28 KM മൈലേജുള്ള എസ്‌യുവി വാങ്ങാൻ പുതിയ കാരണമുണ്ടാക്കി മാരുതി, വിലയും പഴയത് മതിയെന്ന് കമ്പനി
ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം തകർക്കാനായി മാരുതി സുസുക്കി പണിതിറക്കിയ മോഡലാണ് ഗ്രാൻഡ് വിറ്റാര. ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി രൂപംകൊണ്ട മോഡൽ ശരിക്കും വലിയ വിജയം തന്നെയാണ് നേടിയത്. അതിന്റെ പ്രധാന കാരണം ഉയർന്ന മൈലേജ് തന്നെയാണെന്ന് പറയാം. സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഈ വിഭാഗത്തിലേക്ക് കൊണ്ടുവന്ന ആദ്യ മോഡൽ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. നല്ല പ്രായോഗികതയും സ്പേസുമുള്ള എസ്‌യുവിയിൽ 5 പേർക്ക് സുഖമായി എവിടെയും പോവാം. അടിക്കടി ഗ്രാൻഡ് വിറ്റാരയിലേക്ക് നവീകരണങ്ങൾ കൊണ്ടുവരുന്നത് മാരുതിയുടെ ഹോബിയാണ്.
ഇപ്പോഴിതാ വരാനിരിക്കുന്ന ഓണം ഉൾപ്പടെയുള്ള ഉത്സവ സീസണിന് മുന്നോടിയായി ചെറിയ ചില മാറ്റങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. നെക്സയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മാരുതി അടുത്തിടെ ഗ്രാൻഡ് വിറ്റാര ഫാന്റം ബ്ലാക്ക് എഡിഷൻ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ ഗ്രാൻഡ് വിറ്റാരയുടെ സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ് വേരിയന്റുകൾക്കൊപ്പം പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചുകൊണ്ടാണ് നവീകരണം കൊണ്ടുവന്നിരിക്കുന്നത്.

ഗ്രാൻഡ് വിറ്റാരയുടെ ബേസ് സിഗ്മ വേരിയന്റിൽ മൂന്ന് പുതിയ കളർ ഓപ്ഷനുകളാണ് മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. നെക്സ ബ്ലൂ, ഗ്രാൻഡിയർ ഗ്രേ, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മോണോടോൺ ഓപ്ഷനുകളാണ് ക്രെറ്റയുടെ എതിരാളി സ്വീകരിച്ചിരിക്കുന്നത്. ഗ്രാൻഡ് വിറ്റാര സിഗ്മ നേരത്തെ ആർട്ടിക് വൈറ്റ് ഓപ്ഷനിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇതുവാങ്ങാനെത്തുന്നവർക്ക് നിരാശ സമ്മാനിക്കുന്ന കാര്യങ്ങളായിരുന്നു.
എന്തായാലും മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് മോഡൽ വാങ്ങാൻ എത്തുന്നവർ ഇനി നിരാശപ്പെടില്ലെന്ന കാര്യം ഉറപ്പാണ്. ഡെൽറ്റ, ഡെൽറ്റ പ്ലസ് വേരിയന്റുകൾക്ക് പുതിയ കളർ ഓപ്ഷനായി പേൾ മിഡ്‌നൈറ്റ് ബ്ലാക്ക് ലഭിക്കും. ഈ കൂട്ടിച്ചേർക്കലുകളോടെ ഈ മോഡലുകൾ നെക്സ ബ്ലൂ, സ്പ്ലെൻഡിഡ് സിൽവർ, ഒപ്പുലന്റ് റെഡ്, ഗ്രാൻഡിയർ ഗ്രേ, ആർട്ടിക് വൈറ്റ്, ചെസ്റ്റ്നട്ട് ബ്രൗൺ എന്നിങ്ങനെ മൊത്തം 7 കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനാവും.

പുതിയ കളർ വേരിയന്റുകൾ എന്ന് മുതൽ ലഭ്യമാവുമെന്ന കാര്യവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡെൽറ്റ ട്രിമിനുള്ള പുതിയ ബ്ലാക്ക് നിറം 2025 ഓഗസ്റ്റ് അവസാനത്തോടെ ലഭ്യമാകും. സിഗ്മ ട്രിമിനുള്ള പുതിയ നിറങ്ങൾ സെപ്റ്റംബർ പകുതി മുതൽ ലഭ്യമാകുമെന്നുമാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. കളർ ഓപ്ഷനുകളിൽ മാറ്റമുണ്ടെങ്കിലും ഗ്രാൻഡ് വിറ്റാരയുടെ വിലകളിൽ മാറ്റമില്ലെന്നതും സന്തോഷം തരുന്ന കാര്യമാണ്.
സിഗ്മ മാനുവൽ വേരിയന്റ് 11.42 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ ലഭ്യമാണ്. ഡെൽറ്റ മാനുവൽ, ഡെൽറ്റ ഓട്ടോമാറ്റിക് എന്നിവയ്ക്ക് യഥാക്രമം 12.53 ലക്ഷം രൂപയും 13.93 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുമായി വരുന്ന ഡെൽറ്റ പ്ലസ് ആണ് നോക്കുന്നതെങ്കിൽ 16.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെ സ്വന്തമാക്കാം. മാരുതി ഗ്രാൻഡ് വിറ്റാരയുടെ കുറഞ്ഞ വിലയുള്ള സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റാണിത്.

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുമായി ചേര്‍ന്ന് വികസിപ്പിച്ച മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര 2022-ലാണ് പുറത്തിറങ്ങുന്നത്. വന്നകാലം മുതൽ ഇന്നുവരെ ചൂടപ്പം പോലെ വിറ്റഴിയുന്ന എസ്‌യുവി ഇതുവരെ 3 ലക്ഷത്തിലധികം ആളുകൾ സ്വന്തമാക്കിയിട്ടുണ്ട്. 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് മാരുതി ഗ്രാൻഡ് വിറ്റാരയുടെ ഹൃദയം.
ഇതിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ 102 bhp കരുത്തിൽ പരമാവധി 137 Nm torque വരെ ഉത്പാദിപ്പിക്കും. ഇതിനൊപ്പം സിഎൻജി പവർട്രെയിൻ, ഓൾ-വീൽ ഡ്രൈവ് എന്നീ സവിശേഷതകളും കമ്പനി ഒരുക്കിയിട്ടുണ്ട്. മറുവശത്ത് eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 113 bhp പവറിൽ 122 Nm ടോർക്ക് വരെ നൽകാനും കഴിയും.
ഹൈബ്രിഡ് വേരിയന്റുകൾക്ക് 27.97 കിലോമീറ്റർ മൈലേജും മൈൽഡ് ഹൈബ്രിഡ് പതിപ്പുകൾക്ക് 19.38 കിലോമീറ്ററും സിഎൻജി 26.6 കിലോമീറ്റർ മൈലേജുമാണ് മാരുതി പറയുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ, ടാറ്റ കർവ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ എർക്രോസ് തുടങ്ങിയവയുമായി മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മത്സരിക്കുന്നത്.


Click it and Unblock the Notifications








