5-സ്റ്റാർ സേഫ്റ്റി, വില 6.26 ലക്ഷം, 33 KM മൈലേജ്! മാരുതി സെഡാൻ്റെ കച്ചോടം കൂടുന്നതിൽ അസൂയപ്പെട്ട് എസ്യുവികൾ
ഇന്ത്യയിൽ എസ്യുവികളുടെ ആധിപത്യമാണ് കാണാനാവുന്നതെങ്കിലും അതിനിടയിൽ ഒരു സെഡാൻ മോഡലിൻ്റെ വിൽപ്പന കുതിച്ചുയരുന്ന കാഴ്ച്ചയ്ക്കും വാഹന വിപണി സാക്ഷ്യംവഹിക്കുകയാണ്. മറ്റേതുമല്ല, ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ മാരുതി സുസുക്കിയുടെ ആദ്യത്തെ കാറായ ഡിസയറാണ് ചൂടപ്പം പോലെ വിറ്റഴിഞ്ഞുകൊണ്ടിരിക്കുന്നത്. അസാമാന്യമായ കണക്കുകളാണ് കോംപാക്ട് സെഡാൻ ബ്രാൻഡിനായി സംഭാവന ചെയ്യുന്നത്. മിക്കമാസങ്ങളിലും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുള്ള ഡിസയർ 2025 നവംബറിൽ രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ടാറ്റ നെക്സോണിനേക്കാൾ വളരെ കുറച്ച് നമ്പറുകൾക്കാണ് മോഡലിന് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുന്നത്.
നവംബറിൽ 21,082 യൂണിറ്റുകൾ വിറ്റഴിച്ച കോംപാക്ട് സെഡാൻ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 79 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. പോയ വർഷം നവംബറിൽ മാരുതി ഡിസയറിൻ്റെ 11,779 യൂണിറ്റുകൾ മാത്രമായിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് വിറ്റഴിക്കാനായിരുന്നത്. വിൽപ്പനയിൽ ഇത്രയും വലിയ കുതിച്ചുചാട്ടമുണ്ടായത് മാരുതിക്ക് വലിയ നേട്ടം തന്നെയാണ്.

വളർന്നുവരുന്ന എസ്യുവി ട്രെൻഡിനിടയിലും തുടർച്ചയായി ഉയർന്ന വിൽപ്പന നേടാനാവുന്നത് എതിരാളികളെ വരെ ഞെട്ടിച്ചിക്കുന്നുണ്ട്. പുതുതലമുറ മോഡൽ എത്തിയതിന് ശേഷമാണ് കാറിന് ഇത്രയും ആവശ്യക്കാരുണ്ടായത്. പ്രൈവറ്റ്, ടാക്സി വിഭാഗത്തിൽ ഒരുപോലെയാണ് മാരുതിയുടെ കോംപാക്ട് സെഡാന് ഡിമാൻ്റുള്ളത്. യൂബർ, ഓല പോലുള്ള ക്യാബ് ആവശ്യങ്ങൾക്ക് ആളുകൾ കൂടുതൽ വാങ്ങുന്നത് ഡിസയറാണിപ്പോൾ.
താങ്ങാനാവുന്ന വില, സേഫ്റ്റി, മോഡേൺ ഫീച്ചറുകൾ, ഒന്നാന്തരം യാത്രാ സുഖം, മൈലേജ് എന്നിവ ഒന്നിച്ച് എത്തുമ്പോൾ മാരുതിയുടെ കുഞ്ഞൻ സെഡാൻ നല്ലൊരു ഫാമിലി കാറായി മാറുന്നുണ്ട്. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന മോഡലിന് നിലവിൽ 6.26 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മോഡൺ ഫീച്ചറുകളാൽ സമ്പന്നമായ മാരുതി സുസുക്കി ഡിസയർ ഇൻ്റീരിയറിൽ ഒരു ആഡംബര കാർ ഫീൽ ലഭിക്കുന്നുണ്ടെന്നതും പ്രത്യേകം പറയണം.

9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നീ ഫീച്ചറുകളെല്ലാം കുത്തിനിറച്ചുകൊണ്ടാണ് മാരുതി സുസുക്കി ഡിസയർ വാങ്ങാനാവുക. ഒപ്പം ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് കൂടിയാവുമ്പോൾ സംഗതി കളറാവും.
6 എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയാണ് പുതിയ ഡിസയറിൽ ഒരുക്കിയിരിക്കുന്ന സേഫ്റ്റി ഫീച്ചറുകൾ. പുതിയ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കോംപാക്ട് സെഡാൻ്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമായി ജോടിയാക്കി കാർ സ്വന്തമാക്കാനുമാവും.

ഇതുകൂടാതെ സിഎൻജി മോഡലും ഡിസയറിലുണ്ടെന്നത് മറ്റൊരു പ്ലസ് പോയിൻ്റാണ്. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും കിലോഗ്രാമിന് 33.73 കിലോമീറ്റർ മൈലേജാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ളതിനാൽ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ കാറിന് 25.71 കി.മീ ഇന്ധനക്ഷമത നൽകാനുമാവും. കൂടാതെ നിലവിൽ ഇയർ എൻഡ് ഓഫറുകളോടെയാണ് മോഡൽ വിറ്റഴിക്കുന്നത്.
ഡിസംബർ മാസത്തിൽ മാരുതി സുസുക്കി ഡിസയറിൻ്റെ എല്ലാ വേരിയൻ്റുകൾക്കും 10,000 രൂപയുടെ ഡിസ്കൌണ്ടും 2,500 രൂപയുടെ അധിക ആനുകൂല്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഓഫർ കൂടിയാവുമ്പോൾ വിൽപ്പനയുടെ വേഗം ഇനിയും ഉയർത്താനായേക്കും. നിലവിൽ സബ്-4 മീറ്റർ സെഡാൻ ശ്രേണിയിൽ ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ തുടങ്ങിയ മോഡലുകളോടാണ് ഡിസറിൻ്റെ പ്രധാന മത്സരം.


Click it and Unblock the Notifications








