ഗിയറിടാൻ മടിയുള്ളവരേ, 25.3 കി.മീ മൈലേജുള്ള മാരുതിയുടെ ഓട്ടോമാറ്റിക് കാർ ഇനി പഴയ വിലയ്ക്ക് കിട്ടില്ല
ഇറങ്ങിയപ്പോൾ സോപ്പ് പെട്ടിയാണെന്ന് പറഞ്ഞ് കളിയാക്കിയവരെ പോലും പിന്നീട് ഫാൻസാക്കി മാറ്റിയ കാറായിരുന്നു മാരുതി സുസുക്കിയുടെ എസ്-പ്രെസോ. കുഞ്ഞൻ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനുമെല്ലാമായി വന്ന് രാജ്യത്തെ ഏറ്റവും മികച്ച സിറ്റി കാറുകളിൽ ഒന്നായി മാറാൻ ഈ മിനി എസ്‌യുവി സ്റ്റൈലിലുള്ള ഹാച്ച്ബാക്കിന് അധിക സമയമൊന്നും വേണ്ടിവന്നില്ല. എൻട്രി ലെവൽ മോഡലാണെങ്കിലും നല്ല സ്പേസും കിടിലൻ മൈലേജും ഗംഭീര പെർഫോമൻസുമെല്ലാമായിരുന്നു എസ്-പ്രെസോയെ ജനങ്ങളിലേക്ക് അടുപ്പിച്ചത്. അടുത്തിടെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയതിന്റെ ഭാഗമായി എസ്-പ്രെസോ ഇനി പഴയ വിലയ്ക്ക് ലഭിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ.
മാരുതി എസ്-പ്രെസോയുടെ തെരഞ്ഞെടുത്ത വേരിയന്റുകൾക്ക് ഇനി മുതൽ 5,000 രൂപ മാത്രമാവും അധികം മുടക്കേണ്ടി വരിക. VXi (O) എഎംടി, VXi (O)+ എഎംടി വേരിയന്റുകൾക്ക് മാത്രമേ ഈ വില പരിഷ്ക്കാരം ബാധകമാകൂവെന്നതും സന്തോഷം നൽകുന്ന കാര്യമാണ്. അതായത് മാനുവൽ മോഡലുകളിൽ തൊടാതെ വാഹനത്തിന്റെ ഓട്ടോമാറ്റിക് പതിപ്പുകൾക്ക് മാത്രമാണ് കമ്പനി വില വർധനവ് നടപ്പിലാക്കിയിരിക്കുന്നതെന്ന് സാരം.

പുതിയ വില വർധനവ് പ്രകാരം ഹാച്ച്ബാക്കിന്റെ വില 4.26 ലക്ഷം രൂപ മുതൽ 6.11 ലക്ഷം രൂപ വരെയായി മാറിയിട്ടുണ്ട്. വിലയിലെ പരിഷ്ക്കാരം മാറ്റിനിർത്തിയാൽ എസ്-പ്രെസോയിൽ മറ്റ് കാര്യമായ നവീകരണങ്ങളൊന്നും തന്നെ മാരുതി സുസുക്കി നടപ്പിലാക്കിയിട്ടില്ല കേട്ടോ. മുമ്പുണ്ടായിരുന്ന അതേ 1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി കാറിന്റെ ഹൃദയം.
66 bhp കരുത്തിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കുന്ന എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനാവും. ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി ഫീച്ചറുകള്‍ കൂടാതെ ഐഡല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന ഈ എഞ്ചിൻ ഇന്ധനക്ഷമതയുടെ കാര്യത്തിലും മിടുക്കനാണ്. പെട്രോളിനൊപ്പം സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും മോഡലിനൊപ്പം കിട്ടും.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ മാരുതി എസ്-പ്രെസോയ്ക്ക് 5,300 ആർപിഎമ്മിൽ 56.69 bhp കരുത്തും 3,400 ആർപിഎമ്മില്‍ പരമാവധി 82.1 Nm ടോർക്കും വരെയാണ് നൽകാനാവുക. സിഎൻജിയിൽ 5 സ്പീഡ് മാനുവല്‍ ഗിയർബോക്‌സ് മാത്രമാണ് തെരഞ്ഞെടുക്കാനാവുക. കാറിന്റെ മാനുവൽ പെട്രോൾ വേരിയന്റിന് 24.76 കിലോമീറ്റർ മൈലേജും, ഓട്ടോമാറ്റിക് പെട്രോൾ വേരിയന്റിന് 25.3 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്.
അതേസമയം മാനുവൽ സിഎൻജി വേരിയന്റിന് കിലോഗ്രാമിന് 32.73 കിലോമീറ്റർ വരെ മൈലേജ് നൽകാനാവുമെന്നും മാരുതി സുസുക്കി പറയുന്നു. മാരുതിയുടെ ഹാര്‍ടെക് പ്ലാറ്റ്‌ഫോമില്‍ ബോക്സി ഡിസൈനിലാണ് എസ്-പ്രെസോ ഒരുക്കിയെടുത്തിരിക്കുന്നത്. വലിയ എസ്‌യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് രൂപം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റും. സിറ്റി സാഹചര്യങ്ങളിൽ എളുപ്പത്തിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനുള്ള കോംപാക്‌ട് രൂപം വളരെ പ്രശംസനീയമാണ്.

7-ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, USB, AUX ഇൻപുട്ട്, എയർ കണ്ടീഷനിംഗ്, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, കീലെസ് എൻട്രി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കൾ, റിയർ പാർസൽ ട്രേ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് തുടങ്ങീ അത്യാവിശ്യം വേണ്ടുന്ന എല്ലാത്തരം ഫീച്ചറുകളും കോർത്തിണക്കിയാണ് മാരുതി എസ്-പ്രെസോയെ വിപണിയിൽ അവതരിപ്പിക്കുന്നത്.
കാഴ്ച്ചയില്‍ വലിയ തലയെടുപ്പ് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കുഞ്ഞന്‍ കാറാണ് ഇതെങ്കിലും ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് എസ്-പ്രെസോ. വില വർധനവ് ചെറിയ രീതിയിലായതിനാൽ വിൽപ്പനയെ ബാധിക്കാനും ഇടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇന്ത്യയിലെ എൻട്രി ലെവൽ സെഗ്മെന്റിൽ റെനോ ക്വിഡ്, ടാറ്റ ടിയാഗോ പോലുള്ള മിടുക്കൻമാരോടാണ് എസ്-പ്രെസോയുടെ പ്രധാന മത്സരം.


Click it and Unblock the Notifications








