45 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാം, മാരുതിയുടെ ആദ്യ ഇലക്‌ട്രിക് എസ്‌യുവിയുടെ വരവിന് തീയതിയായി
ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയെ ഹരം കൊള്ളിക്കാനായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വരുമെന്ന വാർത്ത കുറച്ചുനാളായി ഏവരും കേൾക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഇ വിറ്റാരയെ പരിചയപ്പെടുത്തി ഹൈപ്പുയർത്താനും ബ്രാൻഡിനായിരുന്നു. മാരുതി ഇലക്ട്രിക് കാർ പുറത്തിറക്കിയാൽ വാങ്ങാമെന്ന് കരുതിയിരിക്കുന്ന കുറെയാളുകൾ നമുക്കിടയിലുണ്ട്. അവരെല്ലാം ഇവിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്. എന്നാൽ മറനീക്കി മാരുതിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി 2025 സെപ്റ്റംബർ മൂന്നിന് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് ഓട്ടോഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. അവതരണത്തിന് മുന്നോടിയായി ഇ വിറ്റാരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും കമ്പനി ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു
ഉത്സവ സീസണിന് തൊട്ടുമുമ്പായി അവതരിപ്പിക്കുന്നതിനാൽ ആളുകെ കൂട്ടാൻ പ്രത്യേകിച്ച് കാരണം അന്വേഷിക്കുകയും വേണ്ടല്ലോ. മാരുതി സുസുക്കി ഇ-വിറ്റാരയുടെ റേഞ്ചും ചാർജിംഗ് വിശദാംശങ്ങളും പുറത്തുവിട്ടാണ് കമ്പനി ഹൈപ്പ് കേറ്റിവെച്ചിരിക്കുന്നത്. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന സുസുക്കി ഇ വിറ്റാര യുകെയിൽ ഇതിനകം വിപണനത്തിന് എത്തുന്നതിനാൽ ഇലക്ട്രിക് എസ്‌യുവിയുടെ ഇത്തരം കാര്യങ്ങൾ അറിയാവുന്നവരും ഇവിടെയുണ്ടാവും.

എങ്കിലും അറിയാത്തവർക്കായാണ് മാരുതി സുസുക്കി ഇക്കാര്യങ്ങൾ കൂടി പങ്കുവെച്ചിരിക്കുന്നത്. ഇ വിറ്റാര ഇവി പൂർണമായി ചാർജ് ചെയ്താൽ 426 കിലോമീറ്റർ (WLTP) വരെ റേഞ്ച് നൽകുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ചാർജിംഗിന്റെ കാര്യത്തിലും ആശങ്കകളൊന്നും വേണ്ട കേട്ടോ. DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാനിട്ടാൽ ബാറ്ററി പായ്ക്ക് വെറും 45 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയും.
യുകെ വിപണിയിൽ വിൽക്കുന്ന സുസുക്കി ഇ വിറ്റാര 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. ചെറിയ ബാറ്ററി പായ്ക്ക് സിംഗിൾ ചാർജിൽ 344 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 142 bhp പവറിൽ പരമാവധി 193 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന സിംഗിൾ ഫ്രണ്ട്-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് ഈ ബാറ്ററി പായ്ക്ക് വേരിയന്റുകൾ വരുന്നത്.

മാരുതി സുസുക്കി ഇ വിറ്റാരയിലെ 61 kWh ബാറ്ററി മോഡലുകൾ FWD, AWD ഓപ്ഷനുകളിൽ ലഭ്യമാണ്. FWD വേരിയന്റ് പൂർണ ചാർജിൽ 426 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് വിവരം. ഈ ബാറ്ററി പായ്ക്കിനൊപ്പം ജോടിയാക്കിയ ഇലക്ട്രിക് മോട്ടോർ 171 bhp പവറിൽ 193 Nm ടോർക്ക് വരെ നൽകാൻ യോഗ്യമാണ്. മറുവശത്ത് ഡ്യുവൽ ഇലക്ട്രിക് മോട്ടോറുമായി വരുന്ന ഇലക്ട്രിക് എസ്‌യുവി 181 bhp കരുത്തിൽ 307 Nm ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്.
ഈ വേരിയന്റിലെ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 395 കിലോമീറ്റർ വരെ മാത്രമാണ് റേഞ്ച് വാഗ്‌ദാനം ചെയ്യുക. അങ്ങനെ നോക്കുമ്പോൾ വിപണിയിലെ മറ്റ് എതിരാളികൾക്കെല്ലാം റേഞ്ച് കണക്കുകൾ കൂടുതലാണെന്നത് മാരുതി സുസുക്കി ആരാധകരെ ആശങ്കപ്പെടുത്തുന്ന കാര്യമായിരിക്കും. ബാറ്ററി പായ്ക്കുകളുടെ ചാർജിംഗ് സമയത്തെക്കുറിച്ച് പറയുകയാണെങ്കിൽ, 49 kWh ബാറ്ററി പായ്ക്കിന് 7 kW AC ചാർജർ ഉപയോഗിച്ച് 6.5 മണിക്കൂറിനുള്ളിൽ 10-100 ശതമാനം ചാർജ് ചെയ്യാൻ കഴിയും.

അതേസമയം 11 kW AC ചാർജർ 4.5 മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് ചെയ്യാം. 61 kWh ബാറ്ററി പായ്ക്കിന് സമയം യഥാക്രമം 9 മണിക്കൂറും 5.5 മണിക്കൂറുമായി വർധിക്കുമെന്ന് മാത്രം. DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് രണ്ട് ബാറ്ററി പായ്ക്കുകളും വെറും 45 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് ഹൈലൈറ്റ്. ആഗോള വിപണികളിൽ 10 വർഷത്തെ ബാറ്ററി വാറണ്ടിയോടെയാണ് സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്.
മിക്ക ഇലക്ട്രിക് വാഹന നിർമാതാക്കളും ബാറ്ററി പായ്ക്കുകൾക്ക് 8 വർഷത്തെ വാറണ്ടി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിലാണ് സുസുക്കിയുടെ നിർണയകമായ നീക്കം.മാരുതി സുസുക്കി ഇന്ത്യയിൽ 10 വർഷത്തെ ബാറ്ററി വാറണ്ടിയും നൽകുമോ എന്ന് കണ്ടറിയണം. ഇന്ത്യയിൽ മഹീന്ദ്രയും ടാറ്റയുമെല്ലാം ഇവികളുടെ ബാറ്ററി പായ്ക്കിൽ ആജീവനാന്ത വാറണ്ടി കൊടുക്കുന്ന സാഹചര്യത്തിൽ മാരുതിയുടെ ഈ നീക്കം വിജയം കാണുമോയെന്നത് പ്രവചിക്കാനാവില്ല.


Click it and Unblock the Notifications








