ഓരോ മാസവും വാങ്ങുന്നത് പതിനായിരങ്ങൾ, 5.70 ലക്ഷത്തിന്റെ 7-സീറ്ററിലൂടെ പണംവാരി മാരുതി! വണ്ടി എർട്ടിഗയല്ല
മാരുതി വാൻ എന്നറിയപ്പെടുന്ന ഒമ്‌നി നമ്മുടെ രാജ്യത്ത് തീർത്ത ഓളം എത്രത്തോളമുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിർത്തലാക്കിയിട്ട് ഏറെക്കാലമായെങ്കിലും പലർക്കും ഈയൊരു വണ്ടിയുടെ പേര് കേട്ടാൽ തന്നെ നൊസ്റ്റാൾജിയ വരും. ഒമ്‌നിയുടെ പകരക്കാരനായി എത്തിയ ഈക്കോ (Maruti Suzuki Eeco) ഇന്ന് വലിയ തരംഗമാണ് ഇന്ത്യയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മാസവും പതിനായിരക്കണക്കിന് ആളുകൾ സ്വന്തമാക്കുന്ന ഈ മോഡൽ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7-സീറ്റർ കൂടിയാണ് കേട്ടോ. ജനപ്രിയനാണെങ്കിലും 7-സീറ്റർ എന്ന സങ്കൽപ്പത്തിൽ പലരും ഇവനെ കൂട്ടിയിട്ടില്ലെന്നതാണ് സത്യം.
നല്ലൊരു ഫാമിലി കാറായി വാങ്ങിക്കാമെങ്കിലും പലരും വാണിജ്യ ആവശ്യങ്ങൾക്കായാണ് ഈക്കോ കൂടുതലും വാങ്ങുന്നത്. നമ്മുടെ നാട്ടിൽ കടയൊക്കെ നടത്തുന്നവരുടെ പോർച്ചിൽ ഈക്കോയുടെ സാന്നിധ്യം കാണാം. കഴിഞ്ഞ മാസം, അതായത് 2025 ഓഗസ്റ്റിൽ മാരുതി വാൻ സ്വന്തമാക്കാനെത്തിയത് 10,000-ത്തിലധികം ആളുകളാണ്. കഴിഞ്ഞ 31 ദിവസത്തിൽ ഈക്കോയുടെ 10,785 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്.

കൃത്യം ഒരു വർഷം മുമ്പ് അതായത് 2024 ഓഗസ്റ്റിൽ ഈക്കോയുടെ വിൽപ്പന 10,985 യൂണിറ്റായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ ചില വ്യത്യാസം മാത്രമേ കാണാനുള്ളൂ. എന്തായാലും ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിയപ്പെടുന്ന മോഡലുകളിൽ ഒന്നായി ഈക്കോ വിലസാൻ തുടങ്ങിയിട്ട് കാലംകുറച്ചായി.
തുടക്കത്തിൽ വലിയ സ്വീകാര്യത ലഭിച്ചില്ലായിരുന്നുവെങ്കിലും പിന്നീട് പതിയെ ക്ലച്ചുപിടിച്ച ഈക്കോ നിലവിൽ അർഹിച്ച പരിഗണന തന്നെ നേടിയെടുക്കുന്നുണ്ട്. 5, 6, 7 സീറ്റർ ഫോർമാറ്റുകളിൽ ഈ യൂട്ടിലിറ്റി വാൻ വാങ്ങാനാവുമായിരുന്നുവെങ്കിലും ഈയടുത്ത് സെവൻ സീറ്റർ വേരിയന്റ് നിർത്തി പകരം പുതിയ 6-സീറ്റർ പതിപ്പിൽ ഈക്കോയെ കമ്പനി വിപണിയിൽ കൊണ്ടുവന്നിരുന്നു.

പ്രായോഗികത ഉയർത്താനും നല്ല യാത്രാ സുഖം നൽകാനുമായി രണ്ടാംവരിയിലെ ബെഞ്ച് സീറ്റ് ക്രമീകരണം ഒഴിവാക്കി പകരം ക്യാപ്റ്റൻ സീറ്റുകൾ സമ്മാനിച്ചാണ് മാരുതി സുസുക്കി ഈക്കോയെ 6-സീറ്ററാക്കി മാറ്റിയത്. 5.70 ലക്ഷം രൂപ മുതൽ 6.95 ലക്ഷം രൂപ വരെയാണ് ഈക്കോയ്ക്ക് വരുന്ന എക്സ്ഷോറൂം വില. അടുത്തിടെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ഒരുക്കി മാരുതി ഈക്കോയെ പരിഷ്ക്കരിച്ചിരുന്നു.
6 എയർബാഗുകൾക്ക് പുറമേ എല്ലാ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, മുൻ സീറ്റുകളിൽ സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഫോഴ്‌സ് ലിമിറ്ററുകൾ, ആന്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, ഫ്രണ്ട് സീറ്റുകൾക്കായി സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, എഞ്ചിൻ ഇമ്മൊബിലൈസർ, ഡോറുകൾക്കുള്ള ചൈൽഡ് ലോക്ക്, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ ഫീച്ചറുകളും മാരുതിയുടെ വാൻ മോഡലായ ഈക്കോയിൽ ഇപ്പോൾ ലഭ്യമാണ്.

പുതിയ സ്റ്റിയറിംഗ് വീലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വരെ പുതിയ മോഡലിനൊപ്പം ലഭിക്കും. മാരുതി ഇക്കോയിൽ 1.2 ലിറ്റർ K-സീരീസ് ഡ്യുവൽ-ജെറ്റ് വിവിടി പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80.76 bhp കരുത്തും 104 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും കാറിലുണ്ട്.
ഈക്കോ പെട്രോൾ മോഡിൽ 19.71 കിലോമീറ്ററും സിഎൻജി മോഡിൽ 26.78 കിലോമീറ്ററും മൈലേജ് നൽകുന്നുവെന്നാണ് മാരുതി സുസുക്കി പറയുന്നത്. ഈക്കോ 5 കളർ ഓപ്ഷനുകളിലും 13 വേരിയന്റുകളിലും ലഭ്യമാണ്. 5.70 ലക്ഷം മുതൽ 6.96 ലക്ഷം രൂപ വരെയാണ് വാനിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. എന്തായാലും എല്ലാത്തിനും അനുയോജ്യമായ തരത്തിലുള്ള കാറുകൾ നോക്കുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് ഈക്കോ.


Click it and Unblock the Notifications








