ലേഡീസിൻ്റെ പ്രിയങ്കരനായ മാരുതി കാർ, 6 എയർബാഗുള്ള ബേസ് വേരിയൻ്റിൽ പോലും 52,500 രൂപ ഡിസ്‌കൗണ്ട്
സേഫ്റ്റിയുള്ള കാറുകൾ വാങ്ങാൻ ആളുകൾ പരക്കംപായുന്നുണ്ടെങ്കിലും ഒടുക്കത്തെ മൈലേജ് തരുന്ന മാരുതി കാറുകളെ കണ്ടില്ലെന്ന് നടിക്കാൻ ഇന്ത്യക്കാർക്ക് ആവുന്നില്ലെന്നതാണ് സത്യം. മുമ്പത്തെ അപേക്ഷിച്ച് മാരുതി സുസുക്കിയുടെ മോഡലുകളെല്ലാം സുരക്ഷയുടെ കാര്യത്തിൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഏവർക്കും അറിയാം. 6 എയർബാഗുകളും മറ്റ് സേഫ്റ്റി ഫീച്ചറുകളുമെല്ലാം നൽകി മിടുക്കൻമാരായാണ് ചെറുകാറുകൾ പോലും വരുന്നത്. കൂട്ടത്തിൽ ഏറ്റവും മൈലേജ് തരുന്ന കാർ എന്ന ബഹുമതിയുള്ളത് സെലേറിയോയ്ക്കാണ്. ടോൾബോയ് രൂപവും നല്ല ഇന്റീരിയർ സ്പേസും 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമായി വന്ന ഹാച്ച്ബാക്ക് നല്ലൊരു ഫാമിലി കാർ കൂടിയാണ് കേട്ടോ.
നിലവിൽ സ്ത്രീകൾക്കിടയിലാണ് കക്ഷിക്ക് കൂടുതൽ ഫാൻസുള്ളത്. നല്ല എഎംടി ഓട്ടോമാറ്റിക് കാർ നോക്കി നടക്കുന്നവർക്കെല്ലാം കണ്ണുംപൂട്ടി ആശാനെ വാങ്ങിക്കാം കേട്ടോ. ചെറുകാർ നിരയിൽ ക്ലച്ച്ലെസ് സംവിധാനം ആദ്യമായി ജനകീയമാക്കിയ മാരുതിയുടെ കാറാണ് സെലേറിയോ. ഇപ്പോൾ ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി കോംപാക്‌ട് ഹാച്ച്ബാക്ക് നല്ല ലാഭത്തിൽ വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.

അതിനോട് അനുബന്ധിച്ച് മാരുതി സെലേറിയോയുടെ എല്ലാ വേരിയൻ്റുകളിലും 52,500 രൂപ വരെ ഓഫറുകളാണ് മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് അല്ലെങ്കിൽ 25,000 രൂപ സ്‌ക്രാപ്പേജ് ബോണസ്, 2,500 രൂപ വരെയുള്ള മറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് 2025 ഡിസംബർ മാസത്തേക്കായുള്ള ഓഫർ. പിന്നൊരു കാര്യം സംസ്ഥാനം, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി ഓഫറുകളിൽ വ്യത്യാസമുണ്ടാവാൻ സാധ്യതയുണ്ട് കേട്ടോ.
കൂടാതെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചിരിക്കും ഓഫറുകൾ. കൃത്യമായ വിവരങ്ങൾ അറിയാൻ മാരുതി സുസുക്കിയുടെ ഏറ്റവും അടുത്തുള്ള അംഗീകൃത ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. എങ്കിലും ഒട്ടുമിക്ക കേസുകളിലും 52,500 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് വിവരം. അടുത്തിടെ ജിഎസ്‌ടിയും വലിയ രീതിയിൽ വെട്ടിക്കുറച്ചതോടെ സെലേറിയോയ്ക്ക് കാര്യമായ വിലക്കുറവും സംഭവിച്ചിരുന്നു.

നിലവിൽ 4.70 ലക്ഷം മുതൽ 6.73 ലക്ഷം രൂപ വരെയാണ് മാരുതിയുടെ ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ബേസ് വേരിയൻ്റ് മുതൽ 6 എയർബാഗുകൾ ലഭിക്കുമെന്നതിനാൽ സേഫ്റ്റിയുടെ കാര്യത്തിൽ ആശങ്കകളൊന്നും വേണ്ട. ഇവയ്ക്ക് പുറമെ ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയും സെലേറിയായിൽ ഒരുക്കിയിട്ടുണ്ട്.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ മോഡേൺ ഫീച്ചറുകളും മാരുതി സുസുക്കിയുടെ ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. LXI, VXI, ZXI, ZXI+ എന്നീ നാല് വേരിയൻ്റുകളാണ് ഈ കോംപാക്‌ട് ഹാച്ച്ബാക്കിനുള്ളത്. മാരുതി സുസുക്കിയുടെ മോഡുലാർ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് സെലേറിയാ പണികഴിപ്പിച്ചിരിക്കുന്നതും.

1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി സെലേറിയോയ്ക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന K-സീരീസ് എഞ്ചിന് 66 bhp പവറിൽ പരമാവധി 89 Nm torque വരെ നൽകാനാവും. ഭാരം കുറവായതിനാൽ ഭംഗീര പെർഫോമൻസും നൽകാൻ ഹാച്ച്ബാക്കിന് സാധിക്കുന്നതാണ്. പെട്രോൾ മാനുവൽ ലിറ്ററിന് 24.8 കിലോമീറ്റർ വരെയും പെട്രോൾ എഎംടിക്ക് 25.75 കിലോമീറ്റർ വരെയും മൈലേജാണ് സെലേറിയോ തരുന്നത്.
ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും സെലേറിയോ വാങ്ങാനാവുന്നതാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിൻ്റെ പെർഫോമൻസ് കണക്കുകൾ നന്നായി കുറയുന്നതായിരിക്കും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന ഈ വേരിയൻ്റുകൾ 56 bhp പവറിൽ 82.1 Nm ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കുന്നത്. ഒരു കിലോ സിഎൻജിയിൽ 32.85 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സെലേറിയോ സിഎൻജി വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








