ഫ്രോങ്ക്സ് വന്നിട്ട് പോലും കുലുക്കമില്ല, പോയമാസം 16,082 യൂണിറ്റ് വിൽപ്പനയുമായി 5.99 ലക്ഷത്തിന്റെ മാരുതി കാർ
എസ്‌യുവി സെഗ്മെന്റിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുവാനായി രണ്ട് വർഷം മുമ്പ് മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിച്ച മോഡലുകളായിരുന്നു ജിംനിയും ഫ്രോങ്ക്‌സും. 2023 ഓട്ടോ എക്സ്പോയിലൂടെ അരങ്ങേറ്റം കുറിച്ചപ്പോൾ ഏവരുടേയും കണ്ണ് ഐക്കണിക് ഓഫ്-റോഡറായ ജിംനിയിലായിരുന്നുവെന്ന് വേണം പറയാൻ. കൂപ്പെ സ്റ്റൈലിൽ എത്തിയ ഫ്രോങ്ക്‌സ് ആ ഹൈപ്പിൽ മുങ്ങിപ്പോയിരുന്നുവെങ്കിലും വിപണിയിലെത്തിയപ്പോൾ സർപ്രൈസ് ഹിറ്റടിച്ചത് ഈ കോംപാക്‌ട് എസ്‌യുവിയായിരുന്നു. ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ അതേ സെഗ്മെന്റിൽ പണികഴിപ്പിച്ച മോഡൽ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. ബലേനോയുടെ ഏതാണ്ട് അതേ വില നിലവാരത്തിൽ എത്തിയതോടെ പലരും ഹാച്ച്ബാക്കിന്റെ വിധിയെഴുതുകയും ചെയ്‌തിരുന്നു.
ഫ്രോങ്ക്‌സ് പോലൊരു എസ്‌യുവി മോഡൽ ഉള്ളപ്പോൾ ആരെങ്കിലും ബലേനോ വാങ്ങുമോ എന്നതായിരുന്നു അത്. എന്നാൽ ഇത്തരം വാദങ്ങളെല്ലാം പൊളിച്ചുകൊണ്ട് ബലേനോ ഒരു കൾട്ട് ഫാമിലി കാറാണെന്നത് തെളിയിച്ചു. പല മാസങ്ങളിലും ഫ്രോങ്ക്‌സിനേക്കാൾ വിൽപ്പന നേടി ടോപ്പ് 10 കാറുകളുടെ പട്ടികയിലെ സ്ഥിര സാന്നിധ്യമായി ബലേനോ ഇപ്പോഴും വിലസുകയാണ്. 2025 ഒക്ടോബർ മാസത്തിലും വിൽപ്പനയിൽ നേട്ടമുണ്ടാക്കിയാണ് മോഡൽ കുതിക്കുന്നത്.

കഴിഞ്ഞ മാസം പ്രീമിയം ഹാച്ച്ബാച്ചിന്റെ 16,873 യൂണിറ്റുകളാണ് മാരുതി സുസുക്കി നിരത്തിലെത്തിച്ചത്. 2024 ഒക്ടോബർ മാസത്തെ 16,082 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 5 ശതമാനത്തിന്റെ വർധനവാണ് ബലേനോയുടെ വിൽപ്പനയിലുണ്ടായിരിക്കുന്നത്. ഉത്സവ സീസണും ജിഎസ്‌ടി നിരക്ക് വെട്ടിക്കുറച്ചതും കാരണമാണ് ഇത്രയും ഉയർന്ന രീതിയിൽ വിൽപ്പന നേടാൻ കമ്പനിക്ക് സാധിച്ചിരിക്കുന്നത്. ഒപ്പം ഫ്രോങ്ക്സ് ശ്രമിച്ചാൽ പോലും ബലേനോയോടുള്ള സ്നേഹം ഇല്ലാതാക്കാൻ കഴിയില്ലെന്ന് തെളിയിക്കാനും ഈ കണക്കുകൾക്ക് സാധിച്ചു.
സെപ്റ്റംബറിൽ 13,173 ആളുകളാണ് ബലേനോ വാങ്ങിപ്പോയത്. അങ്ങനെ നോക്കുമ്പോൾ പ്രതിമാസ വിൽപ്പനയിലും നേട്ടമുണ്ടാക്കാൻ വാഹനത്തിനായിട്ടുണ്ടെന്നത് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് ആശ്വസിക്കാനാവുന്ന കാര്യമാണ്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ ടോപ്പ് സെല്ലിംഗ് മോഡലായ ബലേനോയ്ക്ക് 5.99 ലക്ഷം രൂപ മുതൽ 9.10 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

കിടിലൻ മൈലേജ്, ഉഗ്രൻ പെർഫോമൻസ്, കുറഞ്ഞ മെയിന്റനെൻസ്, നല്ല ഇന്റീരിയർ സ്പേസ്, താങ്ങാനാവുന്ന വില അങ്ങനെ ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് കിട്ടുന്ന മിടുക്കൻ ഫാമിലി കാറാണ് ബലേനോ. 1.2 ലിറ്റർ 4-സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിനാണ് കാറിന് തുടിപ്പേകാനായി എത്തുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി ജോടിയാക്കിയിരിക്കുന്ന മോഡലിന് 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
പെട്രോളിന് പുറമെ സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ഹാച്ച്ബാക്കിലുണ്ട്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ സാധാരണ കാണുന്നത് പോലെ പെർഫോമൻസിൽ ചെറിയ കുറവുണ്ടാവുമെങ്കിലും കിലോഗ്രാമിന് 30.61 കിലോമീറ്റർ ഇന്ധനക്ഷമത വരെ ലഭിക്കുമെന്നതാണ് ഹൈലൈറ്റ്. ഇനി പെട്രോൾ തന്നെ മതിയെങ്കിൽ മാനുവൽ പതിപ്പിന് 22.35 കിലോമീറ്ററും എഎംടി വേരിയന്റുകൾക്ക് 22.94 കി.മീ. മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ സപ്പോർട്ട്, വോയ്‌സ് കമാൻഡ് സപ്പോർട്ട്, സുസുക്കി കണക്റ്റഡ് കാർ ടെക്, ആർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഓട്ടോ ഡിമ്മിംഗ് IRVM, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ ആധുനിക ഫീച്ചറുകളുടെ പിൻബലവും മാരുതിയുടെ ഫാമിലി കാറിനുണ്ട്.
സേഫ്റ്റിയിലേക്ക് വന്നാൽ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുള്ള മാരുതി സുസുക്കി ബലേനോയിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ പോലുള്ള മികച്ച സുരക്ഷാ സന്നാഹങ്ങളാണ് കമ്പനി കുത്തിനിറച്ചിരിക്കുന്നത്. അങ്ങനെ എല്ലാത്തരത്തിലും മിടുക്കനായ കാറിനെ വെറുതെയല്ല ഇന്ത്യക്കാർ ഇത്രമാത്രം സ്നേഹിക്കുന്നതെന്ന് മനസിലായില്ലേ.


Click it and Unblock the Notifications








