ഓമ്‌നിയേക്കാൾ നല്ലതാണെന്നതിന് തെളിവ്, 12 ലക്ഷത്തിലധികം ആളുകൾ വാങ്ങിയ മാരുതി കാറായി ഈക്കോ
ഇന്ത്യക്കാർക്ക് യാതൊരു ആമുഖവും ആവശ്യമില്ലാത്ത കാറായിരുന്നു ഓമ്‌നി (Omini). നിരത്തുകൾ ഒഴിഞ്ഞിട്ട് കാലങ്ങളായെങ്കിലും അന്നും ഇന്നും ഈ വാനിന് രാജ്യത്തുള്ള ഫാൻബേസിലൊന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് വേണം പറയാൻ. പല ആവശ്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാനാവുന്ന മൾട്ടി പർപ്പസ് വാഹനം (Multi Purpose Vehicle) എന്ന നിലയിൽ ഓമ്‌നിക്ക് പകരക്കാരൻ ഉണ്ടാവില്ലെന്നാണ് പലരും കരുതിയിരുന്നത്. പക്ഷേ മാരുതി സുസുക്കി (Maruti Suzuki) നിരയിൽ നിന്നും ഓമ്‌നി കളമൊഴിഞ്ഞതോടെ പകരക്കാരന്റെ വേഷത്തിലെത്തിൽ കമ്പനി നിയോഗിച്ചത് ഈക്കോയെന്ന (Eeco) വാൻ മോഡലിനെയായിരുന്നു.
ഓമ്‌നിയുടെ പകരക്കാരനാവാൻ ഈക്കോയ്ക്ക് സാധിക്കില്ലെന്നായിരുന്നു പലരും കരുതിയിരുന്നത്. പക്ഷേ സംശയങ്ങളെയെല്ലാം കാറ്റിൽപ്പറത്തി വൻ ഹിറ്റായി മാറുകയായിരുന്നു ഈ വാൻ മോഡൽ. 5, 6, 7 സീറ്റർ ഫോർമാറ്റുകളിൽ വാങ്ങാനാവുന്ന മാരുതിയുടെ ഒരേയൊരു വണ്ടിയായതിനാൽ തന്നെ വ്യത്യസ്‌ത ഉപയോഗങ്ങളുള്ള ആളുകളെല്ലാം ഇവനെ സ്വന്തമാക്കാനെത്തി. ആംബുലന്‍സ്, പാസഞ്ചര്‍ വാന്‍, കാര്‍ഗോ വാന്‍ തുടങ്ങി പല ഭാവങ്ങളില്‍ നിരത്തുകളില്‍ വിസ്‌മയം തീർത്ത് ഇപ്പോഴും കുതിക്കുകയാണ് ഈക്കോ.

2010 മുതല്‍ വിപണിയിലിലുള്ള മാരുതി ഈക്കോ ഇപ്പോഴിതാ വിപണിയിൽ 15 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. തുടക്കകാലത്ത് ഓമ്നിയുടെ പകരക്കാരനായി പലരും അംഗീകരിച്ചിരുന്നില്ലെങ്കിലും പിന്നീട് ആളുടെ യഥാർഥ പ്രായോഗികത മനസിലാക്കിയ ഇന്ത്യക്കാർ ഈക്കോയുടെ പിന്നാലെ കൂടി. പോയ 15 വർഷക്കാലം കൊണ്ട് 12 ലക്ഷത്തിലധികം ആളുകൾ വാങ്ങിയ കാർ എന്ന പൊൻതൂവലും കക്ഷിക്ക് സ്വന്തമാക്കാനായി.
5-സീറ്റർ, 7-സീറ്റർ, കാർഗോ, ടൂർ, ആംബുലൻസ് കോൺഫിഗറേഷനുകൾ ഉൾപ്പെടെ 13 വ്യത്യസ്ത വകഭേദങ്ങളിലാണ് ഈക്കോ വിപണിയിൽ എത്തുന്നത്. വ്യക്തിഗതമോ വാണിജ്യപരമോ ആയ ആവശ്യങ്ങൾക്കായാലും വൈവിധ്യമാർന്ന ആവശ്യകതകൾ നിറവേറ്റാൻ വാൻ ആളുകളെ സഹായിക്കുന്നുണ്ട്. കടയുള്ളവരുടെയൊക്കെ വീടിന്റെ മുറ്റത്ത് ഈക്കോ കിടക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

1.2 ലിറ്റർ K-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് മാരുതി ഈക്കോയുടെ ഹൃദയം. ഒപ്പം കൂടുതൽ മൈലേജ് വേണ്ടവർക്ക് സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനും തെരഞ്ഞെടുക്കാനാവും. മൊത്തം വിൽപ്പനയുടെ 57 ശതമാനം പെട്രോൾ വേരിയന്റുകളാണ് കൊണ്ടുവരുന്നതെങ്കിൽ ബാക്കി 43 ശതമാനം സംഭാവനയും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകളിൽ നിന്നുമാണ് വരുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മാരുതി സുസുക്കി ഈക്കോയിലെ 1200 സിസി, കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ 6,000 ആർപിഎമ്മിൽ ഏകദേശം 79.5 bhp പവറും 3,000 ആർപിഎമ്മിൽ 104.4 Nm പീക്ക് ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സിഎൻജിയിലേക്ക് മാറുമ്പോൾ പവർ കണക്കുകൾ 71.65 bhp കരുത്തിൽ 95 Nm torque ആയി മാറും.

5 സ്പീഡ് ഗിയർബോക്‌സുമായാണ് ഈക്കോയുടെ പെട്രോൾ, സിഎൻജി മോഡലുകൾ ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക്കൊന്നും വാനിൽ വാഗ്‌ദാനം ചെയ്യുന്നില്ലെന്ന് സാരം. ടൂർ വേരിയന്റിന് ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 20.20 കിലോമീറ്ററും പെട്രോൾ പതിപ്പിന് 27.05 കിലോമീറ്ററുമാണെന്നും മാരുതി അവകാശപ്പെടുന്നത്. അതേസമയം പാസഞ്ചർ വേരിയന്റ് പെട്രോൾ, സിഎൻജി എന്നിവയോടൊപ്പം യഥാക്രമം 19.71 കിലോമീറ്റർ, 26.78 കിലോമീറ്റർ മൈലേജും വാഗ്‌ദാനം ചെയ്യുന്നു.
സേഫ്റ്റിയിലും ആള് മോശക്കാരനല്ല കേട്ടോ, ഡ്രൈവർ സൈഡ് എയർബാഗ്, ഇബിഡി സഹിതമുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ഡ്രൈവർക്കും കോ-ഡ്രൈവർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഹൈ-സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയുൾപ്പെടെ ചില സുരക്ഷാ ഉപകരണങ്ങളും മാരുതി തങ്ങളുടെ ഈക്കോ മൈക്രോവാനിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ വിഭാഗത്തിലെ കിരീടം വയ്ക്കാത്ത രാജാവ് തന്നെയാണ് ഇക്കോ എന്ന് പറയുന്നതാവും ഉചിതം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








