34 KM മൈലേജുണ്ടായിട്ടും സാധാരണക്കാരന്റെ കാറിന്റെ കച്ചോടം കുറഞ്ഞു, എന്നിട്ടും വാങ്ങി 1.02 ലക്ഷം പേർ
ഇന്ത്യയിലെ എല്ലാ വിഭാഗക്കാർക്കിടയിലും വളരെ സുപരിചിതമായ കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ. 800 ഹാച്ച്ബാക്കിന്റെ പിൻഗാമിയായി വന്നപ്പോൾ ഇത്ര വലിയ വിജയം സാക്ഷാൽ മാരുതി പോലും സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല. പലരുടേയും ആദ്യ കാറുകളിൽ ഒന്നായിരുന്നിരിക്കാം ആൾട്ടോ. ഇന്ന് സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും കാറിന് നല്ല ഡിമാന്റാണ്. ആധുനിക കാലഘട്ടത്തിനൊപ്പം നവീകരിച്ച് ആൾട്ടോ പുറത്തിറങ്ങുന്നുമുണ്ട്. K10 എന്ന അഡ്രസിലാണ് എത്തുന്നതെങ്കിലും കച്ചോടം പൊടിപൊടിക്കുകയാണ് ബ്രാൻഡ്. ഇത്തരം കുഞ്ഞൻ കാറുകൾക്ക് പൈസ മുടക്കാൻ പലരും തയാറാവുന്നില്ലെന്ന് പറയുന്നവർക്ക് ആൾട്ടോയുടെ വിൽപ്പന കണക്കുകൾ കൂടി കാണിച്ചുകൊടുക്കണം.
ഓരോ വർഷവും ലക്ഷക്കണക്കിന് ആൾട്ടോകളാണ് നിരത്തിലിറങ്ങുന്നത്. സെക്കൻഡ് ഹാൻഡ് വാങ്ങി പണികിട്ടിയാലോ എന്ന് ആശങ്കയുള്ളവരെല്ലാം നേരെ ഓടിച്ചെല്ലുന്നത് മാരുതി ഷോറൂമിലേക്കാണ്. ആൾട്ടോ K10 ഹാച്ച്ബാക്കിന്റെ 2024-25 സാമ്പത്തിക വർഷത്തെ വിൽപ്പന കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മാരുതിയെ പോലും അമ്പരപ്പിച്ചുകൊണ്ട് കാറിന്റെ കച്ചോടത്തിൽ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നതാണ് ഇതിൽ ശ്രദ്ധേയമാവുന്നത്.

2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ മാരുതി സുസുക്കി 1,02,232 ആൾട്ടോ K10 കാറുകളാണ് വിറ്റഴിച്ചിരിക്കുന്നത്. എന്നാൽ മുൻ സാമ്പത്തിക വർഷത്തിൽ അതായത് 2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള സമയത്ത് മാരുതി ആൾട്ടോയുടെ 1,11,955 യൂണിറ്റുകളായിരുന്നു വിപണനം ചെയ്‌തിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിൽപ്പനയിൽ ഇത്രയും ഇടിവ് സംഭവിച്ചിട്ടും കഴിഞ്ഞ 2024-25 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മികച്ച 10 ഹാച്ച്ബാക്കുകളുടെ പട്ടികയിൽ മാരുതി സുസുക്കി ആൾട്ടോ K10 മോഡലിന് നാലാം സ്ഥാനത്ത് എത്താനായിട്ടുണ്ട്. ആദ്യ മൂന്ന് സ്ഥാനങ്ങൾ യഥാക്രമം മാരുതി സുസുക്കി വാഗൺആർ, മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി ബലേനോ എന്നിവയാണ് നേടിയിരിക്കുന്നത്.

മാരുതി സുസുക്കി ആൾട്ടോ K10 ഹാച്ച്ബാക്കിന് നേരിയ ഇടിവ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നതിനാൽ ഈ വർഷത്തെ കണക്കുകളിൽ നഷ്‌ടം നികത്താനാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ആദ്യത്തെ കാരണം അതിന്റെ കുറഞ്ഞ വില തന്നെയാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ വെറും 4.23 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്.
അതേസമയം ആൾട്ടോ K10 ടോപ്പ് എൻഡ് വേരിയന്റിന് 6.21 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. വില കുറഞ്ഞതാണെങ്കിലും സേഫ്റ്റി മുഖ്യമാണെന്ന് മാരുതി സുസുക്കി ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആൾട്ടോ K10 ഹാച്ച്ബാക്കിന് അടുത്തിടെ 6 എയർബാഗുകളും കമ്പനി സമ്മാനിച്ചിരുന്നു. കാറിന്റെ എൻട്രി ലെവൽ വേരിയന്റ് മുതൽ ടോപ്പ് വേരിയന്റ് വരെയുള്ള എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.

STD, STD (O), LXI, LXI (O), VXI, VXI (O), VXI+, VXI+(O) എന്നിങ്ങനെ എട്ട് വേരിയന്റുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ അവസരമുള്ളത്. 1.0 ലിറ്റർ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് ആൾട്ടോയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 5,500 ആർപിഎമ്മിൽ 66.62 bhp പവറും 3,500 ആർപിഎമ്മിൽ 89 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും.
ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയോടെ എത്തുന്ന വാഹനത്തിന് മൈലേജിന്റെ കാര്യത്തിലും പഞ്ഞമൊന്നുമില്ല. പെട്രോളിനൊപ്പം ഒരു സിഎൻജി ബൈ-ഫ്യുവൽ ഓപഷനും ആൾട്ടോയിൽ വരുന്നുണ്ട്. പെർഫോമൻസിൽ അൽപം പിശുക്ക് കാട്ടുമെങ്കിലും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന് 34.90 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. അതേസമയം പെട്രോളിന് ലിറ്ററിന് 24.90 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ റിമോട്ട് കീ ആക്സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, നാല് ഡോറിലും പവർ വിൻഡോകൾ എന്നിവ പോലുള്ള അത്യാവിശ്യം പ്രാക്‌ടിക്കലായ ഫീച്ചറുകളാലും മാരുതിയുടെ എൻട്രി ലെവൽ കാർ സമ്പന്നമാണ്.
സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 6 എയർബാഗുകൾക്ക് പുറമെ ഇബിഡി ഉള്ള എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം തുടങ്ങിയ സുരക്ഷാ സവിശേഷതകളും മാരുതി സുസുക്കി ആൾട്ടോ K10 ഹാച്ച്ബാക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. നിലവിൽ റെനോ ക്വിഡ് മാത്രമാണ് ആൾട്ടോയ്ക്ക് എതിരാളിയായിട്ടുള്ളത്.
കുറഞ്ഞ വിലയ്ക്ക് ഉയർന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന കാർ തിരയുന്ന ഉപഭോക്താക്കൾക്ക് മാരുതി സുസുക്കി ആൾട്ടോ K10 ഒരു മികച്ച ഓപ്ഷനാണ്. ആദ്യമായി പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാരുതി സുസുക്കി ആൾട്ടോ K10 പരിഗണിക്കാം. റെനോ ക്വിഡിനേക്കാൾ നല്ല റീസെയിൽ വാല്യുവും കൂടിയാവുമ്പോൾ അധികം ആലോചനകളൊന്നുമില്ലാതെ ആൾട്ടോ മുറ്റത്തെത്തിക്കാം കേട്ടോ.
ഇനി 2025 സാമ്പത്തിക വർഷത്തിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ (MSIL) മൊത്തം വിൽപ്പന പ്രകടനം കൂടി നോക്കിയാൽ കഴിഞ്ഞ 365 ദിവസത്തിൽ കമ്പനി 2,234,266 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. 1,795,259 കാറുകളുടെ റെക്കോർഡ് ആഭ്യന്തര വിൽപ്പനയും 332,585 യൂണിറ്റുകളുടെ റെക്കോർഡ് കയറ്റുമതിയും ഉൾപ്പെടുത്തിയാണ് ഈ വലിയ സംഖ്യയിലെത്താൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിച്ചിരിക്കുന്നത്.
മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 4.6 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ആൾട്ടോ, എസ്-പ്രെസോ, ബലേനോ തുടങ്ങിയ മോഡലുകൾ ഉൾപ്പെടെയുള്ള മിനി, കോംപാക്റ്റ് വിഭാഗങ്ങളുടെ വിൽപ്പനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ബ്രെസ, എർട്ടിഗ, ഫ്രോങ്ക്സ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി വെഹിക്കിൾ (UV) വിഭാഗം ശക്തമായ വളർച്ച കൈവരിച്ചത് കമ്പനിക്ക് അനുഗ്രഹമായിട്ടുണ്ട്.
ഈ സെഗ്മെന്റിൽ 720,186 കാറുകളാണ് വിറ്റഴിഞ്ഞത്. മാരുതിയുടെ പ്രീമിയം സെയിൽസ് നെറ്റ്‌വർക്കായ നെക്സയിൽ 543,050 യൂണിറ്റുകളുടെ കച്ചോടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3 ശതമാനം കുറവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇനി മാരുതിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിച്ച കാർ ഏതാണെന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം വാഗൺആർ എന്നാണ്. ടോൾബോയ് ഹാച്ചിന്റെ 198,451 യൂണിറ്റുകളാണ് 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ നിരത്തിലെത്തിയത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








