഓരോ മാസവും മത്സരിക്കുന്നത്. എന്നാൽ മറുവശത്ത് ആരും വാങ്ങാത്ത വിൽപ്പന വട്ടപൂജ്യമായിട്ട് നിൽക്കുന്ന ചില കാറുകളും ഇന്ത്യയിലുണ്ട്. പോയമാസം ആരും വാങ്ങാതിരുന്ന അഞ്ച് കാറുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?
കിയ EV6: വിപണിയിൽ എത്തിയിട്ട് കുറേക്കാലം ആയെങ്കിലും നിരത്തുകളിൽ അധികം കാണാത്ത മോഡലുകളിൽ ഒന്നാ കിയയുടെ EV6 ഇലക്ട്രിക് എസ്‌യുവി. 65.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലെത്തുന്ന കാറിന്റെ ഒരു യൂണിറ്റ് പോലും കഴിഞ്ഞ മാസം വിറ്റഴിഞ്ഞില്ലെന്നതാണ് സത്യം. വൻ ഡിസ്കൌണ്ടുകൾ വാഗ്ദാനം ചെയ്തിട്ടും 2025 സെപ്റ്റംബറിൽ EV6 ഇവി വാങ്ങാൻ ആരും എത്തിയില്ല.

കിയ EV9: വലിയ പ്രതീക്ഷയോടെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അവതരിപ്പിച്ച ഇലക്ട്രിക് പ്രീമിയം എസ്‌യുവിയായിരുന്നു ഇത്. 2024 ഒക്ടോബറിൽ 1.30 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് മോഡൽ ഇന്ത്യയിൽ പുറത്തിറക്കിയത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാലാണ് EV9 സ്വന്തമാക്കാൻ ഇത്രയും ഉയർന്ന വില നൽകേണ്ടി വരുന്നത്. 99.9 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇവിക്ക് ഒറ്റ ചാർജിൽ 561 കിലോമീറ്റർ ദൂരം ഓടാനാവും.
മാരുതി സിയാസ്: ഈ വർഷം ഏപ്രിലിൽ മാരുതി സുസുക്കി സിയാസിന്റെ വിൽപ്പന അവസാനിപ്പിച്ചിരുന്നു. എന്നിരുന്നാലും കമ്പനിയുടെ സ്റ്റോക്ക്‌യാർഡിലും ഡീലർഷിപ്പുകളിലും ലഭ്യമായ വിറ്റുപോകാത്ത ഇൻവെന്ററി ഇപ്പോഴുമുണ്ടെന്നാണ് റിപ്പോർട്ട്. എന്നിട്ടും പ്രീമിയം സെഡാൻ തേടി 2025 സെപ്റ്റംബറിൽ ആരും എത്തിയില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. 2014-ൽ പുറത്തിറങ്ങിയ കാർ തുടക്കകാലത്ത് വിപ്ലവം രചിച്ചിരുന്നുവെങ്കിലും പിന്നീട് വിൽപ്പന കുറഞ്ഞതോടെയാണ് നിർത്തലാക്കാൻ കാരണമായത്.

നിസാൻ X-ട്രെയിൽ: 2024 ഓഗസ്റ്റിൽ 49.92 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ച നിസാന്റെ ഫുൾ സൈസ് എസ്‌യുവി കഴിഞ്ഞ കുറച്ച് മാസങ്ങളായി പൂജ്യം വിൽപ്പനയിൽ തന്നെയാണ് നിൽക്കുന്നത്. സെഗ്മെന്റിലെ മറ്റ് മോഡലുകളുടെ താങ്ങാനാവുന്ന വില കാരണമാണ് ഇതിലേക്ക് ആരും അടുക്കാത്തത്. പ്രത്യേകിച്ച് ടൊയോട്ട ഫോർച്യൂണർ, സ്കോഡ കൊഡിയാക് പോലുള്ളവ നിറഞ്ഞുനിൽക്കുമ്പോൾ നിസാന് പുല്ലുവിലയാണ് ലഭിക്കുന്നത്.
പൂർണമായും വിദേശത്ത് നിർമിച്ച് പുറത്തിറക്കുന്നതിലാണ് നിസാൻ X-ട്രെയിലിന് ഒടുക്കത്തെ വില വന്നത്. ഡിമാന്റ് ലഭിക്കുകയാണെങ്കിൽ ഇവിടെ വാഹനം നിർമാക്കാനും അസംബിൾ ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ടായിരുന്നു. ഇന്ത്യയിലേക്ക് ഇതുവരെ 150 യൂണിറ്റുകൾ മാത്രമേ ഇറക്കുമതി ചെയ്തിട്ടുള്ളൂ. 2025 സെപ്റ്റംബറിൽ നിസാൻ എക്സ്-ട്രെയിലിന്റെ ഒരു യൂണിറ്റ് പോലും വിറ്റില്ല. അടുത്തിടെ ഓഫർ നൽകി വാഹനം കൂടുതൽ ആകർഷകമാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ആ പദ്ധതിയും പാളിയിരുന്നു.

സിട്രൺ C5 എയർക്രോസ്: 2021 ഏപ്രിലിലാണ് സിട്രൺ C5 എയർക്രോസ് ഇന്ത്യയിൽ പുറത്തിറക്കിയത്. പരിമിതമായ സെയിൽസ്, സർവീസ് ശൃംഖലയുള്ള ഒരു പുതിയ ബ്രാൻഡായതിനാൽ തന്നെ മോഡൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഹ്യുണ്ടായി ക്രെറ്റ പോലുള്ള ഉയർന്ന വിൽപ്പനയുള്ള മിഡ്-സൈസ് എസ്‌യുവികളിൽ പോലും എയർക്രോസിലെ ഫീച്ചറുകൾ ലഭ്യമായിരുന്നു. അതിനാൽ ആളുകൾ വലിയ പണം മുടക്കാൻ തയാറായില്ലെന്ന് വേണം പറയാൻ.
2025 സെപ്റ്റംബർ മാസത്തിൽ സിട്രണിന് C5 എയർക്രോസ് എസ്‌യുവിയുടെ ഒരൊറ്റ യൂണിറ്റ് പോലും വിറ്റഴിക്കാനായില്ല. 39.99 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയാണ് മോഡലിനായി ചെലവഴിക്കേണ്ടി വന്നിരുന്നതും. കൊടുക്കുന്ന പൈസയ്ക്ക് നല്ല ഒന്നാന്തരം യാത്രാ സുഖവും റൈഡിംഗ് ക്വാളിറ്റിയും തരുന്ന 5-സീറ്റർ സ്പോർട് യൂട്ടിലിറ്റി വാഹനമാണിത് എന്നതിൽ ആർക്കും സംശയമൊന്നും വേണ്ട.


Click it and Unblock the Notifications








