അകത്ത് നല്ല സ്പേസും മൈലേജുമുള്ള മാരുതിയുടെ ഫാമിലി കാറിന്റെ കച്ചോടം കുറഞ്ഞു, നഷ്‌ടം സഹിച്ച് കമ്പനി
വാങ്ങിയവരാരും ഇതുവരെ കുറ്റം പറയാത്തൊരു കാറാണ് മാരുതി സുസുക്കി ബലേനോ. നല്ലൊരു ഫാമിലി കാറായി എത്രനാൾ വേണമെങ്കിലും വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്ന ചങ്ങാതി വിപണിയിലെത്തിയിട്ട് വർഷങ്ങളായതിനാൽ ആർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ല. താങ്ങാനാവുന്ന വില, മികച്ച പെർഫോമൻസ്, കിടിലൻ മൈലേജ്, നല്ല റീസെയിൽ വാല്യൂ, മോഡേൺ ഫീച്ചറുകൾ എന്നിവയെല്ലാമായി എത്തിയ വണ്ടിയെ അതിവേഗം ആളുകൾ നെഞ്ചിലേറ്റുകയായിരുന്നു. ബലേനോയുടെ ഫസ്റ്റ് ജെനറേഷൻ സേഫ്റ്റിയിൽ പോരെന്ന് ചിലർക്ക് പരാതിയുണ്ടായിരുന്നു. പക്ഷേ ന്യൂജെൻ ഇറക്കിയപ്പോൾ കൂടുൽ ബിൽഡ് ക്വാളിറ്റിയോടെ പപ്പടമെന്ന വിളിപ്പേരും മാറ്റാൻ ഹാച്ച്ബാക്കിനായി.
രണ്ടാംതലമുറ മോഡൽ അടുത്തിടെ നടത്തിയ ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി മോശക്കാരനല്ലെന്ന് തെളിയിക്കുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ബലേനോയ്ക്ക് നിരാശ നൽകുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 2025 ജൂൺ സെപ്റ്റംബറിൽ മാരുതി സുസുക്കി ബലേനോ വാങ്ങാനെത്തിയത് 13,173 ആളുകളാണ്.

ആദ്യ കാഴ്ച്ചയിൽ ഇതൊരു നല്ല സംഖ്യയാണല്ലോയെന്ന് തോന്നുമെങ്കിലും 2024 സെപ്റ്റംബർ മാസം വിറ്റഴിച്ച 14,292 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം ഹാച്ച്ബാക്കിന്റെ വിൽപ്പനയിൽ ഏകദേശം 8 ശതമാനത്തോളം നഷ്‌ടം സംഭവിച്ചിട്ടുണ്ട്. ഫ്രോങ്ക്‌സിന്റെ വരവ് ബലേനോയുടെ ഡിമാന്റിൽ കാര്യമായ ഇടിവ് സംഭവിക്കാൻ കാരണമായിട്ടുണ്ടെന്നാണ് പലരുടേയും അഭിപ്രായം.
എസ്‌യുവികൾക്ക് ഏറിവരുന്ന ഡിമാന്റും കാര്യങ്ങളും ഹാച്ച്ബാക്ക് മോഡലായ ബലേനോയെ ബാധിച്ചിട്ടുണ്ടെന്നത് സത്യമാണെങ്കിലും വിൽപ്പനയിൽ ഇതുവരെ തുടർച്ചയായി നഷ്‌ടം സംഭവിക്കുന്നില്ലെന്നത് മാരുതിയെ സംബന്ധിച്ച് ആശ്വാസകരമാണ്. ഉത്സവ സീസണിന് കൊടിയേറിയിരിക്കുന്നതിനാൽ വരുന്ന മാസത്തെ കണക്കുകളിൽ നഷ്‌ടം നികത്താനാവുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ പ്രതീക്ഷ.

ഒപ്പം ജിഎസ്‌ടി ഇളവുകളും ബാധകമായി തുടങ്ങിയതിനാൽ വിൽപ്പന ഉയരുമെന്ന് തന്നെ അനുമാനിക്കാം. ഒമ്പതോളം വേരിയന്റുകളിൽ വരുന്ന മാരുതി ബലേനോയാക്ക് നിലവിൽ 5.99 ലക്ഷം രൂപ മുതൽ 9.10 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 1.2 ലിറ്റർ 4-സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിനാണ് ബലേനോയുടെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് എന്നീ ഗിയർബോക്‌സ് ഓപ്ഷനുകളും കാറിൽ തെരഞ്ഞെടുക്കാൻ അവസരമുണ്ട്.
ബലേനോയിലെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മൈലേജിലും മോശക്കാരനല്ല ആശാൻ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബലേനോ മാനുവൽ പതിപ്പിന് 22.35 കിലോമീറ്ററും എഎംടി വേരിയന്റുകൾക്ക് 22.94 കി.മീ. മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോളിന് പുറമെ സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ഹാച്ച്ബാക്കിലുണ്ട്.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറയുമെങ്കിലും ഇതിൽ കിലോഗ്രാമിന് 30.61 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറിൽ 9.0 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ സപ്പോർട്ട്, വോയ്‌സ് കമാൻഡ് സപ്പോർട്ട് എന്നിവ പോലുള്ള സവിശേഷതകളെല്ലാം ലഭിക്കുകയും ചെയ്യും.
അതുകൂടാതെ സുസുക്കി കണക്റ്റഡ് കാർ ടെക്, ആർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഓട്ടോ ഡിമ്മിംഗ് IRVM, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ ആധുനിക ഫീച്ചറുകളുടെ പിൻബലവും മാരുതിയുടെ ഫാമിലി കാറിനുണ്ട്.
സേഫ്റ്റിയിലും മോശക്കാരനല്ലെന്ന് തുടക്കത്തിലെ പറഞ്ഞത് വെറുതേയല്ല കേട്ടോ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ പോലുള്ള മികച്ച സുരക്ഷാ സന്നാഹങ്ങളാണ് മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിൽ ഒരുക്കിവെച്ചിരിക്കുന്നത്.


Click it and Unblock the Notifications








