ബ്രെസയിലും ബലേനോയിലുമില്ല, 6 എയർബാഗുള്ള മാരുതി കാറുകൾ ഏതൊക്കെയാണെന്ന് അറിഞ്ഞാൽ കിളിപോവും
സേഫ്റ്റിയുടെ കാര്യം വരുമ്പോൾ ടാറ്റയെയും മഹീന്ദ്രയെയും വാനോളം പുകഴ്ത്തുന്നവർ മാരുതി കാറുകളെ ഇകിഴ്‌ത്തിക്കാണിക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. പപ്പടമാണ്, ഇടിച്ചാൽ തവിട്പൊടിയാവുമെന്നെല്ലാം പറഞ്ഞുള്ള പരിഹാസം കേൾക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. എന്നാൽ ഡിസയറിലൂടെ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടി വിമർശകരുടെ വായടപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് ഒരുപരിധി വരെ കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം സെലേറിയോയ്ക്ക് 6 എയർബാഗ് സമ്മാനിച്ച് കമ്പനി ഞെട്ടിക്കുകയും ചെയ്‌തു. അങ്ങനെ സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതിനായി മാരുതി കാറുകളും സേഫാവുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്.
അപകടസമയത്ത് യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ എയർബാഗുകൾക്കുള്ള സംഭാവന ചെറുതൊന്നുമല്ലെന്ന് ഏവർക്കും അറിയാമല്ലോ. അതിനാൽ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ മാത്രം നോക്കി സേഫ്റ്റിയുള്ള കാറുകൾ വാങ്ങാൻ നിൽക്കേണ്ട. മാരുതി കാറുകളിൽ 6 എയർബാഗുകൾ വാഗ്‌ദാനം ചെയ്യുന്ന മോഡലുകൾ ഏതെല്ലാമുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഫ്രോങ്ക്സോ ബലോനോയോ ബ്രെസയോ എർട്ടിഗയോ ഒന്നും ഇക്കൂട്ടത്തിൽ ഇല്ല കേട്ടോ. കൂടുതൽ അറിയാൻ തുടർന്ന് വായിച്ചോ.

സെലേറിയോ: ഇക്കൂട്ടത്തിൽ ആദ്യത്തെ പേര് സെലേറിയോയുടേതാണ്. ഇക്കഴിഞ്ഞ ദിവസമാണ് 6 എയർബാഗുകൾ കൂട്ടിച്ചേർത്ത് മാരുതി സുസുക്കി തങ്ങളുടെ കോംപാക്‌ട് ഹാച്ച്ബാക്കിനെ പുറത്തിറക്കിയത്. 5.64 ലക്ഷം മുതൽ 7.37 ലക്ഷം രൂപ വരെയാണ് വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രാജ്യത്ത് ഈ ഫീച്ചർ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറായും സെലേറിയോ മാറുന്നു.
സ്വിഫ്റ്റ്: കഴിഞ്ഞ വർഷം പുതുതലമുറയിലേക്ക് ചേക്കേറിയ മാരുതിയുടെ ജനപ്രിയനും സ്റ്റാൻഡേർഡായി 6 എയർബാഗുകളാണ് ഒരുക്കിയിരിക്കുന്നത്. 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി സ്വിഫ്റ്റിന് വരുന്ന എക്സ്ഷോറൂം വില. ഇതോടൊപ്പം നല്ല ഒന്നാന്തരം 3-സിലിണ്ടർ പെട്രോൾ എഞ്ചിനും കൂടിയാവുമ്പോൾ സംഗതി കളറാവും. മൈലേജിലായാലും ഹാച്ച്ബാക്ക് ആരേയും നിരാശപ്പെടുത്തില്ല കേട്ടോ.

ഡിസയർ: ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടുന്ന മാരുതി സുസുക്കിയുടെ ആദ്യ കാറാണ് ഡിസയർ. ഈ കോംപാക്‌ട് സെഡാനും കുറഞ്ഞ വിലയിൽ ഇന്ത്യയിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുന്ന അപൂർവം ചില മോഡലുകളിൽ ഒന്നാണ്. 6.84 ലക്ഷം രൂപ മുതൽ 10.19 ലക്ഷം രൂപ വരെയാണ് കാറിനായി മുടക്കേണ്ടി വരുന്ന രാജ്യത്തെ എക്സ്ഷോറൂം വില.
ജിംനി: ഇന്ത്യയിൽ മാരുതി സുസുക്കി പുറത്തിറക്കുന്ന ഓഫ്-റോഡർ എസ്‌യുവിയായ ജിംനിയും സേഫ്റ്റിയുടെ കാര്യത്തിൽ മിടുക്കനാണ്. ക്രാഷ് ടെസ്റ്റിൽ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും സ്റ്റാൻഡേർഡായി 6 വരെ എയർബാഗുകൾ ഒരുക്കിയാണ് ജിംനി വിപണനത്തിന് എത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ പ്രതീക്ഷിച്ചതു പോലെ മോഡൽ വിറ്റഴിഞ്ഞില്ലെങ്കിലും ഇപ്പോൾ ഗംഭീര ഓഫറുകളോടെ വണ്ടി വീട്ടിലെത്തിക്കാനാവും. 12.75 ലക്ഷം മുതൽ 14.96 ലക്ഷം വരെയാണ് എസ്‌യുവിയുടെ വില വരുന്നത്.

ഇൻവിക്റ്റോ: ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്‌ജ് മോഡലായ ഇൻവിക്റ്റോ മാരുതി സുസുക്കിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായാണ് ഇന്ത്യയിൽ എത്തുന്നത്. പ്രതീക്ഷിക്കുന്നത് പോലെ 6 എയർബാഗുകൾ ഈ മൾട്ടി പർപ്പസ് വാഹനത്തിലും സ്റ്റാൻഡേർഡായി ലഭിക്കും. ഒപ്പം സ്ട്രാംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ കൂടിയാവുന്നതോടെ പ്രീമിയം ഫീൽ ഉയരും. 25.51 ലക്ഷം രൂപ മുതൽ 29.22 ലക്ഷം രൂപ വരെയാണ് മാരുതി ഇൻവിറ്റോയ്ക്ക് വരുന്ന എക്സ്ഷോറൂം വില.
6 എയർബാഗുകൾ കമ്പനിയുടെ മറ്റ് മോഡലുകളിലേക്കും ഉടൻ തന്നെ എത്തുമെന്നാണ് വിവരം. ഇതുകൂടാതെ ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനുള്ള (EBD) ആൻ്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡായി മാരുതി കാറുകൾക്ക് ഇതിനകം തന്നെയുണ്ട്. ഇതോടൊപ്പം ഹിൽ ഹോൾഡ് അസിസ്റ്റും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം ഫീച്ചറും സ്റ്റാൻഡേർഡായി (ESP) വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications








