തീയതിയും കുറിച്ചു, കാത്തിരിപ്പുകൾ അവസാനിപ്പിച്ച് മാരുതിയുടെ ആദ്യ ഇലക്‌ട്രിക് എസ്‌യുവി വരുന്നു
ടാറ്റയും എംജിയും മഹീന്ദ്രയും വിൻഫാസ്റ്റും ഹ്യുണ്ടായിയും പോലുള്ള വമ്പൻ ബ്രാൻഡുകൾ അണിനിരക്കുന്ന ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. അൽപം വൈകിയുള്ള എൻട്രിയാണെങ്കിലും മാരുതിയുടെ ഇവിയെ കാത്തിരിക്കുന്നവരുടെ എണ്ണം ചെറുതല്ലെന്ന് വേണം പറയാൻ. വൈദ്യുത വാഹനങ്ങൾക്കുള്ള അടിസ്ഥാന സൌകര്യങ്ങൾ ഇന്ത്യയിൽ ഇപ്പോഴും കുറവാണെങ്കിലും ഇലക്‌ട്രിക് കാറുകളാൽ സമ്പന്നമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ വിപണി. ആയതിനാൽ ഈ അവസരം എങ്ങനെയും മുതലെടുക്കാൻ മാരുതി കൊണ്ടുവരുന്നത് ഇ വിറ്റാര എന്ന മിടുക്കനെയാണ്.
ഇലക്‌ട്രിക് കാർ വിപണിയെ ഇളക്കി മറിക്കാനായി മാരുതി സുസുക്കിയുടെ ആദ്യ മോഡൽ എത്തുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായല്ലോയെന്നാവും ഏവരും ഇപ്പോൾ ആലോചിക്കുന്നുണ്ടാവുക അല്ലേ. എന്നാൽ കാത്തിരിപ്പുകളെല്ലാം അവസാനിപ്പിച്ച് ഈ ഡിസംബറിൽ ഇ വിറ്റാര പുറത്തിറക്കുമെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ ഹിസാഷി ടകേച്ചി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഇ വിറ്റാര ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനുള്ള തീയതിയും കുറിച്ചിരിക്കുകയാണ് മാരുതി. വരുന്ന ഡിസംബർ രണ്ടിന് മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിലെത്തും. ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഇ വിറ്റാരയെ പ്രദർശിപ്പിച്ച കമ്പനി അധികം വൈകാതെ ഇലക്ട്രിക് എസ്‌യുവി വിപണനത്തിന് എത്തിക്കാനായിരുന്നു പ്ലാനിട്ടിരുന്നതും.
ഈ വർഷം ആദ്യം പ്രതീക്ഷിച്ചിരുന്ന മാരുതി ഇ വിറ്റാരയുടെ വില പ്രഖ്യാപനം ബാറ്ററി വിതരണവും സോഫ്റ്റ്‌വെയർ വെല്ലുവിളികളും കാരണം പലതവണ വൈകുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്രതിസന്ധികളെല്ലാം മറികടന്ന് ഇലക്ട്രിക് എസ്‌യുവി മത്സരത്തിനിറങ്ങുകയാണ്. ഓഗസ്റ്റ് അവസാനം മുതൽ മാരുതിയുടെ ഗുജറാത്ത് പ്ലാന്റിൽ നിന്ന് ഇവിക്കായുള്ള നിർമാണവും ബ്രാൻഡ് ആരംഭിച്ചിരുന്നു.

ഇലക്ട്രിക് എസ്‌യുവിയുടെ ഒരു ഉൽപ്പാദന കേന്ദ്രം കൂടിയാണ് ഇന്ത്യ. നിലവിൽ ഇവിടെ നിർമിച്ച ഇ വിറ്റാരകളെല്ലാം യൂറോപ്പിലേക്ക് കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റിൽ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ വിറ്റാര വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നാണ് കമ്പനി അടുത്തിടെ വെളിപ്പെടുത്തിയത്. എന്തായാലും ഇനി നമ്മുടെ നിരത്തുകളിലും ഇ വിറ്റാര ചീറിപ്പായുന്നത് കാണാല്ലോ.
മാരുതി സുസുക്കി EVX കൺസെപ്റ്റിൽ നിന്നാണ് ഇ വിറ്റാരയുടെ ഡിസൈൻ ഉരുത്തിരിഞ്ഞിരിക്കുന്നത്. കൺസെപ്റ്റ് കാറിന്റെ ഡിസൈൻ ഭൂരിഭാഗവും പ്രൊഡക്ഷൻ വാഹനത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. എസ്‌യുവിക്ക് വൈ ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള ആംഗുലർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററാണ് ലഭിക്കുന്നത്. അതേസമയം വീൽ ആർച്ചുകൾക്ക് ചുറ്റും, ഫ്രണ്ട്, റിയർ ബമ്പറുകൾ, ഡോറുകളുടെ അടിവശം എന്നിവിടങ്ങളിൽ ക്ലാഡിംഗിന്റെ വിപുലമായ ഉപയോഗവും കാണാം.

EVX കൺസെപ്റ്റിൽ കാണുന്നവയോട് സാമ്യമുള്ള കണക്റ്റഡ് ടെയിൽ ലാമ്പുകളും നൽകിയിട്ടുണ്ട്. സമകാലികവും ഉയർന്ന നിലവാരമുള്ളതുമായ ഡിസൈൻ ഇ-വിറ്റാരയ്ക്ക് പ്രത്യേക അഴകാണ് സമ്മാനിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും മൊത്തത്തിൽ അടിപൊളിയാണ്. മറ്റ് മാരുതി മോഡലുകളൊന്നുമില്ലാത്ത ഒരു പുതിയ ഇന്റീരിയർ ഡിസൈനാണ് ഇ വിറ്റാരയുടെ അകത്തളത്തിന് നൽകിയിരിക്കുന്നത്.
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-സ്‌ക്രീൻ ഡാഷ്‌ബോർഡ് കോൺഫിഗറേഷൻ, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ (IRVM), സെമി-ലെതറെറ്റ് സീറ്റിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, 10 തരത്തിൽ ക്രമീകരിക്കാൻ കഴിയുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളെല്ലാം ഇവിയിലുണ്ട്.
ഇന്ത്യയ്ക്കുള്ള ഇ വിറ്റാരയിൽ 49 kWh, 61 kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. രണ്ടാമത്തേത് ടോപ്പ് വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയാലും അത്ഭുതപ്പെടാനൊന്നുമില്ല. ചെറിയ ബാറ്ററി പായ്ക്ക് സിംഗിൾ ചാർജിൽ 344 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 142 bhp പവറിൽ പരമാവധി 193 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന സിംഗിൾ ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് ഈ ബാറ്ററി പായ്ക്ക് വേരിയന്റുകൾ വരുന്നത്.
മാരുതി സുസുക്കി ഇ വിറ്റാരയിലെ 61 kWh ബാറ്ററി മോഡലുകൾ FWD, AWD ഓപ്ഷനുകളിൽ ലഭ്യമാണ്. FWD വേരിയന്റ് പൂർണ ചാർജിൽ 426 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് വിവരം. ഈ ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ ഇലക്ട്രിക് മോട്ടോർ 171 bhp പവറിൽ 193 Nm ടോർക്ക് വരെ നൽകാൻ യോഗ്യമാണ്. മറുവശത്ത് ഡ്യുവൽ ഇലക്ട്രിക് മോട്ടോറുമായി വരുന്ന ഇലക്ട്രിക് എസ്‌യുവി 181 bhp കരുത്തിൽ 307 Nm ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്.
ഈ വേരിയന്റിലെ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 395 കിലോമീറ്റർ വരെ മാത്രമാണ് റേഞ്ച് വാഗ്‌ദാനം ചെയ്യുക. അങ്ങനെ നോക്കുമ്പോൾ വിപണിയിലെ മറ്റ് എതിരാളികൾക്കെല്ലാം റേഞ്ച് കണക്കുകൾ കൂടുതലാണെന്നത് മാരുതി സുസുക്കി ആരാധകരെ ആശങ്കപ്പെടുത്തുന്ന കാര്യമായിരിക്കും. ബാറ്ററി പായ്ക്കുകളുടെ ചാർജിംഗ് സമയത്തെക്കുറിച്ച് പറയുകയാണെങ്കിൽ, 49 kWh ബാറ്ററി പായ്ക്കിന് 7 kW AC ചാർജർ ഉപയോഗിച്ച് 6.5 മണിക്കൂറിനുള്ളിൽ 10-100 ശതമാനം ചാർജ് ചെയ്യാൻ കഴിയും.


Click it and Unblock the Notifications








