ഇന്ത്യക്കാരുടെ സ്വന്തം ആൾട്ടോയ്ക്ക് വില കൂടി, എല്ലാമുള്ള പുതിയത് വേണമെങ്കിൽ കൊടുക്കേണ്ടത് 6.04 ലക്ഷം രൂപ
ഒരു കാലത്ത് എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റ് ഭരിച്ചിരുന്ന രാജാവായിരുന്നു മാരുതി ആൾട്ടോ. 800 എന്ന ഇതിഹാസത്തിന് പകരമായി സ്ഥാനംപിടിക്കുമ്പോൾ ആരും സ്വപ്നത്തിൽ പോലും കരുതാതിരുന്ന സ്വീകാര്യതയായിരുന്നു ഈ കുഞ്ഞൻ വണ്ടിക്ക് കിട്ടിയത്. ഇന്ത്യയിലെ ഓരോ സാധാരണക്കാരന്റേയും വീട്ടുമുറ്റം അങ്ങനെ ആൾട്ടോകളാൽ സമ്പന്നമായെന്ന് പറയുന്നതാവും ശരി. പിന്നീട് 800 സിസി മോഡലിന്റെ സ്വീകാര്യത ഇരട്ടിയാക്കിക്കൊണ്ട് ആൾട്ടോ K10 എന്ന തട്ടുപൊളിപ്പൻ ഹാച്ച്ബാക്കും പിറവിയെടുത്തിരുന്നു. നല്ല പെപ്പി എഞ്ചിനും ഒതുക്കമുള്ള രൂപവുമെല്ലാം വാഗ്‌ദാനം ചെയ്‌ത മോഡലും ചൂടപ്പം പോലെയാണ് രാജ്യത്ത് വിറ്റഴിഞ്ഞത്.
എന്നാൽ രണ്ടാംതലമുറയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി ആൾട്ടോ K10 എന്ന മോഡൽ നിർത്തലാക്കിക്കൊണ്ട് മാരുതി ഉത്തരവിട്ടത് ജനങ്ങളെയാകെ കണ്ണീരണിയിച്ചിരുന്നു. പക്ഷേ പിന്നീട് ഇന്ത്യയിൽ നടപ്പിലാക്കിയ പുതിയ മലിനീകരണ ചട്ടങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായി ആൾട്ടോ 800 നിർത്തലാക്കേണ്ട അവസ്ഥയായി മാരുതി സുസുക്കിക്ക്. പക്ഷേ സാധാരണക്കാരുടെ ഒപ്പം നിൽക്കാൻ പകരക്കരനായി K10 എന്ന ശക്തനെ കമ്പനി തിരികെ കൊണ്ടുവരികയുണ്ടായി.

അങ്ങനെ 2022-ൽ ആൾട്ടോ K10 പുതുപ്പിറവിയെടുത്തു. പഴയ മോഡലിനെ അപേക്ഷിച്ച് ഫീച്ചറിലും വർക്കിലും ആള് മിടുക്കനായിരുന്നുവെങ്കിലും ഡിസൈൻ പലർക്കും അങ്ങ് ബോധിച്ചില്ലെന്ന് വേണം പറയാൻ. എങ്കിലും തരക്കേടില്ലാത്ത രീതിയിൽ ഇന്നും എൻട്രി ലെവൽ മോഡൽ വിറ്റഴിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിക്കുന്നുണ്ട്. എന്നാൽ നിർമാണ ചെലവുകൾ ദിനംപ്രതി ഉയരുന്നതിനാൽ ഒടുവിൽ മാരുതിക്ക് രണ്ട് കണ്ണുമടച്ച് ആ തീരുമാനം എടുക്കേണ്ടി വന്നിരിക്കുകയാണ്.
മറ്റൊന്നുമല്ല, ഫെബ്രുവരി മുതൽ നടപ്പിലാക്കിയ വില വർധനവിന്റെ ഭാഗമായിരിക്കുകയാണ് ആൾട്ടോ K10 മോഡലും. കാറിന്റെ വിലയിൽ 3.36 ശതമാനം വരെ വില പരിഷ്ക്കാരമാണ് ലഭിച്ചിരിക്കുന്നത്. അതായത് മുമ്പത്തേക്കാൾ 8,500 രൂപ മുതൽ 19,500 രൂപ വരെയാണ് ആൾട്ടോ സ്വന്തമാക്കാൻ ഇനി കൂടുതൽ മുടക്കേണ്ടി വരുന്നത്. പുതുക്കിയ വില പ്രകാരം എൻട്രി ലെവൽ മോഡൽ സ്വന്തമാക്കണമെങ്കിൽ ഇനി മുതൽ പോക്കറ്റിൽ നിന്നും ഇറങ്ങുക 4.09 ലക്ഷം മുതൽ 5,99 ലക്ഷം വരെയാണ്.

സിഎൻജിയാണെങ്കിൽ 6.04 ലക്ഷമാണ് വരിക. STD, STD (O), LXI, LXI (O), VXI, VXI (O), VXI+, VXI+(O) എന്നിങ്ങനെ എട്ട് വേരിയന്റുകളിലാണ് പുത്തൻ ആൾട്ടോ K10 വിപണിയിൽ എത്തുന്നത്. ഒപ്പം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ഈ കുട്ടിക്കാറിലുണ്ട്. വില മാറിയെങ്കിലും ഹാച്ച്ബാക്കിന് മറ്റ് നവീകരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
1.0 ലിറ്റർ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് K10 മോഡലിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയോടെ എത്തുന്ന വാഹനത്തിന് 5,500 ആർപിഎമ്മിൽ 66.62 bhp കരുത്തും 3,500 ആർപിഎമ്മിൽ 89 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 24.90 കിലോമീറ്റർ മൈലേജാണ് വാഹനത്തിൽ കമ്പനി അവകാശപ്പെടുന്നത്.

ഇതുപോരാത്തവർക്ക് സിഎൻജി ഓപ്ഷനാണ് മാരുതി കരുതിവെച്ചിരിക്കുന്ന മറ്റൊരു സർപ്രൈസ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും 34.90 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് ലഭിക്കുക. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് ആൾട്ടോ K10 കാറിലെ പ്രധാന സവിശേഷതകൾ.
റിമോട്ട് കീ ആക്സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, നാല് ഡോറിലും പവർ വിൻഡോകൾ എന്നിവയും ഇന്ത്യയുടെ എൻട്രി ലെവൽ കാറിന്റെ മറ്റ് പ്രധാന ഫീച്ചറുകളാണ്. സേഫ്റ്റിയുടെ കാര്യത്തിലും ആള് അത്ര മോശക്കാരനല്ല കേട്ടോ. ഇബിഡി ഉള്ള എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് മാരുതി ആൾട്ടോ K10 വിപണിയിലെത്തുന്നത്.
മാരുതി സുസുക്കിയുടെ അഞ്ചാം തലമുറ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ആൾട്ടോ K10 ശരിക്കും ചെറിയ കുടുംബങ്ങൾക്കിണങ്ങിയ ചെറിയ സിറ്റി കാറായി വേണം കരുതാൻ. അത്യാവിശ്യം 5 പേർക്കിരുന്ന് പോകാനാവുന്ന കാറിന് 3,530 mm നീളവും 1,490 mm വീതിയും 1,520 mm ഉയരവും 2,380 mm വീൽബേസ് നീളവും 1,150 കിലോഗ്രാം ഭാരവുമുണ്ട്.


Click it and Unblock the Notifications








