മഴയും വെയിലും കൊള്ളാതെ കുടുംബത്തിനൊപ്പം പോവാം, എന്നിട്ടും 3.70 ലക്ഷത്തിന്റെ കാർ വാങ്ങാൻ ആളുകൾക്ക് മടി
എസ്‌യുവികൾ അരങ്ങുവാഴാൻ തുടങ്ങിയതോടെ സെഡാനുകൾക്ക് മാത്രമല്ല, ഹാച്ച്ബാക്ക് (Hatchback) മോഡലുകൾക്കും വിൽപ്പന കാര്യമായി കുറയാൻ തുടങ്ങിയെന്നതാണ് സത്യം. എങ്കിലും ചെറിയ വിലയിൽ കാർ എന്ന സ്വപ്‌നം യാഥാർഥ്യമാക്കണമെങ്കിൽ ഹാച്ച്ബാക്കുകൾ തന്നെ വേണം. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഹാച്ച് മോഡലുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. ഇതിൽ ലോർഡ് ആൾട്ടോയെന്ന് (Maruti Suzuki Alto) വിളിപ്പേരുള്ള എൻട്രി ലെവൽ ഹാച്ച്ബാക്ക് ഒരു കാലത്ത് സാധാരണക്കാരുടെ കാർ എന്ന സ്വപ്നത്തെ സാക്ഷാത്ക്കരിച്ച മിടുക്കനാണ്.
ഇന്നും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നുണ്ടെങ്കിലും പണ്ടത്തെ പോലെ ആൾട്ടോ അത്ര ഫോമിലല്ല. കുറച്ച് കാലങ്ങൾക്ക് മുമ്പ് പതിനായിരക്കണക്കിന് ആൾട്ടോകളായിരുന്നു ഓരോ മാസവും വിറ്റുകൊണ്ടിരുന്നത്. ഇപ്പോഴിതാ 2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ കച്ചോടം വലിയ രീതിയിൽ തന്നെ കുറഞ്ഞിരിക്കുന്നതായാണ് മനസിലാക്കാൻ സാധിക്കുന്നത്.

പോയമാസം എൻട്രി ലെവൽ ഹാച്ച്ബാക്ക് വാങ്ങാനായി 5,434 ആളുകൾ മാത്രമാണ് എത്തിയത്. 2024 സെപ്റ്റംബറിൽ നിരത്തിലെത്തിച്ച 8,655 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ ഏകദേശം 37 ശതമാനത്തിന്റെ നഷ്ടമാണ് മാരുതി സുസുക്കി ആൾട്ടോയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. അടുത്തിടെ ജിഎസ്‌ടി വെട്ടിക്കുറച്ചതോടെ മോഡലിന്റെ വിലയിലും കാര്യമായ കുറവ് സംഭവിച്ചിരുന്നു.
എന്നിട്ടും വാങ്ങാൻ ആളുകൾ എത്തിയില്ലെന്നത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. സ്ഥിരമായി നല്‍കാറുള്ള ഓഫറുകള്‍ക്ക് പുറമെ ചെറുകാറുകളുടെ ഏറ്റവും വലിയ പോരായ്മയായിരുന്ന സേഫ്റ്റിയില്‍ വരെ കമ്പനി അപ്ഡേറ്റ് ചെയ്തിട്ടും ആള്‍ട്ടോ K10 ഹാച്ച്ബാക്കിന് ഇത്രയും വലിയ നഷ്ടം സഹിക്കേണ്ടി വന്നത് ആശങ്കയുണ്ടാക്കിയേക്കാം.

50 ലക്ഷത്തിലധികം യൂണിറ്റ് വിറ്റഴിച്ച് ഇന്ത്യയിലെ എക്കാലത്തെയും ബെസ്റ്റ് സെല്ലര്‍ ആയിരുന്ന കാറിന്റെ അതിന്റെ പ്രതാപം പതിയെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിലവിൽ 3.70 ലക്ഷം മുതൽ 5.45 ലക്ഷം രൂപ വരെയാണ് പുത്തൻ ആൾട്ടോ K10 ഹാച്ചിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഹാര്‍ട്ട്ടെക്ട് പ്ലാറ്റ്ഫോമില്‍ പണിതിറക്കിയിരിക്കുന്ന ഏറ്റവും പുതുതലമുറയിലുള്ള ആള്‍ട്ടോയ്ക്ക് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.
5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിന് 67 bhp പവറിൽ പരമാവധി 89 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. പെട്രോളിന് പുറമെ സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനിലും കാർ സ്വന്തമാക്കാനാവും കേട്ടോ. 5 സ്പീഡ് മാനുവലിനൊപ്പം വരുന്ന സിഎൻജി പതിപ്പിന്റെ പെർഫോമൻസ് കുറവാണെങ്കിലും അന്യായ മൈലേജാണ് കിട്ടുക.

ആൾട്ടോ K10 മോഡലിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.90 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്. അതേസമയം കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ കുട്ടിക്കാറിന് 33.40 കിലോമീറ്റര്‍ മൈലേജ് വരെയും നൽകാനാവുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. വില കുറവാണെങ്കിലും ഫീച്ചറുകളിലൊന്നും യാതൊരു വിട്ടുവീഴ്ച്ചയ്ക്കും കമ്പനി തയാറായിട്ടില്ല. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വരെ ഇതിലുണ്ട്.
ഇതോടൊപ്പം മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റിമോട്ട് കീ ആക്‌സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, നാല് ഡോറിലും പവര്‍ വിന്‍ഡോകള്‍ എന്നിവയും ആൾട്ടോയിലുണ്ട്. 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന ഈ കുഞ്ഞന്‍ കാറിന്റെ എല്ലാ വേരിയന്റുകളിലും ഇലക്ട്രാണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭ്യമാണ്. അതിനാൽ സേഫ്റ്റിയിലും ആശങ്കകളൊന്നും വേണ്ട.


Click it and Unblock the Notifications








