വില 6.70 ലക്ഷം, 30.61 കി.മീ മൈലേജ്! എന്നിട്ടും മാരുതിയുടെ ഫാമിലി കാറിന്റെ വിൽപ്പന പാതിയോളം കുറഞ്ഞു
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ കൊമ്പനാണ് മാരുതി സുസുക്കി ബലേനോ (Maruti Suzuki Baleno). താങ്ങാനാവുന്ന വില, മികച്ച പെർഫോമൻസ്, കിടിലൻ മൈലേജ്, നല്ല റീസെയിൽ വാല്യൂ, മോഡേൺ ഫീച്ചറുകൾ എന്നിവയെല്ലാമായി എത്തിയ വണ്ടിയെ അതിവേഗം ആളുകൾ നെഞ്ചിലേറ്റുകയായിരുന്നു. ഇതൊക്കെയുണ്ടെങ്കിലും സേഫ്റ്റിയുടെ കാര്യത്തിൽ ആദ്യതലമുറ വലിയ പരാജയമായിരുന്നു. പപ്പടം എന്നൊക്കെ പേര് വീണതും ഇതേ ബലേനോയ്ക്കായിരുന്നു. രണ്ടാംതലമുറ മോഡൽ എത്തിയതോടെ സേഫ്റ്റിയുടെ കാര്യത്തിലും തീരുമാനമായി. അടുത്തിടെ നടത്തിയ ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി ആശാൻ കളംനിറഞ്ഞു.
പക്ഷേ കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന് വേണം പറയാൻ. 2025 ജൂൺ മാസത്തിൽ മാരുതി സുസുക്കി ബലേനോയുടെ 8,966 യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. 2024 ജൂണിലെ 14,895 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം ഹാച്ച്ബാക്കിന്റെ വിൽപ്പനയിൽ ഏകദേശം 40 ശതമാനത്തോളം നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്.

ഫ്രോങ്ക്‌സിന്റെ വരവ് ബലേനോയുടെ ഡിമാന്റിൽ കാര്യമായ ഇടിവ് സംഭവിക്കാൻ കാരണമായിട്ടുണ്ടെന്ന് വേണം പറയാൻ. ഒപ്പം വിപണിയിലെ മറ്റ് ട്രെൻഡുകളും തിരിച്ചടിയായിട്ടുണ്ടാവും. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് നേടിയിട്ടും വിൽപ്പനയിൽ പ്രതിഫലിക്കാത്തത് മാരുതിക്ക് നിരാശ സമ്മാനിച്ചിട്ടുണ്ടാവാം. എന്തായാലും വരുന്ന മാസത്തെ കണക്കുകളിൽ നഷ്‌ടം നികത്താനാവുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ പ്രതീക്ഷ.
6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ വാഗ്ദാനം ചെയ്യുന്ന കിടിലൻ സേഫ്റ്റി ഫീച്ചറുകളാണ് മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിൽ ഒരുക്കിവെച്ചിരിക്കുന്നത്. 1.2 ലിറ്റർ 4-സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിനാണ് ബലേനോയുടെ ഹൃദയം.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് എന്നീ ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന ബലേനോയുടെ എഞ്ചിൻ 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. മൈലേജിലും മോശക്കാരനല്ല ആശാൻ എന്നത് ഊഹിക്കാമല്ലോ അല്ലേ. ബലേനോ മാനുവൽ പതിപ്പിന് 22.35 കിലോമീറ്ററും എഎംടി വേരിയന്റുകൾക്ക് 22.94 കി.മീ. മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.
മൈലേജ് കൂടുതൽ ആവശ്യമുള്ളവർക്ക് കമ്പനി സിഎൻജി ഓപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട് കേട്ടോ. ഇതിൽ കിലോഗ്രാമിന് 30.61 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി പറയുന്നത്. 9.0 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ സപ്പോർട്ട്, വോയ്‌സ് കമാൻഡ് സപ്പോർട്ട്, സുസുക്കി കണക്റ്റഡ് കാർ ടെക് എന്നിവയാണ് ഇന്റീരിയറിനെ പ്രീമിയമാക്കുന്ന കാര്യങ്ങൾ.

സൺറൂഫ് ഇപ്പോഴും ഇല്ലാത്ത സെഗ്മെന്റിലെ ഏക കാർ കൂടിയാണ് ബലേനോ. ആർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഓട്ടോ ഡിമ്മിംഗ് IRVM, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ ആധുനിക ഫീച്ചറുകളുടെ സപ്പോർട്ട് ബലേനോയെ കൂടുതൽ മൂല്യവത്താക്കുന്നുണ്ട്.
സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന മാരുതി സുസുക്കി ബലേനോയ്ക്ക് നിലവിൽ 6.70 ലക്ഷം മുതൽ 9.92 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, സിട്രൺ C3, ടൊയോട്ട ഗ്ലാൻസ തുടങ്ങിയ വമ്പൻമാരോടാണ് ബലേനോയോടുടെ മത്സരം.


Click it and Unblock the Notifications








