ഷോറൂമിലേക്ക് വെച്ചുപിടിച്ചാലോ? 28 കി.മീ. മൈലേജുള്ള എസ്‌യുവിക്ക് 1.86 ലക്ഷത്തിന്റെ ഓഫറുമായി മാരുതി
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി പുതുതായി വിക്ടോറിസ് എന്നൊരു വമ്പനെ കൊണ്ടുവന്നതിന്റെ ആരവം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം തകർക്കാനായി ഗ്രാൻഡ് വിറ്റാരയെ വർഷങ്ങൾക്ക് മുമ്പേ അവതരിപ്പിച്ചുവെങ്കിലും തങ്ങളുടെ സ്പോർട് യൂട്ടിലിറ്റി വാഹന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അതേ സെഗ്മെന്റിലേക്ക് പുത്തനൊരു അവതാരത്തെ കൂടി പുറത്തിറക്കിയിരിക്കുന്നത്. ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചിരിക്കുന്നതിനാൽ ഗ്രാൻഡ് വിറ്റാരയ്ക്ക് വേറൊരു ഫാൻബേസ് ഉണ്ടെന്ന് തന്നെ വേണം പറയാൻ. സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഈ വിഭാഗത്തിലേക്ക് കൊണ്ടുവന്ന ആദ്യ മോഡൽ കൂടിയാണിത്.
അതിനാൽ ഗ്രാൻഡ് വിറ്റാരയുടെ മൊഞ്ച് അത്രവേഗം ഇടിയത്തൊന്നുമില്ല. ഇപ്പോഴിതാ ഉത്സവ സീസൺ കൊടിയേറിയതോടെ എസ്‌യുവിക്ക് ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ് മാരുതി സുസുക്കി. നെക്‌സ നിരയിലെ കാറുകൾക്കെല്ലാം 2025 സെപ്റ്റംബർ മാസത്തേക്കായി കിടിലൻ ഡിസ്കൌണ്ടുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതും. ഇതിൽ വിറ്റാരയുടെ വിശേഷങ്ങളിലേക്ക് കടക്കാം.

ഗ്രാൻഡ് വിറ്റാരയുടെ കരുത്തുറ്റ ഹൈബ്രിഡ് വേരിയന്റുകൾക്ക് 1.80 ലക്ഷം രൂപ വരെയും പെട്രോൾ വേരിയന്റുകൾക്ക് 1.50 ലക്ഷം രൂപ വരെയുമുള്ള ഓഫറാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. അതും എക്സ്റ്റൻഡഡ് വാറണ്ടി ഉൾപ്പെടെയുള്ള ആനുകൂല്യമാണിത് എന്നത് ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യമാണ്. ഇതുകൂടാതെ പെട്രോൾ വേരിയന്റുകളിൽ 57,900 രൂപ വരെ വിലവരുന്ന ഡൊമിനിയൻ പതിപ്പ് ആക്‌സസറികളും ലഭിക്കും.
ഗ്രാൻഡ് വിറ്റാര സിഎൻജി യൂണിറ്റുകൾക്ക് 40,000 രൂപ വരെ ഡിസ്കൌണ്ടും ലഭിക്കും. അങ്ങനെ മൊത്തത്തിൽ ഉത്സവ സീസൺ കളറാക്കാനുള്ള കാര്യങ്ങളെല്ലാം ഗ്രാൻഡ് വിറ്റാരയിൽ മാരുതി സുസുക്കി നൽകുന്നുണ്ടെന്ന് വേണം പറയാൻ. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിച്ച മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര 2022-ലാണ് പുറത്തിറങ്ങുന്നത്. വന്നകാലം മുതൽ ഇന്നുവരെ ചൂടപ്പം പോലെ വിറ്റഴിയുന്ന എസ്‌യുവി ഇതുവരെ 3 ലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇതിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കും.
ഇതിനൊപ്പം സിഎൻജി പവർട്രെയിൻ, ഓൾ-വീൽ ഡ്രൈവ് എന്നീ സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്. മറുവശത്ത് eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 113 bhp പവറിൽ 122 Nm ടോർക്ക് വരെ നൽകാനും കഴിയും. മൈലേജാണ് മാരുതി സുസുക്കിയുടെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഗ്രാൻഡ് വിറ്റാരയുടെ ഹൈബ്രിഡ് വേരിയന്റുകൾക്ക് 27.97 കിലോമീറ്റർ മൈലേജും മൈൽഡ് ഹൈബ്രിഡ് പതിപ്പുകൾക്ക് 19.38 കിലോമീറ്ററും സിഎൻജി 26.6 കിലോമീറ്റർ മൈലേജുമാണ് മാരുതി പറയുന്നത്. വയർലെസ് കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് എൻ്റർടൈൻമെൻ്റ് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്‌പ്ലേ, 360 വ്യൂ ക്യാമറ, വയർലെസ് ചാർജിംഗ് ഡോക്ക്, വെൻ്റിലേറ്റഡ് സീറ്റുകൾ, പ്രീമിയം സൗണ്ട് സിസ്റ്റം ബൈ ക്ലാരിയോൺ, സുസുക്കി കണക്റ്റ് എന്നിവ പോലുള്ള ഫീച്ചറുകളും എസ്‌യുവിയിലുണ്ട്.
ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറും ആരേയും തൃപ്ത്തിപ്പെടുത്തുന്നതാണ്. നിലവിൽ 10.77 ലക്ഷം രൂപ മുതൽ 20.22 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയ്ക്ക് വരുന്ന എക്സ്ഷോറൂം വില. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ, ടാറ്റ കർവ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ എർക്രോസ് തുടങ്ങിയവയുമായാണ് വിറ്റാരയുടെ മത്സരം.


Click it and Unblock the Notifications








