32.85 KM മൈലേജ്, 6 എയർബാഗ്! ലേഡീസിന് പറ്റിയ 5.64 ലക്ഷത്തിന്റെ മാരുതിയുടെ കാറിന്റെ കച്ചോടം നഷ്‌ടത്തിൽ
രാജ്യത്തെ ചെറുകാർ വിഭാഗത്തിൽ മൈലേജ് വിപ്ലവം തീർത്ത മോഡലാണ് മാരുതി സുസുക്കി സെലേറിയോ. വാഗൺആർ വാങ്ങുന്ന അതേവിലയിൽ എന്തിനാണ് പുത്തനൊരു മോഡൽ എന്ന് പലരും അന്ന് ചോദിച്ചിരുന്നുവെങ്കിലും പിന്നീട് ആളുകൾ ചോദിച്ച് വാങ്ങുന്ന ഹാച്ച്ബാക്കായി സെലേറിയോ വളർന്നത് വളരെ പെട്ടന്നായിരുന്നു. ടോൾബോയ് രൂപവും നല്ല ഇന്റീരിയർ സ്പേസും 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമെല്ലാമായി എത്തിയ വാഹനം നല്ലൊരു ഫാമിലി കാറായാണ് വിജയം കൊയ്‌തത്. ഒരു കാലത്ത് മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നായിരുന്നു ഇതെങ്കിലും ഇന്ന് അത്രയ്ക്ക് വിൽപ്പനയൊന്നും നേടാനാവുന്നില്ലെന്നതാണ് സത്യം.
സ്ത്രീകൾക്കിടയിലാണ് ഫാൻസ് കൂടുതലുണ്ടായിരുന്നത്. അതിന്റെ പ്രധാന കാരണം എഎംടി ഗിയർബോക്‌സിന്റെ സാന്നിധ്യമായിരുന്നു. ചെറുകാർ നിരയിൽ ക്ലച്ച്ലെസ് സംവിധാനം ആദ്യമായി ജനകീയമാക്കിയ മാരുതിയുടെ കാർ എന്ന് സെലേറിയോയെ വിളിച്ചാലും തെറ്റൊന്നുമില്ല. വീട്ടിലേക്ക് ഒരു കുഞ്ഞൻ ഹാച്ച്ബാക്ക് നോക്കിനടക്കുന്നവരെല്ലാം സെലേറിയോ ആണ് തെരഞ്ഞെടുത്തത്. എന്നാൽ തലമുറ മാറ്റം ലഭിച്ചതോടെ മോഡലിന്റെ വിൽപ്പന കുറഞ്ഞു.

സാങ്കേതികമായി പുരോഗമിച്ചുവെങ്കിലും ഡിസൈനിലുണ്ടായ മാറ്റം പലർക്കും ഇതുവരെ അംഗീകരിക്കാനായിട്ടില്ല. പക്ഷേ ഇപ്പോഴും കൂടുതൽ വാങ്ങുന്നത് സ്ത്രീകളാണ് എന്നതും സത്യമാണ്. ഒടുക്കത്തെ മൈലേജും നല്ല ഓട്ടോമാറ്റിക് ഗിയർബോക്‌സും ഒതുക്കമുള്ള രൂപവുമെല്ലാം ലേഡീസിനെ സെലേറിയോയിലേക്ക് ആകർഷിക്കുന്നുണ്ട്. എന്നിട്ടും കച്ചോടം ഇടിയുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് ആശങ്ക നൽകുന്ന കാര്യമാണ്.
2025 ജൂലൈ മാസത്തെ വിൽപ്പനയിൽ കാര്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. പോയമാസം ഹാച്ച്ബാക്കിന്റെ 1,392 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. 2024 ജൂലൈയിൽ നിരത്തിലെത്തിച്ച 2,465 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 43.53 ശതമാനം ഇടിവാണ് സെലേറിയോയുടെ കച്ചോടത്തിൽ സംഭവിച്ചിരിക്കുന്നത്. വളരെ ആശങ്കാജനകമായ കണക്കുകളാണെങ്കിലും ഉത്സവ സീസണിൽ നഷ്‌ടം നികത്താനാവുമെന്നാണ് കമ്പനിയുടെ വിശ്വാസം.

വാർഷിക വിൽപ്പനയിൽ മാത്രമല്ല, പ്രതിമാസ കണക്കുകളിലും മാരുതി സുസുക്കി സെലേറിയോ വളരെ കുത്തനെയുള്ള ഇടിവാണ് നേരിട്ടിരിക്കുന്നത്. അതായത് 2025 ജൂണിൽ കാറിന്റെ 2,038 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിരുന്നു. എന്നാൽ ഒരുമാസത്തിനിപ്പുറം ജൂലൈയിൽ ഇതിനകം സൂചിപ്പിച്ചതുപോലെ 1,392 സെലേറിയോ കാറുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂ. അതായത് 646 യൂണിറ്റുകളുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് സാരം.
പ്രതിമാസ വിൽപ്പനയിൽ സെലേറിയോയ്ക്ക് 31.70 ശതമാനം ഇടിവാണുണ്ടായിരിക്കുന്നതെന്ന് സാരം. മാരുതി സുസുക്കിയുടെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഹാച്ച്ബാക്കുകളിൽ ഒന്നാണിത്. പോരാത്തത്തിന് 6 എയർബാഗുകളുടെ സപ്പോർട്ടും ഇപ്പോൾ മോഡലിന് ലഭിക്കുന്നുണ്ട്. 5.64 ലക്ഷം രൂപ മുതൽ 7.37 ലക്ഷം വരെയാണ് കോംപാക്‌ട് ഹാച്ചിന് വരുന്ന നിലവിലെ എക്സ്ഷോറൂം വില.

LXI, VXI, ZXI, ZXI+ എന്നീ നാല് വേരിയന്റുകളിൽ പുതിയ സെലേറിയോ തെരഞ്ഞെടുക്കാനും അവസരമുണ്ട്. മാരുതി സുസുക്കിയിടെ മോഡുലാര്‍ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് ഹാച്ച്ബാക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. 1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന K-സീരീസ് എഞ്ചിന് 66 bhp പവറിൽ പരമാവധി 89 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
ഇതുകൂടാതെ സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും സെലേറിയോ വീട്ടിലെത്തിക്കാം. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന് 56 bhp പവറിൽ 82.1 Nm torque വരെയാണ് നൽകാനാവുക. പെട്രോൾ മാനുവൽ ലിറ്ററിന് 24.8 കിലോമീറ്റർ വരെയും പെട്രോൾ എഎംടിക്ക് 25.75 കിലോമീറ്റർ വരെയും മൈലേജാണ് സെലേറിയോ തരുന്നത്. അതേസമയം സിഎൻജി വേരിയന്റ് ഒരു കിലോയ്ക്ക് 32.85 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകാൻ കാറിനാവും.


Click it and Unblock the Notifications








