എസ്‌യുവികളേക്കാൾ കച്ചോടമുള്ള സെഡാൻ, കഴിഞ്ഞ മാസം 16,996 പേർ വാങ്ങിയ 6.84 ലക്ഷത്തിന്റെ മാരുതി കാർ
എസ്‌യുവികളേക്കാൾ കച്ചോടമുള്ള ഒരു സെഡാൻ ഇന്നും ഇന്ത്യൻ വിപണിയിലുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും കണ്ണടച്ച് വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ് 2025 ഏപ്രിൽ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാറായതും ഈ കുഞ്ഞൻ സെഡാനാണ്. മറ്റേതുമല്ല സുഹൃത്തുക്കളേ അത് നമ്മുടെ സ്വന്തം മാരുതി സുസുക്കി ഡിസയറാണ് (Maruti Suzuki Dzire). കഴിഞ്ഞ മാസം ഹ്യുണ്ടായി ക്രെറ്റയ്ക്ക് (Hyundai Creta) പിന്നാലെ ഏറ്റവും കൂടുതൽ ആളുകളൾ വാങ്ങിയ കാറാണ് ആശാൻ. ഇക്കാര്യം മാരുതി ഇതുവരെ കൊട്ടിഘോഷിച്ചില്ലെന്ന് മാത്രം.
ചുമ്മാതല്ലല്ലോ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യ മാരുതി കാർ എന്ന ബഹുമതി ഡിസയർ സ്വന്തമാക്കിയത്. 2025 ഏപ്രിൽ മാസത്തിൽ 16,996 യൂണിറ്റുകളുടെ വിൽപ്പനയാണ് മാരുതി സുസുക്കിയുടെ കോംപാക്‌ട് സെഡാനെ തേടിയെത്തിയത്. കഴിഞ്ഞ 2024 ഏപ്രിലിൽ വിറ്റഴിച്ച 15,825 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ 7 ശതമാനത്തിന്റെ വിൽപ്പന വളർച്ചയും മോഡലിന് നേടിയെടുക്കാനായിട്ടുണ്ട്.

വളർന്നുവരുന്ന എസ്‌യുവി ട്രെൻഡിനിടയിലും ഇത്രയും ഉയർന്ന കണക്കുകൾ വാഹനത്തിന് കൈവരിക്കാനായത് എന്തായാലും കൈയടി അർഹിക്കുന്ന നേട്ടമാണ്. പുതിയ തലമുറയുടെ വരവ് ഡിയറിന്റെ വളർച്ചയിൽ വളരെയധികം സഹായിച്ചിട്ടുണ്ട്. സ്വകാര്യ, ടാക്സി വിപണിയിൽ ഒരുപോലെ സ്വീകാര്യതയുള്ളതും ഉയർന്ന വിൽപ്പന കൊണ്ടുവരുന്നതിൽ നിർണായകമായിട്ടുമുണ്ട്. ഒപ്പം കാറിന്റെ താങ്ങാനാവുന്ന വില, സേഫ്റ്റി, മോഡേൺ ഫീച്ചറുകൾ, ഒന്നാന്തരം യാത്രാ സുഖം, മൈലേജ് എന്നിവയും ആളുകൾക്ക് നന്നേ ബോധിച്ച കാര്യങ്ങളാണ്.
6.84 ലക്ഷം രൂപ മുതൽ 10.19 ലക്ഷം രൂപ വരെയാണ് നിലവിൽ മാരുതി സുസുക്കി ഡിസയറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റ് ലെവലുകളിൽ സെഡാൻ സ്വന്തമാക്കാനുമാവും. കാഴ്ച്ചയിൽ സ്വിഫ്റ്റുമായി സാമ്യം തോന്നാത്ത വിധത്തിലാണ് പുതുതലമുറയെ മാരുതി പണികഴിപ്പിച്ചിരിക്കുന്നത്. ഔഡിയുടെ ലക്ഷ്വറി സെഡാനുകളുമായി ചില സാമ്യതകളുണ്ടെന്ന് പറയുന്നവരുമുണ്ട് കേട്ടോ.

പക്ഷേ സ്വിഫ്റ്റിലെ അതേ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ ഡിസയറിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇതുകൂടാതെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റും സെഡാനുണ്ട്.
സിഎൻജിയിൽ ഓടുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും കിലോഗ്രാമിന് 33.73 കിലോമീറ്റർ മൈലേജ് വരെയാണ് കിട്ടുക. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ളതിനാൽ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ കാറിന് 25.71 കി.മീ ഇന്ധനക്ഷമത നൽകാനുമാവും. മോഡൺ ഫീച്ചറുകളാൽ സമ്പന്നമായ മാരുതി സുസുക്കി ഡിസയർ ഇന്റീരിയറിൽ ഒരു ആഡംബര കാർ ഫീൽ എല്ലാമാണ് സമ്മാനിക്കുക.

9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളെല്ലാം പുത്തൻ ഡിസയറിൽ മാരുതി സുസുക്കി കുത്തിനിറച്ചിട്ടുണ്ട്.
സേഫ്റ്റിയിലേക്ക് വന്നാൽ മുകളിൽ പറഞ്ഞതു പോലെ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന മാരുതിയുടെ ആദ്യ കാറാണ് പുത്തൻ ഡിസയർ. 6 എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയാണ് പുതിയ ഡിസയറിലെ സുരക്ഷാ ഫീച്ചറുകൾ. മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമാണ് കാറിൽ ലഭ്യമാവുക.

മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ ഡിസയർ 34 പോയിൻ്റിൽ 31.24 പോയിന്റും നേടാണ് ക്രാഷ് ടെസ്റ്റിൽ മികവ് കാട്ടിയത്. കുട്ടികളുടെ സേഫ്റ്റിയുടെ കാര്യത്തിൽ ഡിസയർ 42-ൽ 39.20 പോയിൻ്റ് നേടി. അങ്ങനെ മൊത്തത്തിൽ മാരുതി കാർ കിടിലമാണെന്ന് തെളിയിച്ചു. നിലവിൽ എല്ലാ കാറുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകി മാരുതി കൂടുതൽ മിടുക്കരായിട്ടുണ്ട്.


Click it and Unblock the Notifications








