ഹൈബ്രിഡ് എഞ്ചിനുമായി ഡിസയർ വിപണിയിൽ, വില 13.90 ലക്ഷം മുതൽ; മൈലേജ് മാത്രം രഹസ്യമാക്കി വെച്ച് കമ്പനി
ഹൈബ്രിഡ് കാറുകളുടെ (Hybrid Cars) മേൻമ ഇന്ത്യക്കാർ അടുത്തറിയാൻ തുടങ്ങിയതിന് കാരണം മാരുതി സുസുക്കിയും (Suzuki) ടൊയോട്ടയും (Toyota) തമ്മിലുള്ള സംയുക്ത സംരംഭമാണെന്ന് വേണം പറയാൻ. ഗ്രാൻഡ് വിറ്റാരയും (Grand Vitara) അർബൻ ക്രൂസിയർ ഹൈറൈഡറും (Hyryder) മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ് ഭരിക്കാൻ തുടങ്ങിയതിന്റെ കാരണവും ഇതേ ടെക്‌നോളജിയായിരുന്നു. ഇനി സാധാരണക്കാരുടെ മോഡലുകളിലേക്കും മാരുതി ഇതേ ടെക്നോളജി കൊണ്ടുവരുമെന്ന കിംവദന്തിയും എയറിൽ നിൽക്കുന്നുണ്ട്. ഫ്രോങ്ക്‌സ് (Fronx), സ്വിഫ്റ്റ് (Swift) പോലുള്ള ജനപ്രിയൻമാരിലേക്ക് സംഗി കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾ ശക്തമായതോടെ ഫാൻസും ആവേശത്തിലായിരുന്നു.
ഇപ്പോഴിതാ സർപ്രൈസായി സുസുക്കിയുടെ കോംപാക്‌ട് സെഡാനിലേക്ക് ഹൈബ്രിഡ് ടെക്നോളജി അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ ഏറ്റവും പുതിയ ഡിസയറാണ് സ്ട്രോംഗ് ഹൈബ്രിഡുമായി വിപണനത്തിന് എത്തിയിരിക്കുന്നത്. എന്നാൽ സംഭവം ഇന്ത്യയിലല്ല കേട്ടോ. ഫിലിപ്പീൻസിലാണ് വണ്ടി ആദ്യമായി രംഗപ്രവേശം ചെയ്‌തിരിക്കുന്നത്.

ഫിലിപ്പീൻസിൽ PHP 920,000 എന്ന വിലയ്ക്കാണ് സുസുക്കി ഡിസയർ ഹൈബ്രിഡ് പുറത്തിറക്കിയിരിക്കുന്നത്. അതായത് ഏകദേശം 13.90 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് വാഹനം കച്ചോടം പിടിക്കാനായി എത്തിയിരിക്കുന്നത്. മാരുതി സുസുക്കി പുതിയ Z12E 1.2 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്റെ ഒരു ഹൈബ്രിഡ് പതിപ്പ് പരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ആഗോള വിപണികൾക്ക് മാത്രമായി ഉദ്ദേശിച്ചിരുന്ന സ്വിഫ്റ്റ് ഹൈബ്രിഡ് ഇന്ത്യയിൽ പലതവണ പരീക്ഷണയോട്ടം നടത്തുകയും ചെയ്‌തിട്ടുണ്ട്. ഡിസയറും ഇതേ ഹൈബ്രിഡ് എഞ്ചിൻ പങ്കിട്ടുകൊണ്ടാണ് കച്ചോടത്തിന് ഇറങ്ങിയിരിക്കുന്നത്. സുസുക്കി ഡിസയർ ഹൈബ്രിഡ് എന്ന് വിളിക്കപ്പെടുന്ന കോംപാക്‌ട് സെഡാൻ ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം ഇന്ത്യയിലുള്ള മോഡലിന്റെ അതേ മോഡൽ തന്നെയാണ്. ഫിലിപ്പീൻസിൽ ഡിസയറിനൊപ്പം സൺറൂഫ് വാഗ്ദാനം ചെയ്യുന്നില്ലെന്ന് മാത്രം.

എന്നാൽ ഫിലിപ്പീൻസിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലായാണ് സുസുക്കി ഡിസയർ അവതാരപ്പിറവിയെടുത്തിരിക്കുന്നത്. 9 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫോഗ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം ബെൽറ്റ് ലൈൻ തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.
ഫിലിപ്പീൻസിൽ GL, GLX എന്നിങ്ങനെ രണ്ട് ട്രിം ലെവലുകളിലാണ് സുസുക്കി ഡിസയർ ഹൈബ്രിഡ് വിപണനത്തിന് എത്തിയിരിക്കുന്നത്. സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾ സിസ്റ്റത്തോടെയാണ് (12V SHVS) കോംപാക്‌ട് സെഡാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതൊരു 48V ഹൈബ്രിഡ് സിസ്റ്റം അല്ലാത്തതിനാൽ ഡിസയറിൽ വാഗ്ദാനം ചെയ്യുന്ന ഈ 12V ഹൈബ്രിഡ് സിസ്റ്റത്തിന്റെ ഗുണങ്ങൾ വളരെ പരിമിതമാണ്.

2.19 kW (2.93 bhp) ഇലക്ട്രിക് മോട്ടോറിലേക്ക് പവർ അയയ്ക്കുന്ന ഒരു ചെറിയ 0.072 kWh ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ഇത് ടോർക്ക് അസിസ്റ്റ് നൽകുകയും ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്നുമാണ് സുസുക്കി അവകാശപ്പെടുന്നത്. ഫിലിപ്പീൻസ് വിപണിക്കായുള്ള ഡിസയർ ഹൈബ്രിഡിന്റെ ഇന്ധനക്ഷമത കണക്കുകൾ കമ്പനി ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെ മാരുതി സുസുക്കി ഡിസയറിന് വേരിയന്റ് അനുസരിച്ച് പെട്രോൾ മാനുവലിൽ 24.79 കിലോമീറ്റർ മൈലേജും പെട്രോൾ എഎംടി ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം 25.71 കിലോമീറ്റർ മൈലേജും സിഎൻജി മാനുവലിൽ 33.73 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ഡിസയർ ഹൈബ്രിഡ് ഒരു സിവിടി ഗിയർബോക്‌സ് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂവെന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്.


Click it and Unblock the Notifications








