ഫുൾ ഫാമിലി കയറും, വില കുറയുമെന്ന് അറിഞ്ഞിട്ടും പോയമാസം മാരുതിയുടെ 7-സീറ്റർ എംപിവി വാങ്ങിയത് 18,445 പേർ
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന മോഡൽ പണ്ട് ഏതെങ്കിലും ചെറുകാറുകളായിരുന്നുവെങ്കിൽ ഇന്ന് ചിത്രം ആകെ മാറിയിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഡിസയർ, മാരുതി വാഗൺആർ, ടാറ്റ പഞ്ച്, മാരുതി ഫ്രോങ്ക്‌സ് അങ്ങനെ നിരവധി മോഡലുകൾ ഈയടുത്ത കാലത്ത് ഒന്നാം സ്ഥാനത്തിന് അർഹമായിരുന്നു. എന്നാൽ കുറച്ച് മാസമായി മാരുതിയിൽ നിന്നും ഒന്നാം സ്ഥാനം അടിച്ചെടുത്ത് ക്രെറ്റ മാസ് കാണിച്ചിരുന്നു. എന്നാൽ ജൂലൈയിൽ ഡിസയർ ഒന്നാമനായി ഏവരേയും ഞെട്ടിച്ചു. ഇപ്പോഴിതാ ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടത് ഒരു 7-സീറ്റർ എംപിവി വാഹനമാണ്.
അതേ മാരുതി സുസുക്കിയുടെ ശക്തനായ എർട്ടിഗയാണ് പോയമാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ വാഹനം. പുതിയൊരു സെവൻ സീറ്റർ ഫാമിലി കാർ വാങ്ങണമെന്ന് തീരുമാനിച്ചാൽ എല്ലാവരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരായിരിക്കും മാരുതി സുസുക്കി എർട്ടിഗയുടേത്. താരതമ്യേന കുറഞ്ഞ വിലയും ഇന്റീരിയറിലെ സൌകര്യങ്ങളും 7 പേർക്ക് പോവാനാവുന്ന പ്രായോഗികതയും മോഡലിനെ വേറിട്ട് നിർത്തുന്ന കാര്യങ്ങളാണ്.

അതോടൊപ്പം നല്ല മൈലേജ്, കുറഞ്ഞ മെയിന്റനെൻസ്, മാരുതിയുടെ വിശ്വാസം, എല്ലായിടത്തും സർവീസ് സെന്ററുകൾ തുടങ്ങിയ നിരവധി ഘടകങ്ങളും എർട്ടിഗയിലേക്ക് ആളുകളെ അടുപ്പിക്കുന്ന സംഗതികളാണ്. 2025 ഓഗസ്റ്റ് മാസത്തിൽ എംപിവിയുടെ 18,445 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. പോയ വർഷം ഇതേ സമയത്തെ 18,580 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തിയാൽ വെറും ഒരു ശതമാനത്തിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട് എർട്ടിഗയുടെ വിൽപ്പനയിൽ.
നിസാരമായ കാര്യമായതിനാൽ ഉത്സവ സീസണിൽ ഈ ചെറിയ നഷ്ടം മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കി. ഒപ്പം പുതിയ ജിഎസ്ടി നിരക്കുകൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയതോടെ വാഹനത്തിന്റെ വിലയും കാര്യമായി കുറയും. വിലക്കുറവിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്.

എർട്ടിഗയ്ക്ക് 35,000 രൂപയോളം വിലക്കുറവ് ലഭിക്കുമെന്നാണ് അനുമാനം. നിലവിൽ 9.11 ലക്ഷം രൂപ മുതൽ 13.40 ലക്ഷം വരെയാണ് മാരുതിയുടെ മൾട്ടി പർപ്പസ് വാഹനത്തിന് വരുന്ന എക്സ്ഷോറൂം വില. വില കുറയുമെങ്കിലും മോഡലിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും ബ്രാൻഡ് നൽകിയിട്ടില്ല.പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിൽ വാഹനം തുടർന്നും വാഹനം തെരഞ്ഞെടുക്കാനാവും.
1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിൽ ആദ്യത്തേത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. എംപിവിയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

സിഎന്‍ജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് 87 bhp പവറിൽ 121.5 Nm ടോര്‍ക്കായി കുറയുമെങ്കിലും മൈലേജാണ് ഹൈലൈറ്റ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ മാരുതി എർട്ടിഗയ്ക്ക് ലിറ്ററിന് 26.11 കിലോമീറ്റർ മൈലേജ് വരെ നൽകാനാവും. ഇതിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. സേഫ്റ്റിയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയൊന്നും ആശാൻ വരുത്തിയിട്ടില്ല.
അടുത്തിടെ 6 എയർബാഗുകൾ ഉപയോഗിച്ച് എർട്ടിഗയ്ക്ക് മാരുതി സുസുക്കി പരിഷ്ക്കരിച്ചിരുന്നു. ഇതുകൂടാതെ ഇബിഡി സഹിതമുള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സെവൻ സീറ്റർ എംപിവിയിൽ ഒരുക്കിയിട്ടുണ്ട്. ആൾട്ടോ K10, സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ ബ്രെസ തുടങ്ങിയ കാറുകൾക്ക് പിന്നാലെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുന്ന ഏറ്റവും പുതിയ മാരുതി മോഡലാണ് എർട്ടിഗ.


Click it and Unblock the Notifications








