മിഡിൽ ക്ലാസുകാരന്റെ സ്വന്തം എസ്‌യുവിക്ക് കുറഞ്ഞത് 1.12 ലക്ഷം വരെ, ഇനി 8.26 ലക്ഷം കൊടുത്താൽ ബ്രെസ വാങ്ങാം
പുതുതായി കാർ വാങ്ങാനിരുന്നവരെയെല്ലാം സന്തോഷിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനമായിരുന്നു ജിഎസ്‌ടി ഇളവുകൾ. രാജ്യത്തെ മിക്ക കാറുകൾക്കും എസ്‌യുവികൾക്കും ഗംഭീര വിലക്കുറവ് ലഭിച്ചതോടെ പലരും തുള്ളിച്ചാടുകയായിരുന്നു. ജിഎസ്ടി കുറച്ചതിന്റെ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന വിഭാഗങ്ങളിലൊന്നാണ് സബ്-4 മീറ്റർ വിഭാഗം. അതിൽ മാരുതി ബ്രെസയ്ക്കെല്ലാം കാര്യമായ രീതിയിൽ തന്നെ വിലക്കുറവും ലഭിച്ചിട്ടുണ്ട്. എസ്‌യുവി വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരായിരിക്കും മാരുതി ബ്രെസയുടേത്. മിഡിൽ ക്ലാസുകാരന്റെ സ്വന്തം എസ്‌യുവി പേരെടുത്ത് നിൽക്കുന്ന മോഡൽ രാജ്യത്ത് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതും.
ഓരോ മാസവും പതിനായിരത്തിലധികം ആളുകളാണ് ബ്രെസ വാങ്ങാനായി രാജ്യത്ത് എത്തുന്നത്. കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റ്, അന്യായ മൈലേജ്, റേഞ്ച് റോവറിന്റെ ലുക്ക്, കിടിലൻ റീസെയിൽ വാല്യു എന്നിവയെല്ലാമാണ് മാരുതി ബ്രെസയെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്നത്. പുതിയ ജിഎസ്‌ടി നടപ്പിലാക്കിയതോടെ മാരുതി സുസുക്കിയുടെ ജനപ്രിയ എസ്‌യുവിക്ക് 43,000 രൂപ മുതൽ 1.12 ലക്ഷം രൂപ വരെ കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

ബ്രെസ സ്വന്തമാക്കുന്നത് സ്വപ്‌നം കണ്ടുനടന്നിരുന്നവരാണ് നിങ്ങളെങ്കിൽ ഇപ്പോഴിതാ സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. മാരുതി സുസുക്കിയുടെ സ്വന്തം കോംപാക്‌ട് എസ്‌യുവിയുടെ പുതിയ വിലകൾ എങ്ങനെയാണെന്ന് നോക്കിയാലോ? അതും വേരിയന്റ് തിരിച്ച് വിശദമായി തന്നെ പറഞ്ഞുതരാം. ആദ്യം മാനുവഷ മോഡലുകളുടെ വിലയുടെ വിശദാംശങ്ങളിലേക്ക് കടക്കാം.
മുമ്പ് മാരുതി ബ്രെസ LXI മാനുവലിന് 8.69 ലക്ഷമായിരുന്നു എക്സ്ഷോറൂം വിലയെങ്കിൽ ഇപ്പോൾ 43,000 രൂപ കുറഞ്ഞ് 8.26 ലക്ഷമായി മാറിയിട്ടുണ്ട്. അതേസമയം 9.64 ലക്ഷമായിരുന്ന LXI സിഎൻജിക്ക് 47,000 രൂപ കുറഞ്ഞ് 9.17 ലക്ഷമായി പുതുക്കിയ വില. VXI ആണ് നോക്കുന്നതെങ്കിൽ മുമ്പത്തെ 9.75 ലക്ഷമായിരുന്ന എക്സ്ഷോറൂം വില 49,000 രൂപയായി കുറഞ്ഞ് 9.26 ലക്ഷമായി മാറിയിട്ടുണ്ട്.

ബ്രെസയുടെ VXI സിഎൻജിയാണ് നോക്കുന്നതെങ്കിൽ മുമ്പ് മുടക്കേണ്ടിയിരുന്നത് 10.70 ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 10.17 ലക്ഷം രൂപ മാത്രം നൽകിയാൽ മതിയാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. ZXI മാനുവലിന് 11.26 ലക്ഷമായിരുന്നു നേരത്തത്തെ എക്സ്ഷോറൂം വിലയെങ്കിൽ ഇപ്പോൾ 86,000 രൂപ കുറഞ്ഞ് 10.40 ലക്ഷമായി മാറിയിട്ടുണ്ട്. ZXI സിഎൻജി നോക്കുന്നവർക്ക് 11.31 ലക്ഷവും മുടക്കിയാൽ മതിയാവും. ഇതിന് മുമ്പ് 12.21 ലക്ഷമായിരുന്നു വില വന്നിരുന്നത്.
ബ്രെസയുടെ മാനുവൽ ടോപ്പ് എൻഡായ ZXI പ്ലസിന് 1.07 ലക്ഷം രൂപയുടെ വിലക്കുറവാണ് സംഭവിച്ചിരിക്കുന്നത്. അതായത് 12.58 ലക്ഷമായിരുന്ന എക്സ്ഷോറൂം വില ഇപ്പോൾ 11.51 ലക്ഷമായി കുറഞ്ഞുവെന്ന് സാരം. ഇനി കോംപാക്‌ട് എസ്‌യുവിയുടെ ഓട്ടോമാറ്റിക്കിന്റെ കാര്യത്തിലേക്ക് വന്നാൽ ബ്രെസ VXI ഓട്ടോമാറ്റിക്കിന് പുതുക്കിയ വില 10.60 ലക്ഷം രൂപയാണ്. മുമ്പുണ്ടായിരുന്ന 11.15 ലക്ഷത്തിൽ നിന്നും 55,000 രൂപയുടെ വിലക്കുറവുണ്ടായിട്ടുണ്ടെന്ന് സാരം.

അതേസമയം ZXI ഓട്ടോമാറ്റിക്കാണെങ്കിൽ 12.66 ലക്ഷത്തിൽ നിന്നും 91,000 രൂപ കുറഞ്ഞ് 11.75 ലക്ഷമായി മാറിയിട്ടുണ്ട്. മാരുതി സുസുക്കി ബ്രെസ ZXI പ്ലസ് ഓട്ടോമാറ്റിക്കിനാണ് ഏറ്റവും കൂടുതൽ വിലക്കുറവുണ്ടായിരിക്കുന്നത്. 13.98 ലക്ഷമായിരുന്ന എക്സ്ഷോറൂം വില 12.86 ലക്ഷമായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. അതായത് ഈ മോഡലിന് 1.12 ലക്ഷത്തോളമാണ് വില കുറവ് സംഭവിച്ചിരിക്കുന്നതെന്ന് ചുരുക്കം.
വില കുറഞ്ഞുവെങ്കിലും എസ്‌യുവിയിൽ യാതൊരുവിധ പരിഷ്ക്കാരങ്ങളോ മാറ്റങ്ങളോ മാരുതി സുസുക്കി നടപ്പിലാക്കിയിട്ടില്ല. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C പെട്രോൾ എഞ്ചിൻ 6,000 ആർപിഎമ്മിൽ 103.1 bhp കരുത്തും 4,400 ആർപിഎമ്മിൽ പരമാവധി 136.8 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ കഴിയും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് കോംപാക്‌ട് എസ്‌യുവിക്കൊപ്പം വരുന്നത്.
K-സീരീസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി എഞ്ചിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത ലിറ്ററിന് 19.89 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു. ഇനി ഇതൊന്നും മതിയാവാത്തവർക്ക് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലും അണിനിരത്തുന്നുണ്ട്. ബൈ-ഫ്യുവലിൽ ഓടുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറയുമെന്ന് മാത്രം. അതായത് 88 bhp പവറിൽ 121.5 Nm torque മാത്രമാണ് സിഎൻജി വേരിയന്റിന് ഉത്പാദിപ്പിക്കാനാവുകയുള്ളൂവെന്ന് സാരം.


Click it and Unblock the Notifications








