ഇനി 8.80 ലക്ഷത്തിന് വാങ്ങാം ഈ 7-സീറ്റർ, എർട്ടിഗയുടെ പുതിയ വില കേട്ടാൽ ഷോറൂമിലേക്ക് ഓടാൻ തോന്നും
സെവൻ സീറ്റർ വാഹനങ്ങൾ വാങ്ങാനിരിക്കുന്നവരിൽ പലരും മനസിൽ കണ്ടിരിക്കുന്നൊരു മോഡലായിരിക്കും മാരുതി സുസുക്കി എർട്ടിഗ (Maruti Suzuki Ertiga). രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ കൂടിയാണിതെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടാവും. വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ പോലുള്ള ചെറിയ കാറുകൾ ഇവിടെയുള്ളപ്പോൾ എങ്ങനെയാണ് ഇത്രയും വലിയൊരു വണ്ടി ചൂടപ്പം പോലെ വിറ്റഴിയുന്നതെന്നാവും പലർക്കും സംശയം. താരതമ്യേന കുറഞ്ഞ വിലയും ഇന്റീരിയറിലെ സൌകര്യങ്ങളും 7 പേർക്ക് പോവാനാവുന്ന പ്രായോഗികതയും തന്നെയാണ് എർട്ടിഗയെ ടോപ്പ് സെല്ലറാക്കുന്നത്.
പുതിയ ജിഎസ്ടി പരിഷ്ക്കാരങ്ങൾ കാരണം ഇപ്പോൾ മാരുതി സുസുക്കിയുടെ 7-സീറ്റർ എംപിവിയുടെ വില വീണ്ടും കുറഞ്ഞിരിക്കുകയാണെന്ന് കേട്ടാൽ ജനം വീണ്ടും ഷോറൂമുകളിലേക്ക് തള്ളിക്കയറും. എർട്ടിഗയുടെ പുതിയ വേരിയന്റ് തിരിച്ചുള്ള വിലവിവരങ്ങൾ എങ്ങനെയാണെന്ന് പറഞ്ഞുതരാം. നല്ലൊരു ഫാമിലി കാർ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഏറ്റവും നല്ല സമയം ഇതുതന്നെയാണ്.

ജിഎസ്ടി 2.0 പരിഷ്ക്കാരങ്ങൾക്ക് ശേഷം എർട്ടിഗയുടെ ബേസ് LXI മാനുവലിന് 8.80 ലക്ഷം രൂപ മാത്രം നൽകിയാൽ മതിയാവും. മുമ്പുണ്ടായിരുന്ന 9,11,500 രൂപയിൽ നിന്ന് 30,500 രൂപയോളമാണ് എംപിവിക്ക് വില കുറഞ്ഞിരിക്കുന്നത്. ഇനി VXI മാനുവലാണെങ്കിൽ 9,85,300 രൂപ കൊടുത്താൽ വീട്ടിലെത്തിക്കാനാവും. മുമ്പത്തെ 10,20,500 രൂപയിൽ നിന്ന് 35,200 രൂപയോളം കുറഞ്ഞുവെന്ന് സാരം.
ഇനി കുറച്ചുകൂടി ഫീച്ചറുകളുള്ള ZXI മാനുവൽ വേരിയന്റ് നോക്കുന്നവരാണെങ്കിൽ ഇനി 10,91,500 രൂപ മുടക്കിയാൽ മതിയാവും കേട്ടോ. പഴയ 11,30,500 രൂപയിൽ നിന്നും 39,000 രൂപയാണ് മോഡലിന് കുറവ് സംഭവിച്ചിരിക്കുന്നത്. മാനുവൽ വേണ്ട എർട്ടിഗയുടെ ഓട്ടോമാറ്റിക് മതിയെന്നുള്ളവർക്കും സന്തോഷിക്കാനുള്ള വകയുണ്ട്. എംപിവിയുടെ VXI ഓട്ടോമാറ്റിക്കിന് മുമ്പ് 11,60,500 രൂപയായിരുന്നു മുടക്കേണ്ടി വന്നിരുന്നത്.

എന്നാൽ ജിഎസ്ടി കുറച്ചതോടെ വേരിയന്റിന്റെ വില 11,20,300 രൂപയായി കുറഞ്ഞിട്ടുണ്ട്. മാരുതി സുസുക്കി എർട്ടിഗയുടെ ZXI ഓട്ടോമാറ്റിക്കിന്റെ വിലയിൽ 44,000 രൂപയുടെ കുറവ് സംഭവിച്ചിട്ടുണ്ട് കേട്ടോ. ഇതുകാരണം 12,26,500 രൂപയുണ്ടേൽ മോഡൽ സ്വന്തമാക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. ZXI പ്ലസ് ഓട്ടോമാറ്റിക്കാണ് വേണ്ടതെങ്കിൽ ഇനി മുതൽ 12,94,100 രൂപ മാത്രം കൊടുത്താൽ മതിയാവും.
സിഎൻജിയിലേക്ക് വരികയാണെങ്കിൽ 11,15,500 രൂപയായിരുന്ന VXI വേരിയന്റിന്റെ പുതുക്കിയ വില 10,76,300 രൂപയാണ്. എന്നാൽ ZXI സിഎൻജി 11,82,500 രൂപ മുടക്കിയാൽ വീട്ടിലെത്തിക്കാനാവും. മൈലേജ് കൊതിയൻമാർക്ക് കണ്ണുംപൂട്ടിയിനി കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്ന എർട്ടിഗ വീട്ടിലെത്തിക്കാനാവും. വില മാറിയെങ്കിലും എംപിവിയിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല.

അടുത്തിടെ 2025 മോഡൽ ഇയർ അപ്‌ഡേറ്റോടെ പുതിയ മാരുതി സുസുക്കി എർട്ടിഗ വിപണിയിൽ എത്തിയിരുന്നു. പുതിയ റൂഫ് സ്‌പോയിലർ ഒഴിക എർട്ടിഗയുടെ എക്സ്റ്റീരിയറിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ ഇന്റീരിയറിന്റെ കാര്യം വരുമ്പോൾ സന്തോഷിക്കാൻ ചില കാരണങ്ങളുണ്ട് കേട്ടോ. മുൻവശത്തെ പാസഞ്ചർ ആംറെസ്റ്റിന്റെ പിന്നിലുള്ള എസി വെന്റുകൾ രണ്ടാം നിരയിലെ റൂഫ്-മൗണ്ടഡ് ബ്ലോവർ യൂണിറ്റിന് പകരമായി നൽകിയിട്ടുണ്ട് ഇപ്പോൾ.
എസി ഓൺ/ഓഫ് സ്വിച്ച് ഡാഷ്‌ബോർഡിന്റെ വലതുവശത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ ഡ്രൈവർക്ക് മാത്രമേ ഇനി മുതൽ നിയന്ത്രിക്കാൻ കഴിയൂ. ഇവിടെ ഇരിക്കുന്ന യാത്രക്കാർക്ക് അവരുടെ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ 2 പുതിയ ടൈപ്പ് സി ചാർജിംഗ് പോർട്ടുകളും ഉപയോഗിക്കാം. സെന്റർ സീറ്റിലിരിക്കുന്നവർക്കായി മാരുതി സുസുക്കി ഒരു ഹെഡ്‌റെസ്റ്റും പുതിയ എർട്ടിഗയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം നിരയെ സംബന്ധിച്ചിടത്തോളം, രണ്ട് വെന്റുകളും ഡ്യുവൽ ടൈപ്പ് സി ചാർജിംഗ് പോർട്ടുകളും ചേർത്തിട്ടുണ്ട്. ഇതൊക്കെയാണ് പുതിയ അപ്ഡേറ്റിന്റെ ഭാഗമായി മാരുതി സുസുക്കി എംപിവിയുടെ ഭാഗമായി വന്നിരിക്കുന്ന പരിഷ്ക്കാരങ്ങൾ. അതേസമയം മെക്കാനിക്കൽ വശങ്ങളിൽ എർട്ടിഗയ്ക്ക് മാറ്റങ്ങളൊന്നും സമ്മാനിച്ചിട്ടില്ലെന്ന് വേണം പറയാൻ. 1.5 പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിൽ വാഹനം തുടർന്നും വാഹനം തെരഞ്ഞെടുക്കാനാവും.


Click it and Unblock the Notifications








