25.51 കി.മീ. മൈലേജുള്ള മിഡിൽ ക്ലാസുകാരന്റെ സ്വന്തം എസ്‌യുവി! കഴിഞ്ഞ മാസം മാത്രം വാങ്ങിയത് 14,614 പേർ
ഇന്ത്യൻ വിപണിയിൽ നാല് മീറ്ററിൽ താഴെയുള്ള കോംപാക്‌ട് എസ്‌യുവികൾക്ക് അന്യായ ഡിമാന്റാണുള്ളത്. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോർസ്, കിയ, നിസാൻ, റെനോ, മഹീന്ദ്ര തുടങ്ങിയ രാജ്യത്തെ ഒട്ടുമിക്ക വാഹന നിർമാതാക്കളും സാന്നിധ്യമറിയിച്ചിരിക്കുന്ന ഈ വിഭാഗത്തിലെ കാറുകൾ മധ്യവർഗത്തിന് അനുയോജ്യമായ വിലയിലാണ് വിൽക്കുന്നത്. എസ്‌യുവി വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരായിരിക്കും മാരുതി ബ്രെസയുടേത്. മിഡിൽ ക്ലാസുകാരന്റെ സ്വന്തം എസ്‌യുവി പേരെടുത്ത് നിൽക്കുന്ന മോഡൽ രാജ്യത്ത് ചൂട് പൊറോട്ട പോലെയാണ് വിറ്റഴിയുന്നത്.
കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റ്, അന്യായ മൈലേജ്, റേഞ്ച് റോവറിന്റെ ലുക്ക്, കിടിലൻ റീസെയിൽ വാല്യു എന്നിവയെല്ലാമാണ് മാരുതി ബ്രെസയെ സെഗ്മെന്റിൽ വേറിട്ടുനിർത്തുന്നത്. ഫ്രോങ്ക്‌സ് വന്നിട്ട് പോലും ബ്രെസയുടെ വിൽപ്പനയിൽ ഇതുവരെ കുറവ് വന്നിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. 2025 മാർച്ച് മാസത്തെ വിൽപ്പന കണക്കുകൾ വരുമ്പോഴും മാരുതിക്ക് സന്തോഷിക്കാൻ വകനൽകുന്ന മോഡലുകളിൽ ഒന്നായി ബ്രെസ മാറിയിട്ടുണ്ട്.

2025 മാർച്ച് മാസത്തിൽ മാരുതി സുസുക്കി ബ്രെസയുടെ 16,546 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. 2024 മാർച്ചിൽ നിരത്തിലെത്തിച്ച 14,614 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 13 ശതമാനം വളർച്ച കൈവരിക്കാനും കോംപാക്‌ട് എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ പോയമാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മികച്ച 10 കാറുകളുടെ പട്ടികയിൽ ബ്രെസ ആറാമതായാണ് ഇടംനേടിയിരിക്കുന്നത്.
തുടക്കകാലത്ത് അതായത് 2016-ൽ ഡീസൽ എഞ്ചിനോടെയാണ് മാരുതി ബ്രെസ വിപണിയിലെത്തുന്നത്. അന്ന് മുഖ്യശത്രുവായിരുന്ന ടാറ്റ നെക്സോൺ ഒന്നും ചിത്രത്തിൽ പോലുമില്ലായിരുന്നു. പിന്നീട് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായി ഡീസൽ ഒഴിവാക്കി ബ്രെസ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ സ്വീകരിച്ചത്. എർട്ടിഗയിലും മറ്റും എത്തിയ കിടിലൻ എഞ്ചിൻ പിന്നീട് ആളുകളുടെ മനസ് കീഴടക്കുകയും ചെയ്‌തു.

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C പെട്രോൾ എഞ്ചിൻ 6,000 ആർപിഎമ്മിൽ 103.1 bhp കരുത്തും 4,400 ആർപിഎമ്മിൽ പരമാവധി 136.8 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ കഴിയും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് മാരുതി സുസുക്കിയുടെ കോംപാക്‌ട് എസ്‌യുവിക്കൊപ്പം ഇപ്പോൾ വരുന്നത്.
K-സീരീസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി എഞ്ചിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത ലിറ്ററിന് 19.89 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു. ഇനി ഇതൊന്നും മതിയാവാത്തവർക്ക് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലും അണിനിരത്തുന്നുണ്ട്. ബൈ-ഫ്യുവലിൽ ഓടുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറയുമെന്ന് മാത്രം. അതായത് 88 bhp പവറിൽ 121.5 Nm torque മാത്രമാണ് സിഎൻജി വേരിയന്റിന് ഉത്പാദിപ്പിക്കാനാവുകയുള്ളൂവെന്ന് സാരം.

ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രമാണ് വിപണിയിൽ എത്തുന്നത്. സിഎൻജി പതിപ്പുകൾക്ക് കിലോഗ്രാമിന് 25.51 കിലോമീറ്റർ മൈലേജാണ് പറയുന്നത്. നിലവിൽ 8.69 ലക്ഷം മുതൽ 13.98 ലക്ഷം വരെയാണ് മാരുതി ബ്രെസയ്ക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ സിസ്റ്റം പോലുള്ള മോഡേൺ ഫീച്ചറുകളാലും ബ്രെസ സമ്പന്നനാണ് കേട്ടോ.
കഴിഞ്ഞില്ല ഇതുകൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആർക്കമിസിൽ നിന്നുള്ള ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് സൗകര്യം, സിംഗിൾ പാൻ സൺറൂഫ്, ആറ് എയർബാഗുകൾ, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ തുടങ്ങിയ സംവിധാനങ്ങളും മാരുതി സുസുക്കി തങ്ങളുടെ കോംപാക്‌ട് എസ്‌യുവിയായ ബ്രെസയിൽ ഒരുക്കിയിട്ടുണ്ട്. നെക്സോൺ, വെന്യു, സോനെറ്റ്, മാഗ്‌നൈറ്റ്, XUV300, കൈഗർ, പോലുള്ള മിടുക്കൻമാരോട് പോരാടിയാണ് ബ്രെസ ഈ വലിയ വിജയം നേടിയിരിക്കുന്നത്.


Click it and Unblock the Notifications








