15 ലക്ഷത്തിന് കിട്ടിയാൽ സെറ്റ്! 500 KM റേഞ്ചുള്ള മാരുതിയുടെ ആദ്യ ഇലക്‌ട്രിക് കാറിന്റെ വില അടുത്ത മാസം അറിയാം
ഇലക്‌ട്രിക് കാറുകളാൽ സമ്പന്നമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യൻ വാഹന വിപണിയിൽ. ടാറ്റ മോട്ടോർസും എംജി മോട്ടോറും തമ്മിൽ നിശബ്‌ദ വിപ്ലവം നടക്കുന്ന വിഭാഗത്തിലേക്ക് അടുത്തിടെ ഹ്യുണ്ടായി ക്രെറ്റ ഇവിയുമായി എത്തുകയുണ്ടായി. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം വൈദ്യുത വാഹനങ്ങളുമായി കളംനിറയുമ്പോൾ ഏവരും കാത്തിരിക്കുന്നത് മാരുതി സുസുക്കിയുടെ എൻട്രിക്കായിട്ടാണ്. ഏറെക്കാലം മുമ്പ് ഇവി പ്രചാരം നേടാൻ തുടങ്ങിയെങ്കിലും പലരും മടിച്ചുനിന്നിരുന്നതിന്റെ കാരണം മാരുതിയുടെ അഭാവമായിരുന്നു. ഞങ്ങടെ സ്വന്തം ബ്രാൻഡ് ഇങ്ങ് എത്തട്ടേയെന്ന് പറഞ്ഞുകാത്തിരുന്നവരെല്ലാം കാശുണ്ടാക്കിവെച്ചേോ. മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ മെയ് മാസം വിപണിയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജനുവരിയിൽ നടന്ന 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഇ വിറ്റാര ഇലക്‌ട്രിക് എസ്‌യുവിയാണ് മാരുതി സുസുക്കി ഇന്ത്യക്കായി കരുതിവെച്ചിരിക്കുന്നത്. ഈ മാസം അവസാനമോ 2025 മെയ് മാസത്തിലോ മാരുതി സുസുക്കി ഇ-വിറ്റാര പുറത്തിറക്കുമെന്നാണ് അനൗദ്യോഗിക വിവരം. ബ്രാൻഡിന്റെ പ്രീമിയം റീട്ടെയിൽ നെറ്റ്‌വർക്കായ നെക്‌സ വഴിയാവും ഇ വിറ്റാര വിപണനത്തിന് എത്തുക.

രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലും ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വേരിയൻ്റുകളിലും മാരുതിയുടെ ഇലക്ട്രിക് എസ്‌യുവി ലഭ്യമാകും. കൂടാതെ ലെവൽ 2 ADAS, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മറ്റ് ചില ഉയർന്ന ഫീച്ചറുകൾ എന്നിവ ലഭിക്കുന്ന മാരുതി സുസുക്കിയുടെ ആദ്യ മോഡൽ കൂടിയായിരിക്കുമിത്. കാറിൻ്റെ ഉത്പാദനം ഗുജറാത്തിലെ സുസുക്കിയുടെ ഇലക്ട്രിക് വാഹന നിർമാണ കേന്ദ്രത്തിലാവും നടക്കുക.
മാരുതി സുസുക്കിയുടെ ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹാർടെക്‌റ്റ്-ഇ പ്ലാറ്റ്‌ഫോമിലാണ് ഇ-വിറ്റാര പണികഴിപ്പിക്കുന്നത്. പെർഫോമൻസും എനർജി എഫിഷ്യൻസിയും മെച്ചപ്പെടുത്താനായി ഈ പ്ലാറ്റ്ഫോം ഭാരം കുറഞ്ഞതാക്കിയിട്ടുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, ട്രൈ-സ്ലാഷ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, മുൻവശത്തെ ചാർജിംഗ് പോർട്ടുകൾ, റിയർ വീൽ ആർച്ചുകൾ എന്നിവയെല്ലാമാണ് ഡിസൈൻ ഹൈലൈറ്റുകൾ.

18 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകളിലാവും മാരുതിയുടെ ഇലക്ട്രിക് എസ്‌യുവി നിരത്തിലെത്തിലേക്ക് ഓടിയെത്തുക. 4,275 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും 2,700 മില്ലീമീറ്റർ വീൽബേസും 180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് മാരുതി ഇ-വിറ്റാരയ്ക്കുള്ളതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാൽ എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും ഫീച്ചറുകളാൽ സമ്പന്നമായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മുകളിൽ പറഞ്ഞതുപോലെ ലെവൽ 2 ADAS, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, കൂടാതെ പനോരമിക് ഗ്ലാസ് റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, ആംബിയൻ്റ് ലൈറ്റിംഗ്, ഓട്ടോ ഡിമ്മിംഗ് IRVM, 360-ഡിഗ്രി, പവർ-അഡ്‌ജൂവിൽ ക്യാമറ, സറൗണ്ട് വ്യൂസ്റ്റേറ്റഡ് ക്യാമറ, സറൗണ്ട് വ്യൂസ്റ്റേറ്റഡ് സീറ്റുകൾ എന്നിവയുൾപ്പെടെയുള്ള ചില ഹൈ-എൻഡ് ഫീച്ചറുകൾ ലഭിക്കുന്ന ബ്രാൻഡിൻ്റെ ആദ്യ കാറായി മാരുതി സുസുക്കി ഇ വിറ്റാര മാറും.

വൺ-പീസ് ഡിസ്‌പ്ലേ, സെൻ്റർ കൺസോളിനുള്ള പുതിയ ഡിസൈൻ, വെർട്ടിക്കൽ എയർ വെൻ്റുകൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, രണ്ടാമത്തെ നിരയ്ക്കുള്ള റിക്ലൈൻ ഫംഗ്ഷൻ, ഏഴ് എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയും മാരുതി സുസുക്കിയുടെ ഇലക്‌ട്രിക് എസ്‌യുവിയെ കിടിലമാക്കും.
ഫ്രണ്ട് വീൽ ഡ്രൈവ് കോൺഫിഗറേഷനുമായാണ് മാരുതി സുസുക്കി ഇ വിറ്റാര എത്തുന്നത്. ബാറ്ററി പായ്ക്ക് ഓപ്ഷൻ വേരിയൻ്റുകളെ ആശ്രയിച്ചിരിക്കും. ഡെൽറ്റ വേരിയൻ്റിന് 48.8 kWh ബാറ്ററി ലഭിക്കുമ്പോൾ സീറ്റ, ആൽഫ വേരിയൻ്റുകൾക്ക് വലിയ 61.1 kWh പായ്ക്കാവും ലഭിക്കുക. മൂന്ന് വേരിയൻ്റുകളിലും 7 കിലോവാട്ട് എസി ചാർജിംഗും 70 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിംഗ് ശേഷിയുമുണ്ടാകും.

ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയിൽ നിന്നുള്ള ലിഥിയം അയൺ-ഫോസ്ഫേറ്റ് ബ്ലേഡ് സെല്ലുകളാണ് ഇ-വിറ്റാരയുടെ ബാറ്ററികൾ ഉപയോഗിക്കുന്നത്. കൃത്യമായ റേഞ്ച് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇ-വിറ്റാര ഫുൾ ചാർജിൽ ഏകദേശം 500 കിലോമീറ്റർ നൽകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ നെക്‌സോൺ ഇവി തുടങ്ങിയവയുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്ന മോഡലിന് 15 ലക്ഷം രൂപ പ്രാരംഭ വിലയിടുമെന്നാണ് അനുമാനം.


Click it and Unblock the Notifications








