സ്പേസ് ഇല്ലെന്ന് പറയല്ലേ, ഇനി ഇഷ്‌ടംപോലെ ലഗേജ് കയറ്റാം... എർട്ടിഗയുടെ നീളം കൂട്ടാൻ മാരുതി; പണിയുന്നത് ഇങ്ങനെ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന 7-സീറ്റർ വാഹനമാണ് മാരുതി സുസുക്കി എർട്ടിഗ. സാക്ഷാൽ ടൊയോട്ട ഇന്നോവയേക്കാളും ജനസമ്മതനാണെന്ന് പറഞ്ഞാൽ പലരും വിശ്വസിച്ചേക്കില്ല. അവർക്ക് മുന്നിലേക്ക് എർട്ടിഗയുടെ ഓരോ മാസത്തേയും വിൽപ്പന കണക്കുകൾ കാണിച്ചുകൊടുത്താൽ പിന്നെ മിണ്ടില്ല. 15,000 യൂണിറ്റുകൾക്ക് മുകളിലാണ് പലമാസവും ഈ ഫാമിലി കാർ വിറ്റഴിയുന്നത്. നല്ല റീസെയിൽ വാല്യു, കുറഞ്ഞ മെയിന്റനെൻസ്, കിടു മൈലേജ്, ആവശ്യത്തിലധികം സ്പേസ്, പ്രായോഗികത എന്നിങ്ങനെ എർട്ടിഗ തെരഞ്ഞെടുക്കാൻ കാരണങ്ങളും നിരവധിയാണ്. പക്ഷേ 7 പേരടങ്ങുന്ന ഫാമിലിയോ ഫ്രണ്ട്‌സോ ഒരു ലോംഗ് ട്രിപ്പ് പോണമെന്നി വിചാരിച്ചാൽ ലഗേജ് സ്പേസ് അൽപം കുറവായിരിക്കും.
ഇതിൽ പലരും വിട്ടുവീഴ്ച്ച ചെയ്‌തിരുന്നുവെങ്കിൽ ഇനിയത് വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ഇതിനുള്ള പരിഹാരം കണ്ടെത്തിയതായാണ് കമ്പനി പറയുന്നത്. എങ്ങനെയാണെന്നല്ലേ, എർട്ടിഗയുടെ വലിപ്പം നീട്ടാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ എന്നാണ് വിവരം. എംപിവിയുടെ നീളം 4.39 മീറ്ററിൽ നിന്ന് 4.43 മീറ്ററായി ഉയർത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ 2.74 മീറ്റർ വീൽബേസിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് മാരുതി സുസുക്കി അറിയിക്കുന്നത്. അതായത് അടിസ്ഥാനപരമായി എർട്ടിഗയുടെ ബൂട്ട് സ്പേസ് വർധിപ്പിക്കുകയെന്നതാണ് കമ്പനിയുടെ ഉദ്ദേശം. പ്രൈവറ്റായി വാങ്ങുന്ന സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ എർട്ടിഗയുടെ ടൂർ M കൊമേഴ്‌സ്യൽ പതിപ്പിന് ഇതിനകം തന്നെ അൽപം വലിപ്പം കൂടുതലാണ്. നീളം സ്റ്റാൻഡേർഡ് ചെയ്യാനുള്ള നീക്കം അനിവാര്യമാണെന്ന് തോന്നിയതിനാൽ അധികം നവീകരണം കൊണ്ടുവന്നേക്കും.
മാരുതി അടുത്തിടെ എർട്ടിഗ ശ്രേണിയിലേക്ക് ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി കൊടുത്തിട്ടുണ്ട്. 6 സ്റ്റാൻഡേർഡ് എയർബാഗുകൾ കണക്കിലെടുത്ത് രണ്ടാമത്തെ നിരയിൽ റീപോസിഷൻ ചെയ്ത എസി വെന്റുകളും ജനപ്രിയന് ലഭിച്ചിട്ടുണ്ട്. അതായത് മുൻവശത്തെ പാസഞ്ചർ ആംറെസ്റ്റിന്റെ പിന്നിലുള്ള എസി വെന്റുകൾ രണ്ടാം നിരയിലെ റൂഫ്-മൗണ്ടഡ് ബ്ലോവർ യൂണിറ്റായാണ് നവീകരിച്ചിരിക്കുന്നത്.

എസി ഓൺ/ഓഫ് സ്വിച്ച് ഡാഷ്‌ബോർഡിന്റെ വലതുവശത്താണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. ഇബിഡി സഹിതമുള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകൾ കുത്തിനിറച്ചാണ് എർട്ടിഗ വിപണിയിലെത്തുന്നത്. 9.11 ലക്ഷം രൂപയിൽ മുതൽ 13.40 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കിയുടെ എംപിവിക്ക് വരുന്ന എക്സ്ഷോറൂം വില.
പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാണ് എർട്ടിഗ വിപണനത്തിന് എത്തുന്നത്. ഇതിൽ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. എംപിവിയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

സിഎന്‍ജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് 87 bhp പവറിൽ 121.5 Nm ടോര്‍ക്കായി കുറയുമെങ്കിലും മൈലേജാണ് ഹൈലൈറ്റ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ മാരുതി എർട്ടിഗയ്ക്ക് ലിറ്ററിന് 26.11 കിലോമീറ്റർ മൈലേജ് വരെ നൽകാനാവുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഇതിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.
ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ സെഗ്മെന്റിലെ ഫീച്ചർറിച്ചായ കിയ കാരെൻസ് പോലുള്ള എതിരാളികളോട് പിടിച്ചുനിൽക്കാൻ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, മെറ്റാലിക് തേക്ക് വുഡ് ഡാഷ്‌ബോർഡ് ഫിനിഷ്, വൺ-ടച്ച് റിക്‌ലൈൻ, സ്ലൈഡ് മെക്കാനിസം തുടങ്ങിയ സംവിധാനങ്ങളെല്ലാം എർട്ടിഗയിൽ മാരുതി വാഗ്‌ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








