ക്രെറ്റയെ സൈഡാക്കി നമ്പർ 1, ജൂലൈയിൽ മാരുതിയുടെ സെഡാൻ വാങ്ങിയത് 20,895 ആളുകൾ; 33.73 KM അല്ലേ മൈലേജ്
ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനമെന്ന കിരീടത്തിനായി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. മാരുതി കാറുകളെ വെട്ടിവീഴ്ത്തി ഹ്യുണ്ടായി ക്രെറ്റയും (Hyundai Creta) ടാറ്റ പഞ്ചുമെല്ലാം ഈയൊരു നേട്ടത്തിന് പലതവണ അർഹമായപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ ആധിപത്യം അവസാനിക്കാൻ പോവുന്നുവെന്ന് വിധിയെഴുതിവരും നമുക്കിടയിലുണ്ട്. എന്നാൽ മാരുതിയുടെ ഡിമാന്റ് ഒന്നും അങ്ങനെ പെട്ടന്ന് ഇല്ലാതാവുന്നതല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വീണ്ടും. 2025 ജൂലൈ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഏവരേയും ഞെട്ടിച്ചുകൊണ്ട് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ഒരു മാരുതി കാറാണ്.
അതും എസ്‌യുവികൾ ട്രെൻഡിംഗായി നിൽക്കുന്ന കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയത് ഒരു സെഡാൻ ആണെന്നത് കേട്ടാൽ പലരും നെറ്റിചുളുക്കിയേക്കാം. പോയമാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി മാറിയത് മാരുതി സുസുക്കി ഡിസയർ കോംപാക്‌ട് സെഡാനാണ്. ഹ്യുണ്ടായി ക്രെറ്റയെ മറികടന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയത് 20,895 യൂണിറ്റുകളോടെയാണ്.

2025 ജൂണിലെ 15,484 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഡിസയറിന്റെ വിൽപ്പനയിൽ 35 ശതമാനത്തോളം വർധനവാണുണ്ടായിരിക്കുന്നതും. അതേസമയം ക്രെറ്റയുടെ 16,898 യൂണിറ്റുകൾ വിറ്റഴിക്കാനാണ് ഹ്യുണ്ടായിക്ക് സാധിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എസ്‌യുവി വിഭാഗത്തിന്റെ ആധിപത്യം കണക്കിലെടുക്കുമ്പോൾ വെറുമൊരു കോംപാക്‌ട് സെഡാന് ഇത്രയധികം വിൽപ്പന നേടാനായത് ശ്രദ്ധേയമാണ്.
മാരുതിക്ക് മാത്രം കഴിയുന്ന കാര്യമാണിതെന്നും പറയുന്നവരുണ്ട്. തന്ത്രപരമായ വില നിർണയവും മൈലേജും സേഫ്റ്റിയും പ്രായോഗികതയുമാണ് ഡിസയറിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റുകളിൽ വരുന്ന കാറിന് 6.84 ലക്ഷം മുതൽ 10.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന മാരുതി സുസുക്കിയുടെ ആദ്യ കാറാണ് പുത്തൻ ഡിസയർ.

6 എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയാണ് പുതിയ ഡിസയറിലെ സുരക്ഷാ ഫീച്ചറുകൾ. മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമാണ് കാറിൽ ലഭ്യമാവുക. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാലും സംഭവം ഗെത്താണ്.
9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള അത്യാധുനിക സംവിധാനങ്ങളെല്ലാം കുത്തിനിറച്ചാണ് പുത്തൻ ഡിസയറിനെ മാരുതി സുസുക്കി വിൽപ്പനയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്.

സ്വിഫ്റ്റിലെ പുതിയ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഡിസയറിനും തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പണ്ടത്തെ അപേക്ഷിച്ച് പവർ കണക്കുകളിൽ ചെറിയ വ്യത്യസമുണ്ടെങ്കിലും എഞ്ചിൻ അത്ര മോശമൊന്നുമല്ല.
മൈലേജ് പ്രേമികൾക്കായി കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റും സെഡാനുണ്ട്. മാരുതി സുസുക്കി ഡിസയറിന്റെ സിഎൻജി വേരിയന്റ് കിലോഗ്രാമിന് 33.73 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ട്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ളതിനാൽ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ കാറിന് 25.71 കി.മീ ഇന്ധനക്ഷമത നൽകാനുമാവും. എസ്‌യുവികളിലില്ലാത്ത യാത്രാ സുഖവും ഒടുക്കത്തെ മൈലേജുമെല്ലാമായി ആളുകളുടെ മനസിൽ വേഗത്തിൽ കയറിക്കൂടാൻ സെഡാനായതിന്റെ തെളിവാണ് ഇത്രയും വലിയ വിൽപ്പന കണക്കുകൾ.


Click it and Unblock the Notifications








